കാത്തിരിപ്പിനൊടുവിൽ നിരാശ, 72ാമത് ദേശീയ പുരസ്കാര പ്രഖ്യാപനം ഇന്നുണ്ടാകില്ല; വിവരങ്ങൾ
72ാമത് ദേശീയ പുരസ്കാര പ്രഖ്യാപനത്തിനായി കാത്തിരിക്കുകയായിരുന്നു ജനങ്ങൾ. എന്നാൽ ഇപ്പോൾ പുറത്ത് വരുന്ന വിവരപ്രകാരം പുരസ്കാര പ്രഖ്യാപനം ഇന്നുണ്ടാകില്ല. ജൂലെെ മാസത്തിൽ പ്രഖ്യാപനമുണ്ടാകുമെങ്കിലും മാറ്റിയ തിയതി പുറത്ത് വന്നിട്ടില്ല. ഇന്ത്യ ടുഡേയ്ക്ക് നൽകിയ പ്രതികരണത്തിലാണ് അവാർഡ് പ്രഖ്യാപനം ഇന്നുണ്ടാകില്ലെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ വ്യക്തമാക്കിയത്. ഒരുപക്ഷെ അടുത്തയാഴ്ച പ്രഖ്യാപനം ഉണ്ടാകും. തിയതി തീരുമാനിച്ച ശേഷം ഔദ്യോഗികമായി ഇക്കാര്യം അറിയിക്കുമെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. കഴിഞ്ഞ വർഷം ഷാരൂറ് ഖാനും (ജവാൻ) വിക്രാന്ത് മാസിയും (12 ത് ഫെയിൽ) ആയിരുന്നു മികച്ച നടൻമാരായി തെരഞ്ഞെടുക്കപ്പെട്ടത്. മിസിസ് ചാറ്റർജി വെർസസ് നോർവെയിലൂടെ റാണി മുഖർജി മികച്ച നടിയായി. 12ത് ഫെയിൽ മികച്ച സിനിമയും.
ഇത്തവണ മലയാള സിനിമാ ലോകത്തിന് ഏറെ പ്രതീക്ഷയുണ്ട്. ഭ്രമയുഗം, മഞ്ഞുമ്മൽ ബോയ്സ്, കിഷ്കിന്ധാ കാണ്ഡം എന്നീ സിനിമകളാണ് ജൂറിയുടെ അന്തിമപരിഗണനാ പട്ടികയിൽ ഇടംപിടിച്ച മലയാള സിനിമകൾ. മൂന്ന് സിനിമകളിലും വലിയ പ്രതീക്ഷയുണ്ട്. പാൻ ഇന്ത്യൻ തലത്തിൽ ശ്രദ്ധിക്കപ്പെട്ട സിനിമകളാണിവ. മികച്ച നടനുള്ള പുരസ്കാരം മമ്മൂട്ടിക്ക് ലഭിക്കുമോ അതോ പൃഥ്വിരാജിന് ലഭിക്കുമോ എന്ന ആകാംക്ഷയിലാണ് മലയാളികൾ. ഭ്രമയുഗത്തിലെ പ്രകടനത്തിലൂടെ മികച്ച നടനുള്ള പട്ടികയിൽ മമ്മൂട്ടി ഇടം പിടിച്ചിട്ടുണ്ട്. ആടൂജീവിതത്തിലെ പ്രകടനത്തിന് പൃഥ്വിരാജിന് പുരസ്കാരം ലഭിക്കണമെന്നാണ് ആരാധകരുടെ ആഗ്രഹം.

സായ് പല്ലവിയാണ് മികച്ച നടിമാരുടെ മത്സരത്തിൽ മുന്നിലുള്ളത്. അമരനിലെ പ്രകടനത്തിലൂടെയാണ് സായ് പല്ലവി പട്ടികയിൽ ഇടം പിടിച്ചത്.
മൂന്ന് തവണ മികച്ച നടനുള്ള ദേശീയ പുരസ്കാരം മമ്മൂട്ടിക്ക് ലഭിച്ചിട്ടുണ്ട്. വടക്കൻ വീരഗാഥ, മതിലുകൾ, എന്നീ സിനിമകളിലൂടെ 1990 ൽ ആദ്യ ദേശീയ പുരസ്കാരം ലഭിച്ചു. 1994 ൽ വിധേയൻ, പൊന്തൻമാട എന്നീ സിനിമകളിലെ പ്രകടനത്തിനായിരുന്നു മികച്ച നടനുള്ള രണ്ടാമത്തെ തവണത്തെ പുരസ്കാരം. 2000 ൽ ഡോ. ബാബസാഹിബ് അംബേദ്കർ എന്ന സിനിമയിലൂടെ മൂന്നാമതും പുരസ്കാരം നേടി. മികച്ച നടനുള്ള ദേശീയ ചലച്ചിത്ര അവാർഡിന്റെ അവസാന റൗണ്ടിൽ ഏറ്റവും കൂടുതൽ തവണ എത്തിയതിന്റെ റെക്കോർഡും മമ്മൂട്ടിക്കാണ്.


Click it and Unblock the Notifications
