»   » ലാലിന് ഓര്‍ക്കാന്‍ ഭ്രമരവും സ്വര്‍ഗ്ഗവും മാത്രം

ലാലിന് ഓര്‍ക്കാന്‍ ഭ്രമരവും സ്വര്‍ഗ്ഗവും മാത്രം

Posted By:
Subscribe to Filmibeat Malayalam
Mohanlal
സമാനമായ പിഴവുകള്‍ പലവുരു ആവര്‍ത്തിച്ചതാണ് 2009ല്‍ മോഹന്‍ലാലിന് സുഖകരമല്ലാതാക്കി തീര്‍ത്തത്. റെഡ് ചില്ലീസ്, സാഗര്‍ ഏലിയാസ് ജാക്കി, ഭ്രമരം, ഭഗവാന്‍, ഏയ്ഞ്ചല്‍ ജോണ്‍, ഇവിടം സ്വര്‍ഗ്ഗമാണ് എന്നിങ്ങനെ ആറോളം ചിത്രങ്ങളില്‍ സാന്നിധ്യം രേഖപ്പെടുത്തിയെങ്കിലും 2009നെ മറക്കാനായിരിക്കും ലാല്‍ ഇഷ്ടപ്പെടുക.

2009 ജനുവരിയില്‍ പുറത്തിറിങ്ങിയ റെഡ് ചില്ലീസ് ബോക്‌സ് ഓഫീസില്‍ വലിയ നഷ്ടമുണ്ടാക്കാതെ ഓടി തീര്‍ന്നെങ്കിലും ചിത്രം ലാലിന് ഒരു ഗുണവും ചെയ്തില്ല. വമ്പന്‍ പ്രതീക്ഷകളോടെ എത്തിയ സാഗര്‍ ഏലിയാസ് ജാക്കിയുടെ പരാജയമാണ് ലാലിനേറ്റ മറ്റൊരു തിരിച്ചടി.

എന്നാല്‍ ബ്ലെസിയുടെ സംവിധാനത്തിലെത്തിയ ഭ്രമരം ലാല്‍ എന്ന നടന്റെ റേഞ്ച് പൂര്‍ണമായി വെളിപ്പെടുത്തിയ ചിത്രമായിരുന്നു. ഭ്രമരത്തിലെ ശിവന്‍കുട്ടിയെന്ന കഥാപാത്രത്തെ ലാല്‍ അവിസ്മരണീയമാക്കി. ലാലിന്റെ കരിയറിലെ മികച്ച കഥാപാത്രങ്ങളില്‍ ഉള്‍പ്പെടുത്താവുന്ന ശിവന്‍കുട്ടി മമ്മൂട്ടിയുടെ പുരസ്‌ക്കാര മോഹങ്ങള്‍ക്ക് വെല്ലുവിളിയാകുമോയെന്നാണ് ഇപ്പോള്‍ ചലച്ചിത്ര ലോകം ഉറ്റുനോക്കുന്നത്.

ലാല്‍ അഭിനയിച്ച് ഒറ്റദിവസം കൊണ്ട് ഷൂട്ടിങ് തീര്‍ത്ത ഭഗവാനും താരം അതിഥി വേഷത്തിലെത്തിയ ഏയ്ഞ്ചല്‍ ജോണും തിയറ്ററുകളില്‍ വന്നതും പോയതും ഒരുമിച്ചായിരുന്നു.

2009ന്റെ അവസാന ആഴ്ചയില്‍ തിയറ്ററുകളിലെത്തിയ ഇവിടം സ്വര്‍ഗ്ഗമാണ് മികച്ച സിനിമയെന്ന പേരെടുത്തതിന്റെ ആശ്വാസവുമായാണ് ലാല്‍ പുതു വര്‍ഷത്തിലേക്ക് കാലൂന്നത്. അമാനുഷിക കഥാപാത്രങ്ങളല്ല, അഭിനയ സാധ്യതയുള്ള കഥാപാത്രങ്ങളാണ് ലാലില്‍ നിന്നും പ്രേക്ഷകര്‍ പ്രതീക്ഷിയ്ക്കുന്നത്. ഇതിന് ഉദാഹരണമായി മാറുകയാണ് 2009.

മമ്മൂട്ടി-ലാല്‍ സാമ്രാജ്യത്തിലേക്ക് പടനയിക്കാന്‍ മറ്റു സൂപ്പര്‍ താരങ്ങള്‍ക്കാര്‍ക്കും പുതുമുഖങ്ങള്‍ക്കും ഈ വര്‍ഷവും കഴിഞ്ഞില്ല. പുതിയ മുഖം ഒറ്റയ്ക്ക് വിജയിപ്പിക്കാന്‍ കഴിഞ്ഞെങ്കിലും റോബിന്‍ഹുഡും കലണ്ടറും പൃഥ്വിയ്ക്ക് കയ്‌പേറിയ അനുഭവമായി മാറി. വലിയ സംവിധായകരുടെ സിനിമകളില്‍ നായകനാകാന്‍ കഴിഞ്ഞെങ്കിലും പാസഞ്ചര്‍ മാത്രമാണ് ദിലീപിന് ആശ്വാസമായത്. ഭാഗ്യദേവതയിലൂടെ ഒരു വിജയചിത്രത്തിന്റെ ഭാഗമാകാന്‍ ജയറാമിന് കഴിഞ്ഞപ്പോള്‍ പഴയ ആക്ഷന്‍ ഹീറോ സുരേഷ് ഗോപിയ്ക്ക് അതിനുള്ള ഭാഗ്യം പോലും ലഭിച്ചില്ല. അതേ സമയം നായകനായും ഉപനായകനായും തകര്‍ത്തഭിനയിച്ച് വിജയങ്ങള്‍ സ്വന്തമാക്കിയ ജയസൂര്യ 2009ലെ കറുത്ത കുതിരയായി മാറിയെന്ന് പറയാം.
മുന്‍ പേജില്‍
2009ല്‍ മമ്മൂട്ടിയുടെ പടയോട്ടം

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam