»   » 2009ല്‍ മമ്മൂട്ടിയുടെ പടയോട്ടം

2009ല്‍ മമ്മൂട്ടിയുടെ പടയോട്ടം

Posted By:
Subscribe to Filmibeat Malayalam
Mammootty
ബാലന്‍സ് ഷീറ്റില്‍ നഷ്ടങ്ങളുടെ മാത്രം കണക്ക് മാത്രം ബാക്കി വെച്ച് മലയാള സിനിമയുടെ ഒരു വര്‍ഷം കൂടി ഒടുങ്ങുകയാണ്. കോടികള്‍ വാരിയെറിഞ്ഞ നഷ്ടം മാത്രം പ്രതിഫലമായി ലഭിയ്ക്കുന്ന ഇവിടത്തെ സിനിമാ വിപണിയ്ക്ക് പകരം വെയക്കാന്‍ മറ്റൊന്നില്ലെന്ന് കരുതേണ്ടിയിരിക്കുന്നു.

അതേസമയം 2007-08 വര്‍ഷങ്ങളെ അപേക്ഷിച്ച് സിനിമകളുടെ എണ്ണത്തിലും വിജയങ്ങളിലും ഗുണമേന്മയിലും 2009 ഒരുപടി മുമ്പില്‍ നില്‍ക്കുന്നുവെന്ന് പറഞ്ഞാല്‍ തെറ്റില്ല. കഴിഞ്ഞ വര്‍ഷങ്ങളില്‍ 61 ചിത്രങ്ങള്‍ മാത്രം തിയറ്ററുകളിലെത്തിയപ്പോള്‍ ഇത്തവണ 78 സിനിമകളാണ് പ്രദര്‍ശനത്തിനെത്തിയത്. തെലുങ്ക്-കന്നഡ ഭാഷകളില്‍ നിന്നുള്ള മൊഴിമാറ്റം കൂടിയാവുമ്പോള്‍ സിനിമകളുടെ എണ്ണം നൂറിനടുത്തെത്തും.

മലയാള സിനിമയുടെ താരരാജാക്കന്മാരായി മമ്മൂട്ടിയും മോഹന്‍ലാലും തുടരുന്ന കാഴ്ച ബാക്കിവെച്ചു കൊണ്ടാണ് 2009 വിടപറയുന്നത്. അതേസമയം ബോക്‌സ് ഓഫീസ് വിജയങ്ങളുടെയും അഭിനയ സാധ്യതയുള്ള വേഷങ്ങളുടെയും കണക്കെടുക്കുമ്പോള്‍ മമ്മൂട്ടി ലാലിനെയും കടത്തിവെട്ടിയെന്ന് പറയുന്നതാവും ശരി.

ലൗ ഇന്‍ സിംഗപ്പോര്‍, ഈ പട്ടണത്തില്‍ ഭൂതം, ഡാഡി കൂള്‍, ലൗഡ് സ്പീക്കര്‍, കുട്ടിസ്രാങ്ക്, പഴശ്ശിരാജ, കേരള കഫെ, പാലേരി മാണിക്യം ഒരു പാതിരാക്കൊലപാതകത്തിന്റെ കഥ, ചട്ടമ്പിനാട് എന്നിങ്ങനെ ഒമ്പത് സിനിമകളാണ് മമ്മൂട്ടിയ്ക്ക് ഈ വര്‍ഷം ഉണ്ടായിരുന്നത്.

വാണിജ്യവിജയങ്ങള്‍ക്കും വ്യത്യസ്തതയ്ക്കും വേണ്ടി മമ്മൂട്ടി തിരഞ്ഞെടുത്ത ലൗ ഇന്‍ സിംഗപ്പോര്‍, പട്ടണത്തില്‍ ഭൂതം എന്നീ ചിത്രങ്ങള്‍ വമ്പന്‍ പരാജയങ്ങളായി മാറുകയാണുണ്ടായത്. കഥാപാത്രങ്ങളെ തിരഞ്ഞെടുക്കുന്നതിലുള്ള താരത്തിനുള്ള ധാരക്കുറവ് വെളിപ്പെടുത്തുന്ന വിധത്തിലായിരുന്നു ഈ രണ്ട് സിനിമകളും.
ലൗ ഇന്‍ സിംഗപ്പോര്‍ മമ്മൂട്ടിയുടെ കരിയറിന് ചീത്തപ്പേര് മാത്രമാണ് സമ്മാനിച്ചത്. കുട്ടികള്‍ക്ക് വേണ്ടിയുള്ള സിനിമയെന്ന ലേബലില്‍ തിയറ്ററുകളിലെത്തിയ ഭൂതത്തിനും ബോക്‌സ് ഓഫീസില്‍ ചലനമുണ്ടാക്കാനായില്ല.

ലൗഡ് സ്പീക്കര്‍, ഡാഡി കൂള്‍ ഹിറ്റ് പട്ടികയില്‍ ഇടംപിടിച്ചപ്പോള്‍ പഴശ്ശിരാജ മലയാള സിനിമയില്‍ പുതിയ ചരിത്രമെഴുതി. വര്‍ഷാന്ത്യത്തില്‍ തിയറ്ററുകളിലെത്തിയ മമ്മൂട്ടി ചിത്രങ്ങളായ പാലേരി മാണിക്യം, ചട്ടമ്പിനാടും മികച്ച വിജയങ്ങളുടെ പട്ടികയിലേക്ക് നീങ്ങുകയാണ്. കുട്ടിസ്രാങ്കിന് തിയറ്റര്‍ റിലീസായില്ലെങ്കിലും വിദേശ ചലച്ചിത്ര മേളകളിലുള്‍പ്പെടെ പങ്കെടുത്ത് നിരൂപക പ്രശംസ നേടാന്‍ ഈ സിനിമയ്ക്കായി. തിരക്കുകള്‍ക്കിടയിലും കേരള കഫെ പോലുള്ള പരീക്ഷണ ചിത്രങ്ങളുമായി സഹകരിച്ച് കൈയ്യടി നേടാനും മമ്മൂട്ടിയ്ക്ക് കഴിഞ്ഞു.

ഒരേ സമയം വാണിജ്യ സിനിമകളുടെയും കലാമൂല്യമുള്ള സിനിമകളുടെയും ഭാഗമാകാന്‍ കഴിഞ്ഞതിലൂടെയാണ് 2009 തന്റേതാക്കി മാറ്റാന്‍ മമ്മൂട്ടിയ്ക്ക് കഴിഞ്ഞത്.

അടുത്ത പേജില്‍
ലാലിന് ഓര്‍ക്കാന്‍ ഭ്രമരവും സ്വര്‍ഗ്ഗവും മാത്രം

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam