»   » കാസനോവ കേപ്ടൗണില്‍

കാസനോവ കേപ്ടൗണില്‍

Posted By:
Subscribe to Filmibeat Malayalam
Mohanlal
മോഹന്‍ലാലിന്റെ ഡ്രീം പ്രൊജക്ടെന്ന് വിശേഷിപ്പിക്കപ്പെടുന്ന കാസനോവയുടെ വര്‍ക്കുകള്‍ തുടങ്ങുന്നു. മെയ് 24ന് ഗോവയില്‍ ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിയ്ക്കാനാണ് പദ്ധതിയിട്ടിരിക്കുന്നത്.

ഗോവ, ദുബയ്, കൊച്ചി, ബാങ്കോക്ക്, കേപ്ടൗണ്‍ എന്നിങ്ങനെ വിവിധ ലൊക്കേഷനുകളിലായി 85 ദിവസത്തെ ഷൂട്ടിങിലൂടെ ചിത്രം പൂര്‍ത്തിയാക്കാനാണ് തീരുമാനം. ഇതില്‍ കേപ്ടൗണായിരിക്കും ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍.

ഒരു ഇന്റര്‍നാഷണല്‍ ഓര്‍ക്കിഡ് ഫഌവര്‍ മര്‍ച്ചന്റിന്റെ റോളിലാണ് ലാല്‍ അഭിനയിക്കുന്നത്. കഴിഞ്ഞ വര്‍ഷം ദുബയില്‍ കാസനോവയുടെ ഷൂട്ടിങ് ആരംഭിയ്ക്കാന്‍ തീരുമാനിച്ചിരുന്നെങ്കിലും അവസാന നിമിഷം ഇത് റദ്ദാക്കിയിരുന്നു. നിര്‍മാതാക്കളായ വൈശാഖ രാജന്‍ പിന്‍മാറിയതിനാലാണ് ഷൂട്ടിങ് മുടങ്ങിയത്. വമ്പന്‍ ബജറ്റിലൊരുക്കുന്ന ചിത്രം ലാഭകരമാവുമോയെന്ന സംശയത്തെ തുടര്‍ന്നായിരുന്നു വൈശാഖയുടെ പിന്‍മാറ്റം.

റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന ചിത്രം ഇപ്പോള്‍ കോണ്‍ഫിഡന്റ് ഗ്രൂപ്പും ഇംപ്രിസാരിയോ പിക്‌ചേഴ്‌സും സംയുക്തമായാണ് നിര്‍മ്മിയ്ക്കുന്നത്. ചിത്രത്തിന്റെ വിതരണം ഏറ്റെടുക്കാന്‍ വൈശാഖ സമ്മതിച്ചിട്ടുണ്ട്.

ഇന്ത്യയ്ക്ക് പുറമെ യുകെ, ഇറ്റലി, യുഎസ് എന്നിവിടങ്ങളിലായി കാസനോവയുടെ ഇന്റര്‍നാഷണല്‍ റിലീസ് ഉണ്ടാകുമെന്നാണ് അറിയുന്നത്. ഇന്ത്യയില്‍ കേരളത്തിനൊപ്പം ചെന്നൈ, ബാംഗ്ലൂര്‍, മുംബൈ, അഹമ്മദാബാദ് എന്നിവിടങ്ങളിലും ചിത്രം റിലീസ് ചെയ്യും. ഗണേഷ്, ലക്ഷ്മി റായി, സമീര റെഡ്ഡി, ഹണി റോസ്, സഞ്ജന, മിത്ര കുര്യന്‍ എന്നിങ്ങനെ ഒരു വന്‍താര നിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam