ഭാമയ്ക്കും വിനു മോഹനും തുടക്കം പിഴച്ചില്ല
പുതുമുഖങ്ങളെ നായികാനായകന്‍മാരാക്കി ലോഹിതദാസ് ഒരുക്കിയ നിവേദ്യം പരാജയപ്പെട്ടെങ്കിലും ആ ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച വിനു മോഹനും ഭാമയ്ക്കും തുടക്കം പിഴച്ചില്ല. പരാജയപ്പെട്ട പുതുമുഖ ചിത്രങ്ങളിലെ നായികാ നായകന്‍ന്മാര്‍ക്ക് നേരിടേണ്ടി വന്ന ഗതികേട് ഇരുവര്‍ക്കുമുണ്ടായില്ല.
പുതുമുഖങ്ങളെ നായികാനായകന്‍മാരാക്കി ഫാസില്‍ സംവിധാനം ചെയ്ത ചിത്രമാണ് കയ്യെത്തും ദൂരത്ത്. ടി.കെ.രാജീവ് കുമാറിന്റെ ക്ഷണക്കത്തിലും പുതുമുഖങ്ങളായിരുന്നു നായികാനായകന്മാര്‍. പരാജയപ്പെട്ട ഈ ചിത്രങ്ങളിലെ നായികാ നായകന്‍മാര്‍ക്ക് പിന്നീട് അവസരങ്ങളൊന്നും ലഭിച്ചില്ല. കയ്യെത്തും ദൂരത്തിലെ നായിക നികിത മാത്രമാണ് അന്യഭാഷാ ചിത്രങ്ങളില്‍ ഗ്ലാമര്‍ വേഷങ്ങളില്‍ പിടിച്ചുനില്‍ക്കാന്‍ ശ്രമിക്കുന്നത്.
അതേ സമയം വിനു മോഹനെയും ഭാമയെയും പുതിയ അവസരങ്ങള്‍ തേടിയെത്തുകയാണ്. വിനയന്‍ സംവിധാനം ചെയ്യുന്ന ഹരീന്ദ്രന്‍ ഒരു നിഷ്കളങ്കന്‍ എന്ന ചിത്രത്തിലെ നായിക ഭാമയാണ്. ഇന്ദു എന്ന കഥാപാത്രത്തെയാണ് ഭാമ ഈ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. ചിത്രത്തില്‍ ടൈറ്റില്‍ റോളില്‍ അഭിനയിക്കുന്ന ഇന്ദ്രജിത്തിന്റെ നായികയാണ് ഭാമ.
ഭാമക്ക് ഏറെ പ്രതീക്ഷയുള്ള മറ്റൊരു ചിത്രം സൈക്കിളാണ്. വമ്പന്‍ വിജയമായ ക്ലാസ് മേറ്റ്സിന്റെ തിരക്കഥാകൃത്ത് ജെയിംസ് ആല്‍ബര്‍ട്ടിന്റെ തിരക്കഥയില്‍ ജോണി ആന്റണി ഒരുക്കുന്ന ചിത്രമാണ് സൈക്കിള്‍. ചിത്രത്തില്‍ വിനീത് ശ്രീനിവാസന്റെ നായികയാണ് ഭാമ.
നിവേദ്യത്തിലൂടെ ഭാമയോടൊപ്പം സിനിമയിലെത്തിയ വിനു മോഹനാണ് സൈക്കിളിലെ മറ്റൊരു നായകന്‍. നിവേദ്യം ഹിറ്റായില്ലെങ്കിലും സൈക്കിളില്‍ ഇരുവര്‍ക്കും ഏറെ പ്രതീക്ഷകളുണ്ട്. സൈക്കിള്‍ വിജയിച്ചാല്‍ അവസരങ്ങളുടെ പുതിയ വാതിലുകളാവും അവര്‍ക്ക് മുന്നില്‍ തുറയ്ക്കുന്നത്.


Click it and Unblock the Notifications