For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  പരുന്തിന് പിഴച്ചതെവിടെ?

  By Staff
  |

  പരുന്തിനെ വരവേല്‍ക്കാന്‍ മമ്മൂട്ടിയുടെ ആരാധകര്‍ നടത്തിയ തകര്‍പ്പന്‍ മുന്നൊരുക്കങ്ങള്‍ കണ്ട് ചങ്കു പിടഞ്ഞു പോയ രണ്ടുപേരുണ്ട്. മോഹന്‍ലാലും മാടമ്പിയുടെ സംവിധായകന്‍ ബി ഉണ്ണികൃഷ്ണനുമാണ് ആ രണ്ടുപേരെന്ന് കരുതിയെങ്കില്‍ നിങ്ങള്‍ക്കു തെറ്റി. പരുന്തിന്റെ സംവിധായകന്‍ പത്മകുമാറും തിരക്കഥാകൃത്ത് ടി എ റസാക്കുമായിരുന്നു ആ രണ്ടുപേര്‍.

  ഒരു തീയേറ്ററില്‍ വെളുപ്പിന് 12.01ന് റിലീസ്. വേറെ കുറെയെണ്ണത്തില്‍ വെളുപ്പിന് മൂന്നു മണിക്ക്. കതിരോന്റെ വെട്ടം കൊട്ടകയ്ക്കു മേല്‍ പതിയും മുമ്പ് ആദ്യ ഷോ നടത്തിയ തീയേറ്ററുകള്‍ എത്രയെങ്കിലും. ആദ്യ ദിനത്തില്‍ ആകെ കളക്ഷന്‍ എണ്‍പതു ലക്ഷത്തിനു മുകളില്‍.

  തലയ്ക്ക് കൈയും കൊടുത്ത്, ചിന്താവിമൂഢരായിരിക്കുന്നതും മേല്‍പറഞ്ഞ രണ്ടുപേരാണ്. സംവിധായകന്‍ പത്മകുമാറും, എഴുത്തുകാരന്‍ ടി എ റസാക്കും. ഒരുവട്ടം കൂടി കിട്ടുന്നതല്ലല്ലോ കൈവിട്ട അവസരം. ആരതിയും ആരവങ്ങളുമായി നട്ടപ്പാതിരയ്ക്ക് ഇഷ്ടനായകനെ വരവേറ്റ കടുത്ത ആരാധകര്‍ക്കു പോലും ചിത്രത്തെ തളളിപ്പറയേണ്ടി വന്നുവെങ്കില്‍, കുറ്റവാളികള്‍ സംവിധായകനും തിരക്കഥാകൃത്തും തന്നെയാണ്.

  ചെയ്യാവുന്നതിന്റെ പരമാവധി മമ്മൂട്ടി ചെയ്തിട്ടുണ്ട്. കച്ചവടസിനിമയുടെ മുടിചൂടാമന്നനായ നായകന്‍ ഇതിലപ്പുറം വില്ലനാകുന്നതെങ്ങനെ? ബാലന്‍ കെ നായരോ ടി ജി രവിയോ അവതരിപ്പിച്ച കഥാപാത്രങ്ങളോട് പണ്ട് പാവം പ്രേക്ഷകര്‍ക്ക് തോന്നിയിരുന്ന പകയുണ്ടല്ലോ, അതിനു സമാനമായ വികാരം ഒന്നിലേറെ തവണ ഏറ്റുവാങ്ങുന്നുണ്ട് പരുന്ത് പുരുഷു. ആരെയും ബലാത്സംഗം ചെയ്യുന്നില്ലെന്നേയുളളൂ, ഈ വില്ലന്‍.

  പിന്നെയെവിടെയാണ് പരുന്തിന് പിഴച്ചത്? ആദ്യ റിലീസ് ദിവസമായ ജൂലൈ 11ന് ചിത്രം പുറത്തു വരാത്തപ്പോള്‍ തന്നെ അപകടം മണത്തിരുന്നു. ചിത്രത്തില്‍ തമാശ അധികമില്ലാത്തതു കൊണ്ട് സുരാജ് വെ‍ഞ്ഞാറമൂടിനെയൊക്കെ ഉള്‍പ്പെടുത്തി ഒരു കോമഡി പാട്ട് വീണ്ടും ചിത്രീകരിച്ച് തിരുകിക്കയറ്റാന്‍ വേണ്ടിയാണ് റിലീസ് ജൂലൈ 18ലേയ്ക്ക് മാറ്റിയത്.

  സംവിധായകന്റെയും നിര്‍മ്മാതാവിന്റെയും തിരക്കഥാകൃത്തിന്റെയുമൊക്കെ ആത്മവിശ്വാസത്തിനേറ്റ ആദ്യ പ്രഹരമായിരുന്നു, സിനിമയുടെ പ്രിവ്യൂ കണ്ടവര്‍ രേഖപ്പെടുത്തിയ എതിരഭിപ്രായം. പിന്നീട് തട്ടിക്കൂട്ടിയ ആ പാട്ടുരംഗമാകട്ടെ, ഓര്‍ക്കാനമുണ്ടാക്കുന്നതും.

  ചിത്രത്തിന്റെ അന്തരീക്ഷത്തിന് ചേരാത്ത, കഥാഗൗരവം വല്ലാതെ ചോര്‍ത്തിക്കളയുന്ന, കണ്ണില്‍ചോരയില്ലാത്ത വില്ലന്റെ ഡപ്പാംകുത്ത് ‍ഡാന്‍സ് വന്‍പ്രതിഷേധമാണ് ക്ഷണിച്ചു വരുത്തിയത്. പത്മകുമാറിന്റെ സിനിമാപരിവേഷത്തിന് തീരെച്ചേരാത്ത ഒരു പാട്ടുസീന്‍ ഏച്ചുകെട്ടിയത് വല്ലാതെ മുഴച്ചു തന്നെ നില്‍ക്കുന്നു.

  അണ്ണന്‍തമ്പിയുടെ ഹാംങ് ഓവറില്‍ നിന്നാകാം ഇങ്ങനെയൊരു തരികിട നമ്പരിന് മമ്മൂട്ടി സമ്മതം മൂളിയത്. എന്നാല്‍, ചക്ക വീഴുമ്പോഴൊക്കെ മുയലു ചാവുമെന്നത് ഒരത്യാഗ്രഹമാണെന്ന് ഇത്രയും കാലമായിട്ടും അദ്ദേഹം പഠിച്ചില്ലെങ്കില്‍ കഷ്ടം തന്നെ . അണ്ണന്‍ തമ്പിയിലെ ഡപ്പാംകുത്തിനെ കയ്യടിച്ച് സ്വീകരിച്ച ആരാധകര്‍ പരുന്തിലെ കാവടിപ്പാട്ടിന് നല്‍കുന്നത് തൊളള തുറന്ന കൂക്കാണ്.

  അടുത്ത പേജില്‍

  ബന്ധപ്പെട്ട വാര്‍ത്തകള്‍

  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X