സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തില്‍ മികച്ച നടനായി സുരാജ് വെഞ്ഞാറമൂട്
50ാമത് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങളില്‍ മികച്ച നടനായി സുരാജ് വെഞ്ഞാറമൂട്. ആന്‍ഡ്രോയിഡ് കുഞ്ഞപ്പന്‍ 5.25, വികൃതി, തുടങ്ങിയ സിനിമകളിലെ പ്രകടനത്തിനാണ് അവാര്‍ഡ്. കഴിഞ്ഞ വര്‍ഷം മലയാള സിനിമയില്‍ മികച്ച പ്രകടനം നടത്തിയ താരങ്ങളില്‍ ഒരാള്‍ കൂടിയായിരുന്നു സുരാജ്. മൂന്ന് സിനിമകളിലും വ്യത്യസ്ത കഥാപാത്രങ്ങളെയാണ് നടന്‍ അവതരിപ്പിച്ചിരുന്നത്. ആന്‍ഡ്രോയിഡ് കുഞ്ഞപ്പനില്‍ ഭാസ്‌കര പൊതുവാള്‍ എന്ന അറുപതിലധികം പ്രായമുളള റോളിലാണ് സുരാജ് എത്തിയിരുന്നത്.

നടന് മികച്ച പ്രേക്ഷക പ്രശംസകള്‍ നേടിക്കൊടുത്ത കഥാപാത്രമായിരുന്നു ഇത്.. ചിത്രത്തില്‍ സൗബിന്‍ ഷാഹിറും സുരാജ് വെഞ്ഞാറമൂടിനൊപ്പം പ്രധാന വേഷത്തില്‍ എത്തിയിരുന്നു. വികൃതിയില്‍ ഏല്‍ദോ എന്ന കഥാപാത്രത്തെയാണ് സുരാജ് അവതരിപ്പിച്ചിരുന്നത്.വികൃതിയിലെ പ്രകടനവും നടന്റെതായി കഴിഞ്ഞ വര്‍ഷം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
ആന്‍ഡ്രോയിഡ് കുഞ്ഞപ്പന്‍, വികൃതി തുടങ്ങിയ സിനിമകള്‍ക്ക് പുറമെ ഡ്രൈവിംഗ് ലൈസന്‍സ് എന്ന ചിത്രത്തിലെ സുരാജിന്റെ പ്രകടനവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ലാല്‍ ജൂനിയര്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ പൃഥ്വിരാജിനൊപ്പം മല്‍സരിച്ചുളള അഭിനയപ്രകടനമായിരുന്നു സുരാജ് വെഞ്ഞാറമൂട് കാഴ്ചവെച്ചത്. മുന്‍പ് മൂന്ന് തവണ മികച്ച ഹാസ്യനടനുളള സംസ്ഥാന പുരസ്‌കാരം സുരാജ് വെഞ്ഞാറമൂടിന് ലഭിച്ചിരുന്നു. 2009, 2010, 2013 വര്‍ഷങ്ങളിലായിരുന്നു നടന് അവാര്‍ഡ് ലഭിച്ചിരുന്നത്.
പേരറിയാത്തവര്‍ എന്ന ചിത്രത്തിലൂടെ മികച്ച നടനുളള ദേശീയ പുരസ്‌കാരം നേടിയ താരമാണ് സുരാജ് വെഞ്ഞാറമൂട്. മിമിക്രി വേദികളില്‍ നിന്നും സിനിമയിലെത്തിയ നടന്‍ കരിയറിന്റെ തുടക്കത്തില്‍ ഹാസ്യ വേഷത്തിലാണ് കൂടുതല്‍ തിളങ്ങിയിരുന്നത്. പിന്നീട് മലയാളത്തില്‍ എല്ലാതരം വേഷങ്ങളും ചെയ്ത് മികച്ച നടന്‍മാരില്‍ ഒരാളായും മാറുകയായിരുന്നു. 250ലധികം സിനിമകളില്‍ മോളിവുഡില്‍ അഭിനയിച്ചിട്ടുളള താരമാണ് നടന്‍.
Recommended Video
അതേസമയം സാംസ്‌കാരിക വകുപ്പ് മന്ത്രി ഏകെ ബാലനാണ് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചത്. ഡിസംബറിലാണ് പുരസ്കാര വിതരണ ചടങ്ങ് ഉണ്ടാവുകയെന്ന് വാര്‍ത്താ സമ്മേളനത്തില്‍ മന്ത്രി അറിയിച്ചിരുന്നു. ഇത്തവണ ചായാഗ്രാഹകനും സംവിധായകനുമായ മധു അമ്പാട്ട് (ചെയര്‍മാന്‍), സംവിധായകരായ സലീം അഹമ്മദ്, എബ്രിഡ് ഷൈന്‍, ഛായാഗ്രാഹകന്‍ വിപിന്‍ മോഹന്‍, ചിത്രസംയോജകനായ എല്‍ ഭൂമിനാഥന്‍, സൗണ്ട് എഞ്ചിനിയര്‍ എസ് രാധാകൃഷ്ണന്‍, ഗായിക ലതിക, അഭിനേത്രി ജോമോള്‍, എഴുത്തുകാരന്‍ ബെന്യാമിന്‍, ചലച്ചിത്ര അക്കാദമി സെക്രട്ടറി സി അജോയ്, മെംബര്‍ സെക്രട്ടറി എന്നിവര്‍ അടങ്ങുന്ന ജൂറിയാണ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചത്.


Click it and Unblock the Notifications