»   » ലാലും രഞ്ജിത്തും ഒന്നിക്കുമോ?

ലാലും രഞ്ജിത്തും ഒന്നിക്കുമോ?

Posted By:
Subscribe to Filmibeat Malayalam
Ranjith and Mohanlal
മലയാളത്തിലെ ഏറ്റവും മികച്ച സംവിധാകയര്‍ക്കൊപ്പം ചേര്‍ന്ന് ശക്തമായ തിരിച്ചുവരവിനൊരുങ്ങുകയാണ് മോഹന്‍ലാല്‍. വന്‍ പരാജയങ്ങള്‍ തുടര്‍ക്കഥയായപ്പോഴാണ് കരിയറില്‍ ബുദ്ധിപരമായ നീക്കങ്ങള്‍ നടത്താന്‍ ലാല്‍ തീരുമാനിച്ചത്. ഷാഫി, പ്രിയദര്‍ശന്‍, സത്യന്‍ അന്തിക്കാട്, ബ്ലെസി, റോഷന്‍ ആന്‍ഡ്രൂസ്, ലാല്‍ജോസ് ഇവര്‍ക്കെല്ലാം ലാല്‍ ഡേറ്റ് നല്‍കിയത് ഈയൊരു നീക്കത്തിന്റെ ഭാഗമായാണ്.

ഇപ്പോഴിതാ ഒരുകാലത്ത് ലാലിന് തകര്‍പ്പന്‍ കഥാപാത്രങ്ങള്‍ സമ്മാനിച്ച സംവിധായകനും തിരക്കഥാകൃത്തുമായി രഞ്ജിത്തുമായി കൈകോര്‍ക്കാനുള്ള സാഹചര്യങ്ങള്‍ ഒത്തുവരികയാണ്. ലാല്‍ സിനിമകളുടെ നിര്‍മതാാവായ ആശീര്‍വാദ് ഫിലിംസിന്റെ അമരക്കാരന്‍ ആന്റണി പെരുമ്പാവൂരാണ് ഈ ആഗ്രഹം പ്രകടിപ്പിച്ചിരിയ്ക്കുന്നത്.

ലാലിന് ഒട്ടേറെ ഹിറ്റുകള്‍ സമ്മാനിച്ച രഞ്ജിത്ത റോക്ക് ആന്റ് റോള്‍, ചന്ദ്രോത്സവം എന്നിവയുടെ പരാജയങ്ങള്‍ക്ക് ശേഷം മമ്മൂട്ടി ക്യാമ്പിലേക്ക് ചേക്കേറിയിരുന്നു. കയ്യൊപ്പ്, പാലേരി മാണിക്യം, കേരള കഫെ ഏറ്റവുമൊടുവില്‍ പ്രാഞ്ചിയേട്ടന്‍ എന്നിങ്ങനെയുള്ള മികച്ച ചിത്രങ്ങള്‍ ഇവരുടെ കൂട്ടുകെട്ടില്‍ പിറവിയെടുക്കുകയും ചെയ്തു.

മമ്മൂട്ടിയുമായി മികച്ച സിനിമകള്‍ ഒരുക്കുമ്പോഴും ലാല്‍ സിനിമകള്‍ ചെയ്യാത്തതിന് രഞ്ജിത്ത് അഭിമുഖങ്ങളില്‍ മറുപടി നല്‍കിയിരുന്നു. ലാലുമൊത്ത് സിനിമകള്‍ ചെയ്യുന്നതിന് ചില തടസ്സങ്ങളുണ്ടെന്നായിരുന്നു രഞ്ജിത്ത് പറഞ്ഞിരുന്നത്.

എന്നാല്‍ ഇതേക്കുറിച്ച് ആന്റണി പറയുന്നത് അങ്ങിനെയല്ല. രഞ്ജിത്തുമായുള്ള സൗഹൃദത്തിന് യാതൊരു കുറവുമില്ല. എന്നാല്‍ അദ്ദേഹത്തിന്റെ ഭാഗത്ത് എന്തെങ്കിലും മാറ്റം സംഭവിച്ചുവോയെന്ന് അറിയില്ല. ഞാന്‍ ആഗ്രഹിയ്ക്കുന്ന സിനിമകളില്‍ നിന്നും വ്യത്യസ്തമായ ശൈലിയിലാണ് രഞ്ജിയേട്ടന്‍ ഇപ്പോള്‍ സിനിമകള്‍ ചെയ്യുന്നത്. എനിയ്ക്കാണെങ്കില്‍ അത്തരം സിനിമകളോട് താത്പര്യവുമില്ല. ലാല്‍ സാറിന് ചിലപ്പോള്‍ താത്പര്യമുണ്ടാവും ആന്റണി പറയുന്നു.

ഇത് തന്നെയാണ് ലാലും രഞ്ജിത്തും ഒന്നിയ്ക്കുന്നതിന് തടസ്സമായി നില്‍ക്കുന്നത്. തിരക്കഥാ-സംവിധാനരംഗത്ത് വേറിട്ട വഴിയിലൂടെ മുന്നോട്ട് പോകുന്ന രഞ്ജിത്ത് തന്റെ ഭാഗത്ത് നിന്ന് ഇനി ദേവാസുരവും രാവണപ്രഭുവും പ്രജാപതിയുമൊന്നും പ്രതീക്ഷിയ്‌ക്കേണ്ടെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ആന്റണി പെരുമ്പാവൂര്‍ ആഗ്രഹിയ്ക്കുന്ന തരത്തിലൊരു അടിപൊളി സിനിമകള്‍ക്കൊന്നും രഞ്ജിത്ത് തയാറാവില്ല. നിലപാടുകള്‍ മാറ്റി നല്ല സിനിമകള്‍ക്ക് വേണ്ടി ആന്റണി പെരുമ്പാവൂര്‍ മുന്‍കൈയ്യെടുത്താല്‍ ലാല്‍-രഞ്ജിത്ത് കൂട്ടുകെട്ട് വീണ്ടും സംഭവിയ്ക്കുമെന്ന കാര്യത്തില്‍ സംശയം വേണ്ട.

English summary
Antony Perumbavoor, the man behind Ashirvad Cinemas has said that he would love to produce a film with Megastar Mohanlal and director Ranjith again.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam