»   » വേട്ടയ്‌ക്കിറങ്ങുമ്പോള്‍ പദ്‌മകുമാറിന്‌ കൂട്ട്‌ ലാല്‍

വേട്ടയ്‌ക്കിറങ്ങുമ്പോള്‍ പദ്‌മകുമാറിന്‌ കൂട്ട്‌ ലാല്‍

Posted By:
Subscribe to Filmibeat Malayalam
Mohanlal
ഒരു വിജയം വേട്ടയാടിപ്പിടിയ്‌ക്കാനുള്ള ശ്രമത്തിലാണ്‌ പദ്‌മകുമാര്‍. വേട്ടയ്‌ക്കിറങ്ങുമ്പോള്‍ ഒപ്പം കൂട്ടിയിരിയ്‌ക്കുന്നത്‌ ലാലിനെയും. ഇരുപതു വര്‍ഷം നീണ്ട കരിയറില്‍ ആദ്യമായി ലാലിനെ നായകനാക്കി ശിക്കാര്‍ -ദ ഹണ്ട്‌ ഒരുക്കുമ്പോള്‍ പദ്‌മകുമാറിന്‌ മുമ്പിലെ ഇര ഒരു വിജയം തന്നെയാണ്‌.

സ്വതന്ത്ര സംവിധായകനായി മാറിയിട്ട്‌ കുറച്ച്‌ വര്‍ഷങ്ങളെ ആയുള്ളൂവെങ്കിലും സഹസംവിധാന രംഗത്ത്‌ രണ്ടു പതിറ്റാണ്ടിന്റെ അനുഭവ പരിചയമുള്ളയാളാണ്‌ പദ്‌മകുമാര്‍. 1989ല്‍ പുറത്തിറങ്ങിയ വടക്കന്‍ വീരഗാഥ മുതലിങ്ങോട്ട്‌ ഒട്ടേറെ ഹിറ്റ്‌ ചിത്രങ്ങളുടെ ഭാഗമാകാന്‍ പദ്‌മകുമാറിന്‌ കഴിഞ്ഞിട്ടുണ്ട്‌. പൂച്ചയ്‌ക്കാര്‌ മണികെട്ടു, വല്യേട്ടന്‍, രാവണപ്രഭു, ബ്ലാക്ക്‌ തുടങ്ങിയ ചിത്രങ്ങളുടെ വിജയത്തിന്‌ പിന്നില്‍ പദ്‌മകുമാറും ഉണ്ടായിരുന്നുവെന്ന്‌ കേട്ടാല്‍ പലരും വിശ്വസിച്ചുവെന്ന്‌ വരില്ല.

എന്നാല്‍ സ്വതന്ത്ര സംവിധായകനായി മാറിയ പദ്‌മകുമാറിനെ വിജയദേവത അനുഗ്രഹിച്ചില്ല. സംവിധായകന്റെ ആദ്യ ചിത്രങ്ങളായ അമ്മക്കിളിക്കൂട്‌, വര്‍ഗം, വാസ്‌തവം, പരുന്ത്‌ ഈ ചിത്രങ്ങളൊന്നും ബോക്‌സ്‌ ഓഫീസില്‍ നേട്ടമായി മാറിയില്ല.

ഇതില്‍ പൃഥിരാജ്‌ നായകനായ വാസ്‌തവം നേടിയ പുരസ്‌ക്കാരങ്ങള്‍ മാത്രമാണ്‌ പദ്‌മകുമാറിനെ അല്‌പമെങ്കിലും ശ്രദ്ധേയനാക്കിയത്‌. അതിനിടെ വമ്പന്‍ വിജയപ്രതീക്ഷയോടെ മമ്മൂട്ടിയെ നായകനാക്കി (വില്ലന്‍?)യെത്തിയ പരുന്തിന്റെ പരാജയം പദ്‌മകുമാറിനെ ഏറെ തളര്‍ത്തി.

പരുന്തിന്റെ പരാജയക്ഷീണം അകറ്റാനായി ലാലിനെ കൂട്ടുപിടിച്ച്‌ ശിക്കാറിനിറങ്ങുമ്പോള്‍ പദ്‌മകുമാര്‍ ഉന്നമിടുന്നത്‌ വിജയമാണെന്ന കാര്യത്തില്‍ സംശയമില്ല.ദാദാസാഹിബ്‌, സ്വര്‍ണം, താണ്ഡവം എന്നീ സിനിമകള്‍ക്കെഴുതിയ എസ്‌ സുരേഷ്‌ ബാബുവിന്റെ തിരക്കഥയിലാണ്‌ ശിക്കാര്‍ ഒരുങ്ങുന്നത്‌.

ടെട്‌കോ ഗ്രൂപ്പിന്റെ ബാനറില്‍ രാജഗോപാലാണ്‌ ചിത്രം നിര്‍മ്മിയ്‌ക്കുന്നത്‌. ശിക്കാറിന്‌ വേണ്ടി ഗിരീഷ്‌ പുത്തഞ്ചേരി-എം ജയചന്ദ്രന്‍ ടീം ഒരുക്കുന്ന ഗാനങ്ങളുടെ കമ്പോസിംഗ്‌ ദുബായില്‍ പുരോഗമിയ്‌ക്കുകയാണ്‌. താരനിര്‍ണയം പൂര്‍ത്തിയായാലുടന്‍ ശിക്കാറിന്റെ ഷൂട്ടിംഗ്‌ തുടങ്ങുമെന്നാണ്‌ സൂചന

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam