»   » ഹോളിവുഡ് ചിത്രം നഷ്ടപ്പെട്ടത് ഫെഫ്ക മൂലം: തിലകന്‍

ഹോളിവുഡ് ചിത്രം നഷ്ടപ്പെട്ടത് ഫെഫ്ക മൂലം: തിലകന്‍

Posted By:
Subscribe to Filmibeat Malayalam
നടന്‍ തിലകന്‍ വീണ്ടും ചലച്ചിത്രസംഘടനയായ ഫെഫ്കയ്‌ക്കെതിരെ രംഗത്ത്. ഹോളിവുഡ് ചിത്രത്തില്‍നിന്നു തന്നെ ഒഴിവാക്കിയതു ഫെഫ്കയുടെ നിര്‍ദേശപ്രകാരമാണെന്നാണ് തിലകന്‍ ആരോപിക്കുന്നത്.

ചിത്രത്തില്‍ അഭിനയിക്കാനുള്ള കരാറില്‍ ഒപ്പിട്ട് അഡ്വാന്‍സ് വാങ്ങിയതാണ്. ചിത്രത്തിലേക്കു വിളിച്ചപ്പോള്‍തന്നെ മലയാള സിനിമാ സംഘടനകളുമായുള്ള പ്രശ്‌നങ്ങള്‍ അവരോടു പറഞ്ഞിരുന്നു. അതു കുഴപ്പമില്ലെന്നും ഡേറ്റ് വേണമെന്നുമാണു ചിത്രത്തിന്റെ പ്രവര്‍ത്തകര്‍ പറഞ്ഞത്.

എന്നാല്‍ ഞാന്‍ അഭിനയിച്ചാല്‍ സിനിമയുമായി സഹകരിക്കാന്‍ സാങ്കേതിക പ്രവര്‍ത്തകര്‍ തയാറാകില്ലെന്നാണു ചിത്രത്തില്‍നിന്നു തഴഞ്ഞതിനുള്ള കാരണമായി കഴിഞ്ഞദിവസം 'ഡാം 999' ന്റെ ശില്‍പ്പികള്‍ അറിയിച്ചത്- തിലകന്‍ പറഞ്ഞു.

അമ്മ നാളെ വിളിച്ച കൂടിക്കാഴ്ചയില്‍ പങ്കെടുക്കണോയെന്ന് ആലോചിച്ചു വരികയാണ്. 2004നുശേഷം അമ്മ എനിക്കു കത്തയച്ചിട്ടില്ല. അമ്മ നിര്‍വാഹകസമിതി അംഗങ്ങള്‍ എന്നെ ഒട്ടേറെ തവണ ആക്രമിക്കാന്‍ ശ്രമിച്ചിട്ടുണ്ട്. ഇനിയും ആക്രമിക്കില്ലെന്ന് എന്താണുറപ്പ്- തിലകന്‍ ചോദിച്ചു.

മമ്മൂട്ടി അമ്മയിലെ ഒരംഗം മാത്രമാണ്. ചര്‍ച്ചയ്ക്കു വിളിക്കേണ്ടതു സംഘടന വഴിയാണ്. അമ്മയിലെ പലര്‍ക്കും എന്റെ കാര്യത്തില്‍ ദുഃഖമുണ്ട്. പുറത്താക്കുമോ എന്നു ഭയന്നാണ് അവര്‍ പ്രതികരിക്കാത്തത്.

അഭിനേതാക്കള്‍ മാത്രമല്ല പോസ്റ്റര്‍ ഒട്ടിക്കുന്നവര്‍വരെ ഉള്‍പ്പെട്ടതാണു ചലച്ചിത്ര വ്യവസായം. സാംസ്‌കാരികനായകര്‍ക്കു സിനിമ പ്രശ്‌നത്തില്‍ ഇടപെടാന്‍ അര്‍ഹതയില്ലെന്നു പറയുന്നവര്‍ സിനിമ വിജയിപ്പിക്കുന്നതു പ്രേക്ഷകരാണെന്നു മനസിലാക്കണം- തിലകന്‍ ഓര്‍മ്മിപ്പിച്ചു.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam