»   » യുട്യൂബിലെ ആദ്യത്തെ ഇന്ത്യന്‍ സൂപ്പര്‍സ്റ്റാര്‍

യുട്യൂബിലെ ആദ്യത്തെ ഇന്ത്യന്‍ സൂപ്പര്‍സ്റ്റാര്‍

Posted By:
Subscribe to Filmibeat Malayalam
Wilson
യുട്യൂബിലൂടെ പാട്ടുകളും വീഡിയോകളും അപ്‌ലോഡ് ചെയ്ത്‌ ജനങ്ങളുടെ ശ്രദ്ധപിടിച്ചുപറ്റി പ്രശസ്തരായ ഒട്ടേറെ ആളുകളുണ്ട്. ആരും കേട്ടാല്‍ ചിരിച്ചുപോകുമെന്നുറപ്പുള്ള, സാധാരണ നിലവാരത്തില്‍ താഴെയുള്ള പാട്ടുകളുമായെത്തി മലയാളികളുടെ പുതിയ 'സൂപ്പര്‍സ്റ്റാറായി' മാറിയ സന്തോഷ് പണ്ഡിറ്റിന് ഒരു മുന്‍ഗാമിയുണ്ട്. പണ്ഡിറ്റ് യുട്യൂബിലെ രാജകുമാരനാണെങ്കില്‍ വില്‍ബര്‍ സര്‍ഗുണരാജ് എന്ന മധുരക്കാരന്‍ ഈ ലോകത്തെ ചക്രവര്‍ത്തിയാണ്. ഇന്ത്യയിലെ ആദ്യത്തെ യുട്യൂബ് സ്റ്റാര്‍ എന്ന പട്ടം ടൈംസ് ഓഫ് ഇന്ത്യ ചാര്‍ത്തികൊടുത്തത് ഈ 33കാരനാണ്. വില്‍ബറിന്റ പാട്ടുകള്‍ അരക്കോടിയോളം പേരെങ്കിലും യുട്യൂബിലൂടെ മാത്രം കണ്ടിരിക്കും.

സന്തോഷ് പണ്ഡിറ്റ് കേരളമെന്ന ഇട്ടാവട്ടത്ത് ചുറ്റികളിക്കുകയാണെങ്കില്‍ വില്‍ബര്‍ ഉലകം ചുറ്റും വാലിബനാണ്. സോഷ്യല്‍ നെറ്റ് വര്‍ക്കിങ് സൈറ്റുകളിലെല്ലാം നിറഞ്ഞുനില്‍ക്കുന്ന 'സിംപിള്‍ സൂപ്പര്‍സ്റ്റാറാ'യ ഈ ബഹുഭാഷാ പാട്ടുകാരനെ കുറിച്ച് ബിബിസിയും സിഎന്‍എനും വാള്‍സ്ട്രീറ്റ് ജേര്‍ണലും ഹിന്ദുവും മിഡ്‌ഡേയും ആഗോള വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സും വരെ സ്‌റ്റോറി ചെയ്തിട്ടുണ്ട്.

പക്ഷേ, സന്തോഷ് പണ്ഡിറ്റിനെ പോലെ ഒന്നും അറിയില്ലെന്ന് പറഞ്ഞു കൊണ്ടല്ല വില്‍ബറിന്റെ വരവ്. ചില സംഗീത ഉപകരണങ്ങള്‍ വായിക്കുന്നതില്‍ വില്‍ബറിനുള്ള കഴിവ് പ്രശസ്തമാണ്. തമിഴ്‌നാട്ടിലെ ഒരു ഗ്രാമത്തില്‍ നിന്നും ടോക്കിയോ, ടൊറന്റോ നഗരങ്ങളില്‍ വന്‍ സംഗീതപരിപാടി നടത്തുന്ന നിലയിലേക്ക് വില്‍ബര്‍ ഉയര്‍ന്നത് യുട്യൂബിന്റെ സഹായം കൊണ്ടു മാത്രമാണ്.

2007 ജൂലൈയില്‍ 'ബ്ലോഗ് സോങ്' എന്ന പാട്ട് യുട്യൂബില്‍ അപ്‌ലോഡ് ചെയ്തതിനുശേഷം വില്‍ബറിനു തിരിഞ്ഞു നോക്കേണ്ടി വന്നില്ല.
ലവ് മാര്യേജ് എന്ന ആല്‍ബം യുട്യൂബിലെ ബോക്‌സ് ഓഫിസ് ഹിറ്റായി. സാധാരണക്കാര്‍ക്കിടയിലേക്ക് ഇറങ്ങി ചെല്ലുന്ന സാധാരണ വാക്കുകളുപയോഗിച്ച് തയ്യാറാക്കുന്ന പാട്ടുകള്‍ വില്‍ബറിലെ ശരിയ്ക്കും ലോകപ്രശസ്തനാക്കുകയായിരുന്നു.

സന്തോഷ് പണ്ഡിറ്റും വില്‍ബറും തമ്മിലുള്ള പ്രധാന വ്യത്യാസം നിലവാരത്തിന്റെ കാര്യത്തിലാണ്. വില്‍ബര്‍ ഇപ്പാേള്‍ അറിയുന്ന ജോലികള്‍ മാത്രമേ ചെയ്യുന്നുള്ളൂ. അതുകൊണ്ട് മൊത്തത്തില്‍ ശരാശരി നിലവാരം കാത്തുസൂക്ഷിയ്ക്കാന്‍ കഴിയുന്നു. പക്ഷേ, തുടക്കം നമ്മുടെ സന്തോഷ് പണ്ഡിറ്റിനെ പോലെയായിരുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് www.wilbur.asia എന്ന വെബ്‌സൈറ്റ് സന്ദര്‍ശിയ്ക്കാം.

English summary
Wilbur Sargunaraj is a performing artist from Madurai, Tamil Nadu, India. He is widely known as India's first YouTube sensation

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam