»   » ഓണം റിലീസുകള്‍ പ്രതിസന്ധിയില്‍

ഓണം റിലീസുകള്‍ പ്രതിസന്ധിയില്‍

Posted By:
Subscribe to Filmibeat Malayalam
Box Office
മലയാള ചലച്ചിത്രരംഗത്ത് ഏറ്റവും കൂടുതല്‍ ബിസിനസ്സ് നടക്കുന്ന ഓണം സീസണിന് തൊട്ടുമുമ്പായി രൂപപ്പെട്ട പ്രതിസന്ധി റിലീസുകളെ ബാധിയ്ക്കുമോയെന്ന് ആശങ്ക ഉയരുന്നു.

ഓണച്ചിത്രങ്ങള്‍ വൈഡ് റിലീസിനു വിധേയമാക്കുമെന്ന മന്ത്രിയുടെ വാഗ്ദാനം നടപ്പാകാതിരിക്കുന്നതിനെതിരെ ഒരുവിഭാഗം തിയറ്റര്‍ ഉടമകള്‍ രംഗത്തെത്തിയതാണ് പ്രതിസന്ധിയ്ക്ക് കാരണം. നിലവിലുള്ള തിയറ്ററുകള്‍ക്ക് പുറമേ മറ്റാര്‍ക്കെങ്കിലും പുതിയ സിനിമകള്‍ നല്‍കിയാല്‍ പിന്നെ ആ സിനിമ റിലീസ് ചെയ്യില്ലെന്നാണ് തിയറ്റര്‍ ഉടമകളിലെ പ്രമുഖ വിഭാഗത്തിന്റെ മുന്നറിയിപ്പ്. സിനിമകളുടെ റിലീസ് കിട്ടിയില്ലെങ്കില്‍ എതിര്‍വിഭാഗത്തിന്റെ തിയറ്ററുകള്‍ക്കു മുന്നില്‍ നിരാഹാരമനുഷ്ഠിക്കുമെന്ന് മറുവിഭാഗവും പ്രഖ്യാപിച്ചിട്ടുണ്ട്.

പുറത്തിറങ്ങുന്ന സിനിമകളത്രയും പ്രദര്‍ശിപ്പിക്കാന്‍ തിയറ്ററുകള്‍ ലഭ്യമല്ലെന്ന വ്യാപക പരാതി നിലനില്‍ക്കെയാണു റിലീസിംഗിന് അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് ഒരു വിഭാഗം തിയറ്റര്‍ ഉടമകള്‍ നിരാഹാരസമരത്തിന് ഒരുങ്ങുന്നത്.

നഗരങ്ങളിലെ തിയറ്ററുകളുടെ സംഘടനയായ എക്‌സിബിറ്റേഴ്‌സ് ഫെഡറേഷനും മറ്റു തിയറ്ററുകള്‍ ഉള്‍പ്പെടുന്ന എക്‌സിബിറ്റേഴ്‌സ് അസോസിയേഷനും തമ്മിലാണു തര്‍ക്കം. നിര്‍മാതാക്കള്‍ക്കും വിതരണക്കാര്‍ക്കും കൂടുതല്‍ തിയറ്ററുകളില്‍ ഒരേ സമയം പ്രദര്‍ശിപ്പിക്കുന്ന രീതിയില്‍ വൈഡ് റിലീസിനോടാണ് ആഭിമുഖ്യം.

മന്ത്രിയും മറ്റു സംഘടനകളും ഇതാവശ്യപ്പെടുമ്പോള്‍ ഫെഡറേഷന്‍ ഇതിനെ ശക്തമായി എതിര്‍ക്കുന്നു. നിലവില്‍ ഫെഡറേഷന്റെ നിയന്ത്രണത്തിലുള്ള 48 സെന്ററുകളിലെ തിയറ്ററുകളിലും അസോസിയേഷന്റെ നേതൃത്വത്തിലുള്ള 26 സെന്ററുകളിലുമാണ് റിലീസിംഗ് ഉള്ളത്.

തങ്ങളുടെ തിയറ്ററുകളിലല്ലാതെ മറ്റു തിയറ്ററുകളില്‍ സിനിമ പ്രദര്‍ശിപ്പിച്ചാല്‍ അപ്പോള്‍ തന്നെ പിന്‍വലിക്കുമെന്നാണു ഫെഡറേഷന്റെ സമ്മര്‍ദം. നഗരതിയറ്ററുകളില്‍ സിനിമ പ്രദര്‍ശിപ്പിക്കാന്‍ സാധിച്ചില്ലെങ്കില്‍ സിനിമയുടെ വിജയത്തെ സാരമായി ബാധിക്കുമെന്നതിനാല്‍ ഈ സമ്മര്‍ദത്തെ നേരിടാന്‍ വിതരണക്കാര്‍ക്കും നിര്‍മാതാക്കള്‍ക്കും കഴിയുന്നില്ല.

നിലവിലെ സാഹചര്യങ്ങള്‍ വിലയിരുത്താനും തീരുമാനമെടുക്കാനും വിവിധ സിനിമാ സംഘടനകള്‍ തിങ്കളാഴ്ച കൊച്ചിയില്‍ യോഗം ചേരുന്നുണ്ട്. ത്രീഡി സിനിമയായ മൈ ഡിയര്‍ കുട്ടിച്ചാത്തന്‍, പ്രണയം, സെവന്‍സ്, ഡോ. ലൗ, തേജാഭായി ഫാമിലി, ഉലകംചുറ്റും വാലിബന്‍ തുടങ്ങിയവയാണ് ഈ വര്‍ഷത്തെ പ്രധാന ഓണം റിലീസുകള്‍.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam