രണ്ടാനച്ഛനാല്‍ ബലാത്സംഗത്തനിരയായ സോഫിയയെ ചേര്‍ത്തുനിര്‍ത്തിയ സോളമന്‍! ആ പ്രണയകാവ്യത്തിന് 32!
നമുക്ക് ഗ്രാമങ്ങളില്‍ ചെന്ന് രാപാര്‍ക്കാം, അതികാലത്തെഴുന്നേറ്റ് മുന്തിരിത്തോട്ടങ്ങളില്‍ പോയി മുന്തിരിവള്ളി തളിര്‍ത്ത് പൂവിടരുകയും മാതളനാരകം പൂവിടുകയും ചെയ്‌തോയെന്ന് നോക്കാം, അവിടെ വെച്ച് ഞാന്‍ നിനക്കെന്റെ പ്രേമം തരാം, മലയാളികള്‍ എന്നും ഓര്‍ത്തിരിക്കുന്ന മനോഹരമായ പ്രണയരംഗങ്ങളിലൊന്നാണിത്. മലയാളത്തിന്റെ സ്വന്തം സംവിധായകനായ പത്മരാജന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്ത സിനിമയാണ് നമുക്ക് പാര്‍ക്കാന്‍ മുന്തിരിത്തോപ്പുകള്‍. കെകെ സുധാകരന്റെ നമുക്ക് ഗ്രാമങ്ങളില്‍ ചെന്ന് രാപാര്‍ക്കാം എന്ന നോവലിനെ അടിസ്ഥാനമാക്കിയാണ് ചിത്രമൊരുക്കിയത്. ക്രിസ്തീയ പശ്ചാത്തലത്തിലൊരുക്കിയ മനോഹരമായ പ്രണയചിത്രത്തില്‍ ഉത്തമഗീതത്തിലെ സന്ദേശങ്ങളാണ് ഉപയോഗിച്ചത്.
അന്നുവരെയുള്ള ക്ലൈമാക്‌സ് രംഗങ്ങളില്‍ നിന്നും വ്യത്യസ്തമായ തരത്തിലാണ് ഈ സിനിമയുടെ ക്ലൈമാക്‌സ് ചിത്രീകരിച്ചത്. മോഹന്‍ലാലും ശാരിയുമായിരുന്നു സോഫിയയും സോളമനുമായെത്തിയത്. തിലകന്‍, വിനീത്, കവിയൂര്‍ പൊന്നമ്മ, പൂജപ്പുര രാധാകൃഷ്ണന്‍ തുടങ്ങി വന്‍താരനിര തന്നെ ചിത്രത്തില്‍ അണിനിരന്നിരുന്നു. ഒഎന്‍വി കുറിപ്പിന്റ വരികള്‍ക്ക് ഈണം പകര്‍ന്നത് ജോണ്‍സണാണ്. ഇന്നും മലയാളികളുടെ കാതിലുണ്ട് ഈ സിനിമയിലെ ഗാനങ്ങള്‍. ഈ സിനിമ റിലീസ് ചെയ്തിട്ട് 32 വര്‍ഷം പിന്നിടുകയാണ്. പതിവ് രീതികളെയും ചട്ടക്കൂടുകളെയും പൊളിച്ചെഴുതിയ ചിത്രം പുതിയൊരു യുഗത്തിന് കൂടിയാണ് തുടക്കമിട്ടത്.

രണ്ടാനച്ഛനാല്‍ ബലാത്സംഗത്തിനിരയായ സോഫിയയെ സോളമന്‍ ജീവിതത്തിലേക്ക് കൈപിടിച്ച് കയറ്റിയപ്പോള്‍ മാറി മറിഞ്ഞത് അതുവരെയുള്ള നായികനായകസങ്കല്‍പ്പം കൂടിയായിരുന്നു. സാധാരണക്കാരായ ആളുകളുടെ ജീവിതം അതിമനോഹരമായി വരച്ച് വെക്കുകയായിരുന്നു പത്മരാജന്‍. ക്രിസ്തീയ പശ്ചാത്തലവും ഉത്തമഗീതങ്ങളിലെ അതിസുന്ദരമായ പ്രണയശകലങ്ങളുമൊക്കെയായിരുന്നു ചിത്രത്തിന്റെ മറ്റൊരു മുഖമുദ്ര. മോഹന്‍ലാലിന്റെയും തിലകന്റെയും അസാമാന്യ അഭിനയമികവായിരുന്നു മറ്റൊരു പ്രധാനഘടകം. വര്‍ഷങ്ങളെത്രയായാലും പത്മരാജനും മുന്തിരിത്തോപ്പുകളും മറന്നൊരു സിനിമ മലയാളിക്കില്ല.


Click it and Unblock the Notifications











