»   » ബ്ലെസി ചിത്രത്തില്‍ ലാലിന്റെ നായികയായി ഭൂമിക

ബ്ലെസി ചിത്രത്തില്‍ ലാലിന്റെ നായികയായി ഭൂമിക

Posted By:
Subscribe to Filmibeat Malayalam
Bhumika
2009ലെ മോഹന്‍ലാലിന്റെ മികച്ച സിനിമകളിലൊന്നാകുമെന്ന്‌ കരുതപ്പെടുന്ന ബ്ലെസി ചിത്രത്തിന്റെ ഷൂട്ടിംഗ്‌ തുടങ്ങുന്നു. മറ്റുള്ള സിനിമകളുടെ തിരക്കുകള്‍ മാറ്റിവെച്ച്‌ ബ്ലെസി ചിത്രത്തിന്‌ മുന്‍ഗണന നല്‌കാനാണ്‌ ലാലിന്റെ തീരുമാനം.അഭിനയ ജീവിതത്തില്‍ ഏറെ ശ്രദ്ധിയ്‌ക്കപ്പെട്ട തന്മാത്രയുടെ വിജയം തന്നെയാണ്‌ ലാലിനെ ഇതിന്‌ പ്രേരിപ്പിയ്‌ക്കുന്നത്‌.

ഇനിയും പേരിട്ടിട്ടില്ലാത്ത ചിത്രത്തില്‍ ലാല്‍ ഒരു ലോറി ഡ്രൈവറുടെ വേഷമാണ്‌ അവതരിപ്പിയ്‌ക്കുക. ഫെബ്രുവരി 10ന്‌ എറണാകുളത്ത്‌ ഷൂട്ടിംഗ്‌ ആരംഭിയ്‌ക്കുന്ന സിനിമ പിന്നീട്‌ കോയമ്പത്തൂര്‍, മറയൂര്‍ എന്നിവിടങ്ങളിലായി പൂര്‍ത്തിയാക്കും.

ലാലിനൊപ്പം തുല്യപ്രധാന്യമുള്ള വേഷമവതരിപ്പിയ്‌ക്കാന്‍ ജയറാമിനെ നിശ്ചയിച്ചിരുന്നെങ്കിലും സത്യന്‍ ചിത്രത്തിന്റെ തിരക്കുകളെ തുടര്‍ന്ന്‌ ക്ഷണം ജയറാം നിരസിച്ചിരുന്നു. തെന്നിന്ത്യയിലെ പ്രശസ്‌ത താരമായ ഭൂമികയാണ്‌ ചിത്രത്തില്‍ ലാലിന്റെ നായിക. ഭൂമികയുടെ ആദ്യമലയാള ചിത്രമാണിത്‌. ലക്ഷ്‌മി ഗോപാലസ്വാമിയും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്‌.

ശ്രദ്ധേയനായ അജയ്‌ വിന്‍സെന്റാണ്‌ ചിത്രത്തിന്‌ വേണ്ടി ക്യാമറ ചലിപ്പിയ്‌ക്കുക. 20 വര്‍ഷത്തിന്‌ ശേഷമാണ്‌ അജയ്‌ വിന്‍സെന്റ്‌ മലയാളത്തിലേക്ക്‌ തിരിച്ചെത്തുന്നത്‌. ഒറ്റ ഷെഡ്യൂളില്‍ ഷൂട്ടിംഗ്‌ പൂര്‍ത്തിയാക്കാന്‍ തീരുമാനിച്ചിട്ടുള്ള ചിത്രം നിര്‍മ്മിയ്‌ക്കുന്നത്‌ രാഗം മൂവീസിന്റെ ബാനറില്‍ രാജു മാളിയേക്കലാണ്‌.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam