»   » താരറാണിമാര്‍ മലയാളത്തിലേക്ക് മടങ്ങുന്നു

താരറാണിമാര്‍ മലയാളത്തിലേക്ക് മടങ്ങുന്നു

Posted By:
Subscribe to Filmibeat Malayalam
Asin
അസിന്‍, നയന്‍താര, മീര, ഭാവന, മംമ്ത... പണവും പ്രശസ്തിയും തേടി തമിഴകത്തേക്കും ബോളിവുഡിലേക്കും കുടിയേറിയ താരറാണിമാര്‍ മലയാളത്തിലേക്ക് മടങ്ങുകയാണ്. തെന്നിന്ത്യയും ബോളിവുഡും കാല്‍ക്കീഴിലാക്കിയ താരറാണിമാര്‍ മലയാളത്തില്‍ സജീവമാകാനുള്ള ശ്രമങ്ങള്‍ തുടങ്ങിക്കഴിഞ്ഞു.

ബോളിവുഡിന്റെ രോമാഞ്ചമായ അസിന്‍ തോട്ടുങ്കലിന്റെ മലയാളത്തിലേക്കുള്ള മടങ്ങിവരവാണ്് ഇതില്‍ ഏറ്റവും ശ്രദ്ധേയം. പുതിയ ഹിന്ദി-തമിഴ് സിനിമകളിലൊന്നും കരാര്‍ ഒപ്പിടാത്ത അസിന്‍ പ്രമുഖനായ ഒരു സംവിധായകന്റെ ചിത്രത്തിലൂടെ മലയാളത്തില്‍ ഉടന്‍ മടങ്ങിയെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

മൂന്ന് വര്‍ഷത്തെ നീണ്ട ഇടവേളയ്ക്ക് ശേഷം നയന്‍സ് അഭിനയിച്ച് ബോഡിഗാര്‍ഡ് തിയറ്ററുകളിലെത്തിക്കഴിഞ്ഞു. കന്നഡയില്‍ ഹരിശ്രീ കുറിയ്ക്കാനൊരുങ്ങുന്ന ഗ്ലാമര്‍ താരത്തിന്റെ അടുത്ത പ്രൊജക്ട് ഒരു ശ്യാമപ്രസാദ് സിനിമയായിരിക്കും. ഇതിന് പിന്നാലെ മമ്മൂട്ടി-മോഹന്‍ലാല്‍ സിനിമകളില്‍ നയന്‍സിനെ നായികയാക്കാനുള്ള ശ്രമങ്ങള്‍ അണിയറയില്‍ പുരോഗമിയ്ക്കുകയാണ്.

പാട്ടിന്റെ പാലാഴി എന്ന ചിത്രത്തിലൂടെയാണ് മീരാ ജാസ്മിന്‍ മലയാളത്തില്‍ തിരികെയെത്തുന്നത്. രാജീവ് അഞ്ചല്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെ മോളിവുഡില്‍ ശക്തമായൊരു തിരിച്ചുവരവാണ് മീര ലക്ഷ്യമിടുന്നത്.

തമിഴിലും തെലുങ്കിലും സാന്നിധ്യമറിയ്ക്കാന്‍ കഴിഞ്ഞെങ്കിലും ബോളിവുഡ് സ്വപ്‌നങ്ങള്‍ പൂവണിയാത്തതിലുള്ള നിരാശയില്‍ വെറുതെയിരിക്കാന്‍ മംമ്ത ഒരുക്കമല്ല. 2009ല്‍ മലയാളത്തില്‍ പാസഞ്ചര്‍ എന്ന ഒറ്റചിത്രത്തില്‍ മാത്രം പ്രത്യക്ഷപ്പെട്ട മംമ്ത ഇപ്പോള്‍ അന്‍വര്‍, നിറക്കാഴ്ച, സത്യന്‍ അന്തിക്കാട് ചിത്രം എന്നിവയുടെ ഷൂട്ടിങ് തിരക്കുകളിലാണ്.

തമിഴിലും തെലുങ്കിലും അവസരങ്ങള്‍ കുറഞ്ഞെങ്കിലും 2010ലെ മലയാളത്തിലെ ആദ്യ ഹിറ്റായ ഹാപ്പി ഹസ്ബന്‍ഡ്‌സില്‍ നായികയാവാന്‍ കഴിഞ്ഞ സന്തോഷത്തിലാണ് ഭാവന. ഷൂട്ടിങ് തുടങ്ങാനിരിയ്ക്കുന്ന രണ്ട് മലയാള സിനിമകളിലെ നായികയായി ഈ തൃശൂര്‍ക്കാരിയെ തീരുമാനിച്ച് കഴിഞ്ഞു.

ഗ്ലാമര്‍ പാതയിലൂടെ തമിഴ്, തെലുങ്ക് ചലച്ചിത്രലോകം കീഴടക്കാന്‍ ഇറങ്ങിപ്പുറപ്പെട്ട ദേശീയപുരസ്‌ക്കാര ജേത്രിയ പ്രിയാമണിയും മലയാളത്തിലേക്ക് ശ്രദ്ധ തിരിയ്ക്കുകയാണ്. ലക്കി ഹീറോ പൃഥ്വിരാജിനൊപ്പം പ്രിയാമണി ഒന്നിയ്ക്കുന്ന ചിത്രത്തിന്റെ ഷൂട്ടിങ് അടുത്ത് തന്നെ തുടങ്ങുമെന്നാണ് അറിയുന്നത്.

വമ്പന്‍ പ്രതിഫലവും പ്രശസ്തിയും ലക്ഷ്യമിട്ട് മറുനാട്ടിലേക്ക് പോയ താരങ്ങളുടെ മടങ്ങിവരവിന് പിന്നിലുള്ള ചേതോവികാരമെന്തായിരിക്കും? മാതൃഭാഷയോടും പിറന്ന നാടിനോടുമുള്ള സ്‌നേഹവും ആണെന്ന് കരുതിയാല്‍ തെറ്റി. പണവും ഗ്ലാമറും ആവോളമുണ്ടെങ്കിലും അഭിനയസാധ്യതയുള്ള വേഷങ്ങള്‍ ലഭിയ്ക്കാന്‍ താരസുന്ദരിമാര്‍ക്ക് ഇവിടെ തിരികെയെത്തുക തന്നെ വേണം. അഭിനയ ജീവിതത്തിന്റെ ആയുസ്സ് നീട്ടിക്കിട്ടണമെങ്കില്‍ മലയാളത്തില്‍ മടങ്ങിയെത്തി സാരിയണിയണമെന്ന് ചുരുക്കം.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam