»   » കാസനോവയ്ക്ക് 'വി' രക്ഷകനാവുമോ?

കാസനോവയ്ക്ക് 'വി' രക്ഷകനാവുമോ?

Posted By:
Subscribe to Filmibeat Malayalam
Casanova
മോഹന്‍ലാല്‍ ആരാധകരും മലയാള ചലച്ചിത്ര വിപണിയും ഏറെ ആകാംക്ഷയോടെ കാത്തിരിയ്ക്കുന്ന കാസനോവയുടെ അവസാന ഷെഡ്യൂള്‍ ബാങ്കോക്കില്‍ പുരോഗമിയ്ക്കുന്നതിനിടെ ഈ സിനിമയെപ്പറ്റി പുതിയൊരു വിശേഷം പുറത്തുവന്നിരിയ്ക്കുന്നു. ഭാഗ്യദേവതയുടെ കടാക്ഷം പ്രതീക്ഷിച്ച് കാസനോവയുടെ ഇംഗ്ലീഷ് പേരില്‍ ചെറിയ മാറ്റം വരുത്തിയെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവന്നിരിയ്ക്കുന്നത്.

പണക്കൊഴുപ്പിന്റെ കാര്യത്തില്‍ മോളിവുഡിലെ വമ്പന്‍ സിനിമകളുടെ ഗണത്തിലേക്ക് കാസനോവ എത്തിപ്പെട്ടതാണ് വിപണിയുടെ ശ്രദ്ധ ഈ സിനിമയിലേക്ക് തിരിയാന്‍ കാരണം. ബോബി-സഞ്ജയ് ടീമിന്റെ തിരക്കഥയില്‍ റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന ചിത്രം പണക്കിലുക്കത്തിന്റെ കാര്യത്തില്‍ മോളിവുഡിലെ പല റെക്കാര്‍ഡുകളും ഭേദിച്ചുകഴിഞ്ഞു.

വിദേശ ലൊക്കേഷനുകളിലെ ചിത്രീകരണവും അതിനൂതന സാങ്കേതിക വിദ്യകളും വിദേശ ടെക്‌നീഷ്യന്‍മാരുടെ സാന്നിധ്യവും താരങ്ങളുടെ പ്രളയവുമാണ് കാസനോവയെ ബിഗ് ബജറ്റ് ചിത്രമാക്കി മാറ്റുന്നത്. ശ്രീയ സരണ്‍, ലക്ഷ്മി റായി, റോമ, സഞ്ജന, ഡിംപിള്‍ റോസ് എന്നിങ്ങനെ ലാലേട്ടന് ഈ സിനിമയില്‍ നായികമാര്‍ ഏറെയാണ്.

ഷൂട്ടിങ് അവസാനഘട്ടത്തിലെത്തി നില്‍ക്കവെയാണ് കാസനോവയെന്ന ഇംഗ്ലീഷ് നാമത്തില്‍ ചെറിയൊരു മാറ്റം വരുത്താന്‍ സിനിമയുടെ അണിയറക്കാര്‍ തീരുമാനിച്ചത്. 'Casanova' എന്ന പേരില്‍ ഒരു 'V' കൂടി ചേര്‍ത്ത് 'Casanovva' എന്നാക്കി മാറ്റിയാണ് കാസനോവയുടെ അണിയറക്കാര്‍ ഭാഗ്യദേവതയെ ഒപ്പം നിര്‍ത്തുന്നത്. സംഖ്യാശാസ്ത്രപ്രകാരം ഒരു വി കൂട്ടിച്ചേര്‍ക്കുന്നത് സിനിമയ്ക്ക് ഗുണംചെയ്യുമെന്നാണത്രെ കണ്ടെത്തല്‍.

സിനിമാക്കാര്‍ ഭാഗ്യദേവതയുടെ സഹായം തേടുന്നത് ഇന്നും ഇന്നലെയുമല്ല തുടങ്ങിയത്. ഏറ്റവുമൊടുവില്‍ ഓണത്തിന് തിയറ്ററുകളിലെത്തിയ സെവന്‍സും അതിന്റെ സംവിധായകനായ ജോഷിയും ഇത്തരം സംഖ്യശാസ്ത്രപ്രകാരം പേരുകളില്‍ മാറ്റം വരുത്തിയിട്ടുണ്ട്. എന്നാല്‍ ജ്യോതിഷികളുടെയും സഹായം തേടി അമളി പിണഞ്ഞവരും സിനിമാക്കാരുടെക്കൂട്ടത്തിലുണ്ട്. വര്‍ഷങ്ങള്‍ക്ക് മുമ്പ് രാജമാണിക്യമെന്ന ചിത്രം തന്റെ സഹസംവിധായകനായിരുന്ന അന്‍വര്‍ റഷീദിനെ ഏല്‍പ്പിയ്ക്കാന്‍ രഞ്ജിത്തിനെ പ്രേരിപ്പിച്ചത് ഒരു ജ്യോതിഷിയായിരുന്നു. രഞ്ജിത്തിന്റെ പേരില്‍ ചിത്രം തിയറ്ററുകളിലെത്തിയാല്‍ സിനിമ പരാജയപ്പെടുമെന്നായിരുന്നു ജ്യോതിഷിയുടെ ഉപദേശം. രാജമാണിക്യം മലയാളത്തിലെ ഏറ്റവും വലിയ ഹിറ്റായതോടെ അന്‍വറിന്റെ ഭാഗ്യം തെളിഞ്ഞു. രഞ്ജിത്തിനാണെങ്കില്‍ കരിയറില്‍ ഒരു മികച്ച സിനിമ നഷ്ടപ്പെടുക മാത്രമല്ല കുറെക്കാലം വീട്ടിലിരിയ്ക്കേണ്ടതായും വന്നു.

എന്തായാലും വമ്പന്‍ സിനിമകളൊരുക്കുമ്പോള്‍ അതിന്റെ നിര്‍മാതാക്കള്‍ യാതൊരു കാര്യത്തിലും റിസ്‌ക്കെടുക്കാന്‍ തയാറാവില്ല. കാസനോവയുടെ പേരിലെ ചെറിയ മാറ്റത്തിന് പിന്നിലും ഇതുതന്നെയാണ് കാരണം. 2011ലെ ക്രിസ്മസ് ചിത്രമായി ഡിസംബര്‍ 16ന് തിയറ്ററുകളിലെത്തുന്ന കാസനോവയ്ക്ക് വി ഭാഗ്യമാവുമെന്ന് തന്നെ പ്രതീക്ഷിയ്ക്കാം.

English summary
Directed by Roshan Andrews, the movie will have an extra 'v' in its titles due to numerological reasons and will be spelt as Casanovva

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam