»   » സ്‌നേഹം+ഇഷ്ടം=അമ്മ: പവനായി ശവമായി?

സ്‌നേഹം+ഇഷ്ടം=അമ്മ: പവനായി ശവമായി?

Posted By:
Subscribe to Filmibeat Malayalam
എന്തൊക്കെ ബഹളമായിരുന്നു...റസൂല്‍ പൂക്കുട്ടിയും മോഹന്‍ലാലും അതിഥി വേഷത്തില്‍, രേവതി പ്രധാന കഥാപാത്രമായെത്തുന്ന ചിത്രം. മകളുടെ മരണത്തിന് ശേഷം ചിത്ര പാടുന്ന ആദ്യ സിനിമ, മലപ്പുറം കത്തി , ബോംബ് ഇപ്പോള്‍ പവനായി ശവമായിരിക്കുന്നു.

'സ്‌നേഹം+ഇഷ്ടം=അമ്മ' എന്ന സിനിമയുടെ വിശേഷമാണ് പറഞ്ഞുവരുന്നത്. ഷൂട്ടിങിന് മുമ്പെ വാര്‍ത്തകളില്‍ നിറഞ്ഞ ഈ സിനിമയുടെ ഷൂട്ടിങ് നിലച്ചുവെന്നാണ് ഏറ്റവും പുതിയ വാര്‍ത്ത. മലയാളത്തിലെ ഒരു പ്രമുഖ സിനിമാമാഗസിനാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിയ്ക്കുന്നത്. സിനിമയുടെ ബാലപാഠങ്ങള്‍ പോലുമറിയാത്തവരാണ് ചിത്രത്തിന് പിന്നിലെന്ന് തിരിച്ചറിഞ്ഞ നടീനടന്‍മാര്‍ പതുക്കെ ഒഴിഞ്ഞതോടെ സിനിമ ഉപേക്ഷിയ്ക്കാന്‍ നിര്‍മാതാവ് നിര്‍ബന്ധിതനാവുകയായിരുന്നുവത്രേ.

പുത്ര സ്‌നേഹം മൂലം ഒരു കൊലപാതകി ആകേണ്ടി വന്ന എഴുത്തുകാരിയായ ഒരു സ്ത്രീയുടെ കഥ പറയുന്ന ഈ ചിത്രത്തിലെ നായകന്‍ പുതുമുഖമായ ഷഹിന്‍ ആയിരുന്നു. രേവതി പ്രധാനവേഷത്തിലെത്തുന്ന ചിത്രത്തില്‍ റസൂല്‍ പൂക്കുട്ടിയും മോഹന്‍ലാലും അതിഥി വേഷത്തിലെത്തുമെന്നും വാര്‍ത്തകളുണ്ടായിരുന്നു. അന്തരിച്ച പ്രമുഖ സംവിധായകന്‍ ഭരതന്റെ അസിസ്റ്റന്റായിരുന്ന ജയചന്ദ്രന്‍ അയിലറയുടെ കന്നിസംരംഭമായിരുന്നു ഈ സിനിമ.

തിരുവനന്തപുരത്ത് ഷൂട്ടിങ് ആരംഭിച്ച ചിത്രത്തിന്റെ പോക്കുകണ്ട് രേവതി ആരെയും വെറുപ്പിയ്ക്കാതെ ഒഴിഞ്ഞുവെന്നാണ് റിപ്പോര്‍ട്ട്. പറഞ്ഞ കഥയല്ല ഷൂട്ട് ചെയ്യുന്നതെന്ന് കണ്ടപ്പോഴാണ് രേവതി പിന്‍മാറിയത്.

അഭിനയരംഗത്ത് പരിചയമില്ലാത്ത റസൂല്‍ പൂക്കുട്ടിയെ പോലുള്ളവര്‍ ഈ സിനിമയില്‍ അഭിനയിക്കാന്‍ സമ്മതം മൂളിയതില്‍ തെറ്റുപറയാനില്ല. എന്നാല്‍ സിനിമയില്‍ പതിറ്റാണ്ടുകളുടെ അനുഭവസമ്പത്തുള്ള മോഹന്‍ലാലിനെപ്പോളുള്ള നടന്‍ ഇത്തരം തലയും വാലുമില്ലാത്ത സിനിമയുമായി സഹകരിയ്ക്കാന്‍ തയാറായത് എന്തുകൊണ്ടാണെന്നാണ് ചോദ്യം. ഉറ്റവര്‍ക്ക് വേണ്ടി അഭിനയിച്ച് പരാജയങ്ങള്‍ ഏറ്റുവാങ്ങിയ ചരിത്രമുണ്ട് ലാലിന്റെ കരിയറില്‍. നേരത്തെയുണ്ടായ ഈ പാളിച്ചകളില്‍ നിന്നും ലാല്‍ ഇപ്പോഴും പാഠം പഠിച്ചില്ലെന്ന് വേണം ഇതിലൂടെ കരുതാന്‍.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam