»   » തിലകന്‍ പറഞ്ഞതില്‍ കാര്യമുണ്ട്: സുരേഷ് ഗോപി

തിലകന്‍ പറഞ്ഞതില്‍ കാര്യമുണ്ട്: സുരേഷ് ഗോപി

Posted By:
Subscribe to Filmibeat Malayalam
Suresh Gopi
മലയാള സിനിമയുമായി ബന്ധപ്പെട്ട് മുതിര്‍ന്ന നടന്‍ തിലകന്‍ പറഞ്ഞതില്‍ കാര്യമുണ്ടെന്ന് സുരേഷ് ഗോപി. എന്നാല്‍‍, സാഹചര്യം മനസിലാക്കാതെ തോന്നിയപോലെ അദ്ദേഹം വികാര പ്രകടനം നടത്തിയത് ശരിയായില്ലെന്നും കണ്ണൂര്‍ പ്രസ് ക്ലബിന്റെ മുഖാമുഖം പരിപാടിയില്‍ സുരേഷ്‌ഗോപി പറഞ്ഞു.

2004ല്‍ സിനിമാരംഗത്തെ പ്രശ്‌നവുമായി ബന്ധപ്പെട്ട് അമ്മ വിളിച്ചു ചേര്‍ത്ത യോഗത്തില്‍ മോഹന്‍ലാലിനെ പിന്തുണച്ചതിന്റെ പേരില്‍ തന്നെ എല്ലാവരും ഒറ്റപ്പെടുത്തുകയായിരുന്നു. സംഘടനകള്‍ എപ്പോഴും അംഗങ്ങളുടെ ക്ഷേമത്തിനു വേണ്ടിയായിരിക്കണം. ഒരാളെ വിലക്കാനോ അവഗണിക്കാനോ ആവരുത്. നല്ല കുടുംബാന്തരീക്ഷമായിരിക്കണം സംഘടനയില്‍ ഉണ്ടാകേണ്ടത്. അതോടൊപ്പം സംഘടനാതത്വം എല്ലാവര്‍ക്കും ബാധകമായിരിക്കണം. കഥയില്ലായ്മ മലയാള സിനിമ നേരിടുന്ന പ്രശ്‌നമാണ്. തന്റെ അടുത്തകാലത്തെ സിനിമകള്‍ പ്രേക്ഷകര്‍ വേണ്ടത്ര സ്വീകരിച്ചില്ലെങ്കില്‍ അതിനു പിന്നില്‍ സിനിമ തെരഞ്ഞെടുക്കുന്നതിലെ പാളിച്ചയും ഉണ്ടാകാമെന്നും നടന്‍ പറഞ്ഞു.

മമ്മൂട്ടിയടക്കമുള്ള സൂപ്പര്‍താരങ്ങള്‍ തന്നെ ഒതുക്കാന്‍ ശ്രമിയ്ക്കുകയാണെന്നതിലകന്‍ ആരോപിച്ചിരുന്നു. ഈ ആരോപണങ്ങളെയാണ് സുരേഷ് ഗോപി പിന്താങ്ങിയതെന്ന് കരുതപ്പെടുന്നു.

തന്നെ മനുഷ്യത്വത്തിന്റെ രാഷ്ട്രീയം പഠിപ്പിച്ചത് കെ കരുണാകരനെയും ഇ കെ നായനാരെയും പോലുള്ളവരാണെന്ന് നടന്‍ അനുസ്മരിച്ചു. ലീഡറുമായുള്ള അടുപ്പം തന്നിലെ ഉത്തരവാദിത്തം കൂട്ടി. അളക്കാന്‍ പറ്റാത്ത വ്യക്തിപ്രഭാവത്തിന് ഉടമയാണു കരുണാകരന്‍. അദ്ദേഹത്തിന്റെ വിയോഗം ഒരു യുഗത്തിന്റെ അന്ത്യം തന്നെയാണ്. തനിയ്ക്ക് സജീവ രാഷ്ട്രീയത്തിലിറങ്ങാന്‍ താല്‍പ്പര്യമില്ലെന്നും സുരേഷ് ഗോപി വ്യക്തമാക്കി.

താന്‍ ഉദ്ഘാടനം ചെയ്ത പാപ്പിനിശേരിയിലെ കണ്ടല്‍പാര്‍ക്ക് പ്രകൃതിയുടെ സംതുലനാവസ്ഥയ്ക്കു കോട്ടം തട്ടുന്നതാണെന്ന് കരുതുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. പാര്‍ക്ക് ഉദ്ഘാടനം ചെയ്തതു വലിയ അപരാധമായി കാണുന്നില്ല. ബയോളജി പഠിച്ച വ്യക്തിയെന്ന നിലയില്‍ അവിടെ പരിസ്ഥിതിയ്ക്ക് കോട്ടം തട്ടുന്നതൊന്നും ഉണ്ടായിട്ടില്ലെന്നാണ് മനസ്സിലാവുന്നത്. രാഷ്ട്രീയം മാത്രമാണ് അവിടെ വിഷയമാകുന്നത്. എങ്കിലും സുപ്രീംകോടതിയുടെ പരിഗണനയിലുള്ള വിഷയമായതിനാല്‍ ഇക്കാര്യത്തെകുറിച്ചു കൂടുതല്‍ പ്രതികരിക്കുന്നില്ലെന്നും സുരേഷ് ഗോപി പറഞ്ഞു.

Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam