twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ബാബുവേട്ടന്റെ ഇന്‍ട്രോ ടിവിയില്‍ കാണുമ്പോള്‍ ഉണ്ടായിരുന്ന ആവേശവും രോമാഞ്ചവും, വൈറല്‍ കുറിപ്പ്

    By Midhun Raj
    |

    ആക്ഷന്‍ സിനിമകളിലൂടെ ഒരുകാലത്ത് സിനിമ പ്രേമികളെ ആവേശത്തിലാഴ്ത്തിയ താരമാണ് ബാബു ആന്റണി. നടന്‌റെ മിക്ക സിനിമകളും തിയ്യേറ്ററുകളില്‍ വലിയ ഓളമാണുണ്ടാക്കിയത്. നായകനായും സഹനടനായുമൊക്ക ബാബു ആന്റണി മോളിവുഡില്‍ തിളങ്ങിയിരുന്നു. മലയാളത്തിന് പുറമെ മറ്റ് അന്യാഭാഷാ ചിത്രങ്ങളിലും അഭിനയിച്ചിരുന്നു താരം. റിലീസ് ചെയ്ത് വര്‍ഷങ്ങള്‍ കഴിഞ്ഞെങ്കിലും ഇപ്പോഴും ബാബു ആന്റണി ചിത്രങ്ങള്‍ ടിവിയില്‍ വന്നാല്‍ മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിക്കാറുളളത്.

    സ്‌റ്റൈലിഷ് ചിത്രങ്ങളുമായി അല്ലു അര്‍ജുന്‍റെ നായിക, ഫോട്ടോസ് കാണാം

    അതേസമയം ബാബു ആന്റണിയെ കുറിച്ച് മൂവീ സ്ട്രീറ്റ് ഗ്രൂപ്പില്‍ സുനില്‍ വെയ്ന്‍സ് എന്ന പ്രേക്ഷകന്‍ എഴുതിയ കുറിപ്പ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ബാബു ആന്‌റണി ചിത്രങ്ങള്‍ കണ്ട് ആവേശംകൊണ്ട കാലത്തെ ഓര്‍മ്മകള്‍ പങ്കുവെച്ചുളളതാണ് കുറിപ്പ്. "1990കളുടെ തുടക്കം മുതല്‍ മലയാള സിനിമയില്‍ ആവര്‍ത്തിച്ചു കണ്ടിരുന്നൊരു ക്ലീഷേ ഐറ്റം ഉണ്ട്. പരമ്പരാഗതമായി ശത്രുത നിലനില്‍ക്കുന്ന രണ്ട് ക്രിസ്ത്യന്‍ കുടുംബങ്ങള്‍. ശത്രുക്കള്‍ എന്ന് പറഞ്ഞാല്‍ പോരാ,എല്ലാ അര്‍ത്ഥത്തിലും ശത്രുക്കള്‍. എല്ലാം കൊണ്ടും വിരുദ്ധചേരിയില്‍ നില്‍ക്കുന്നവര്‍..

    നാട്ടില്‍ പള്ളിപെരുന്നാള്‍ വന്നാലോ

    നാട്ടില്‍ പള്ളിപെരുന്നാള്‍ വന്നാലോ,മറ്റെന്ത് ആഘോഷ പരിപാടികള്‍ വന്നാലോ,അത് ഏറ്റെടുത്ത് നടത്താന്‍ ഇരുകൂട്ടരും എന്നും പോര്‍വിളിയാണ്. എന്ത് കാര്യത്തില്‍ ആണെങ്കിലും പരസ്പരം പോരടിക്കുക/വെല്ലുവിളി നടത്തുക/ചീറിയടുക്കുക/വാഗ്വാദങ്ങളില്‍ ഏര്‍പ്പെടുക. ഇതൊക്കെയാണ് കാലാകാലങ്ങളായി ഇക്കൂട്ടര്‍ ആചരിച്ചു വരുന്ന അനുഷ്ഠാന കലകള്‍. വര്‍ഷങ്ങള്‍ക്ക് മുമ്പ് ഏതെങ്കിലും കോടതിവിധി ഒരു കുടുംബത്തിന് അനുകൂലമായതിനെ തുടര്‍ന്നോ അതുമല്ലെങ്കില്‍ ഏതെങ്കിലും ഒരു കുടുംബത്തിലെ പെണ്‍കുട്ടി മറുകുടുംബത്തിലെ ആണ്‍കുട്ടിയോടൊപ്പം ഇറങ്ങിപ്പോയതിനെ തുടര്‍ന്നോ ആയിരിക്കും മിക്കവാറും സിനിമകളിലും ഈ കുടുംബങ്ങള്‍ തമ്മിലുള്ള കുടിപ്പക ഉടലെടുത്തിട്ടുണ്ടാവുക. ഇതിനിടെ പുട്ടിന് പീര പോലെ,എല്ലാ സിനിമകളിലും മധ്യസ്ഥം പറയാന്‍ പരമസാധുവായ ഒരു പള്ളീലച്ചന്‍ കാണും.

    അപ്പുറത്തെ വിവരങ്ങള്‍

    അപ്പുറത്തെ വിവരങ്ങള്‍ ഇപ്പുറത്തെ വീട്ടിലേക്ക് ചോര്‍ത്തി കൊടുക്കാനും ഇപ്പുറത്തെ വിവരങ്ങള്‍ അപ്പുറത്തെ വീട്ടിലേക്ക് ചോര്‍ത്തി കൊടുക്കാനും സര്‍വദാ സന്നദ്ധരായ വേലക്കാരും കാണും. ഇതിനിടയിലെപ്പോഴോ ആണ് കഥയിലെ ഏറ്റവും മര്‍മ പ്രധാനമായ ട്വിസ്റ്റുകളില്‍ ഒന്ന് അരങ്ങേറുന്നത്. ഏതെങ്കിലും കുടുംബത്തിലെ ഇളയ പുരുഷപ്രജക്ക് മറുകുടുംബത്തിലെ പെണ്‍കുട്ടിയോട് ഉടലെടുക്കുന്ന അഗാധമായ പ്രണയം. മിക്കവാറും ഇരുവരും ഒരു കോളേജില്‍ ആയിരിക്കും പഠിക്കുന്നുണ്ടാവുക. നടന്‍ ബൈജുവിനാണ് സാധാരണ ഇത്തരം റോളുകള്‍ ചെയ്യാനുള്ള നിയോഗം മിക്കവാറും സിനിമകളില്‍ അന്ന് സ്ഥിരമായി സിദ്ധിച്ചിരുന്നത്. ബന്ധത്തില്‍ നിന്നൊഴിയാന്‍ പെണ്‍കുട്ടി ഒരു കാരണവശാലും തയ്യാറല്ല എന്നറിയുമ്പോഴാണ് കാമുകന്‍ ചെക്കനെ ശാരീരികമായി ഉപദ്രവിക്കാനോ അതുമല്ലെങ്കില്‍ അവനെ വകവരുത്താനോ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ തീരുമാനിക്കുന്നത്.

    അങ്ങനെ ആറ്റുനോറ്റ്

    അങ്ങനെ ആറ്റുനോറ്റ് ഒരു സുദിനം കണ്ടെത്തി കാമുകന്‍ ചെക്കന്റെ കഴുത്തില്‍ കത്തി കയറ്റാന്‍ ഒരുങ്ങുന്ന നേരത്താണ് അത്ര നേരം കണ്ണില്‍ എണ്ണയൊഴിച്ച് കാത്തിരുന്ന,പ്രേക്ഷകന്റെ കാത്തിരിപ്പിന് അറുതി വരുന്നത്. നായകന്റെ വരവ് മ്മടെ ബാബ്വേട്ടന്റെ വരവ്..ബാബു ആന്റണിയുടെ വരവ്..വരവെന്ന് പറഞ്ഞ അതങ്ങനെയൊരു വെറും വരവല്ല..ഒരൊന്നൊന്നര വരവാണ്..ഡെനിം ജീന്‍സിട്ട്..കഴുത്തില്‍ ഒരു മാലയിട്ട്..പിറകിലോട്ട് നീട്ടി വളര്‍ത്തിയ സമൃദ്ധമായ മുടി കാണിച്ച്. ഷര്‍ട്ടിന്റെ ആദ്യ രണ്ട് ബട്ടണ്‍സുകള്‍ ഇടാതെ..നെഞ്ചാംകൂട്ടിലെ രോമകൂപങ്ങള്‍ മുഴുവന്‍ പുറത്തേക്ക് കാണിച്ച്..ഘട ഘട ശബ്ദത്തോടെ ബുള്ളറ്റില്‍ പ്രത്യക്ഷപ്പെടുന്ന രാജകീയമായൊരു എന്‍ട്രി ഈ ഒരൊറ്റ ഇന്‍ട്രോ സീനില്‍ തന്നെ മൊത്തം രോമാഞ്ജിഫിക്കേഷന്‍ ഇങ്ങോട്ടിറങ്ങി വരും പിന്നെ എല്ലാം പ്രെഡിക്ടബിള്‍ ആണ്.

    കാമുകന്‍ ചെക്കനെ ബാബുവേട്ടന്‍

    കാമുകന്‍ ചെക്കനെ ബാബുവേട്ടന്‍ രക്ഷിക്കുന്നു. ഒപ്പം കാമുകിയെയും സംഘട്ടനത്തിനിടെ പുറപ്പെടുന്ന പ്രത്യേക ശബ്ദങ്ങള്‍. സംഘട്ടനത്തിനിടെ പ്രയോഗിക്കുന്ന പ്രത്യേക പഞ്ചുകള്‍..അങ്ങനെ പുള്ളിയുടെ ഫൈറ്റിന് സവിശേഷതകള്‍ വേറെയുമുണ്ട് ഒടുക്കം ഗുണ്ടകളെല്ലാറ്റിനേം തല്ലിമെതിച്ച്..ചെക്കനേം പെണ്ണിനേം കൂടി സ്വന്തം വീട്ടിലേക്ക് ഒരു വരവുണ്ട്
    അവിടെ ഒരു രാജകീയ സ്വീകരണം, പണ്ട് പഠിക്കാന്‍ നാട് വിട്ട് പോയ..അതുമല്ലെങ്കില്‍ മൈസൂരോ ഊട്ടിയിലോ ഫാം ഹൗസില്‍ സ്വസ്ഥമായി വിഹരിക്കുന്ന ബാബു ആന്റണിയുടെ കഥ അവിടെയുള്ള ഏതെങ്കിലും കഥാപാത്രങ്ങളില്‍ നിന്നായിരിക്കും പിന്നീട് ചുരുളഴിയുന്നത്. ഏറിയും കുറഞ്ഞും ഇത്തരം ഫോര്‍മാറ്റില്‍ 90കളുടെ ആദ്യം മുതല്‍ക്ക് നിരവധി സിനിമകള്‍ പുറത്ത് വന്നു..

    നടീനടന്മാരും കഥയും കഥാപശ്ചാത്തലവും

    നടീനടന്മാരും കഥയും കഥാപശ്ചാത്തലവും ചെറുതായി മാറുന്നുവെന്നതൊഴിച്ചു നിര്‍ത്തിയാല്‍ ഇത്തരം പശ്ചാത്തലത്തില്‍ അക്കാലത്ത് വന്ന ഭൂരിഭാഗം സിനിമകളുടെയും ആകെത്തുക ഏതാണ്ട് ഇതൊക്കെ തന്നെ ആയിരുന്നു..പക്ഷേ ഒന്നുണ്ട്...ആ എന്‍ട്രി. ആ മരണമാസ്സ് എന്‍ട്രി അത് ബാബു ആന്റണിയില്‍ മാത്രം നിക്ഷിപ്തമായ ഒന്നായിരുന്നു..എനിക്കുറപ്പുണ്ട്..ഒരു ശരാശരി 90's ബോയ്‌സിന്റെ ഏറ്റവും വലിയ നൊസ്റ്റാള്‍ജിയകളില്‍ ഒന്ന് തീര്‍ച്ചയായും ബാബു ആന്റണിയുടെ അടിപ്പടങ്ങള്‍ ആണ്. വീട്ടുകാരുടെ കയ്യും കാലും പിടിച്ച് അപ്പുറത്തെ വീട്ടില്‍ എവിടെയാണോ ടിവിയുള്ളത്. അങ്ങോട്ട് സിനിമ തുടങ്ങും മുന്‍പ് ഓടിച്ചെന്ന്, കോലായത്തിണ്ണയിലോ, ഉമ്മറത്തോ അതിവേഗത്തില്‍ സീറ്റുറപ്പിച്ച് ഇത്തരം ജനുസ്സില്‍പെട്ട സിനിമകള്‍ ഒന്നൊഴിയാതെ ഇരുന്നുകണ്ട നിറമുള്ള പഴയ ഓര്‍മകള്‍. ബാബുവേട്ടന്റെ സിനിമയുടെ കാസറ്റ് ആണ് വീ.സീ.ആറില്‍ ഇടുന്നതെന്ന് അറിഞ്ഞാല്‍ പിന്നെയൊരു ആഘോഷരാവാണ്..

    പേരറിയാത്ത ഏതെങ്കിലും സിനിമയുടെ കാസറ്റ്

    പേരറിയാത്ത ഏതെങ്കിലും സിനിമയുടെ കാസറ്റ് വീ.സി.ആറിലോട്ട് ഇറങ്ങിപ്പോകുമ്പോള്‍..ടി വിയില്‍ മൊത്തത്തില്‍ ഒരു നീലക്കളര്‍ പ്രസരിക്കുമ്പോള്‍. സിനിമയുടെ പേര് അധികം വൈകാതെ സ്‌ക്രീനില്‍ തെളിയുമ്പോള്‍..ഏറെ താമസിയാതെ ബാബുവേട്ടന്റെ ഇന്‍ട്രോ ടിവിയില്‍ കാണുമ്പോള്‍..അന്ന് ഉണ്ടായിരുന്ന ആ ആകാംക്ഷയും, ആവേശവും,രോമാഞ്ചവും..ഹോ ഇപ്പോഴും ഓര്‍ക്കുമ്പോള്‍ തന്നെ രോമാഞ്ചം. പുകള്‍പെറ്റ നടന്മാരായി അന്ന് മമ്മൂക്കയും ലാലേട്ടനുമൊക്കെയുണ്ടെങ്കില്‍ പോലും കുട്ടിക്കാലത്ത് ഒരു ഹീറോയുടെ സിനിമ കാണാന്‍ അത്രമേല്‍ ആഗ്രഹിച്ചിട്ടുണ്ടെങ്കില്‍/അത്രക്ക് കാത്തിരുന്നിട്ടുണ്ടെങ്കില്‍ അത് ബാബു ആന്റണിയുടെ സിനിമകള്‍ കാണാന്‍ വേണ്ടി മാത്രമാണ്..

    ദൂരദര്‍ശന്‍ നാല്മണി സിനിമകളുടെ

    ദൂരദര്‍ശന്‍ നാല്മണി സിനിമകളുടെ നൊസ്റ്റാള്‍ജിയയില്‍ ഒരിക്കലും ഒഴിവാക്കാനാകാത്ത പേര് കൂടിയാണ് ബാബു ആന്റണിയുടേത്. അന്ന് സിനിമ കാണാന്‍ കാത്തിരിക്കുന്നവര്‍ക്കിടയില്‍ ഇങ്ങേരുടെ ഇന്‍ട്രോക്ക് ലഭിക്കുന്ന സ്വീകാര്യതയൊക്കെ കണ്ട് ശരിക്കും അന്തം വിട്ട് നിന്നിട്ടുണ്ട്. ഒരു തരം ഓവര്‍ വെല്‍മിങ് ഇംപാക്ട്‌ ആയിരുന്നു പുള്ളിയുടെ മാസ്സ് അപ്പീലുള്ള സിനിമകള്‍ക്ക്. അതിലുപരി പുള്ളിയുടെ ഇന്‍ട്രോ സീനുകള്‍ക്ക്. എല്ലാ അര്‍ത്ഥത്തിലും വല്ലാത്തൊരു വീരാരാധന ആയിരുന്നു ഇങ്ങേരോട്. ജീന്‍സ് പാന്റിടാന്‍ കൊതിച്ച..മുടിയൊക്കെ ബാക്കിലേക്ക് നീട്ടി വളര്‍ത്താന്‍ കൊതിച്ചിരുന്ന ബാല്യകാലം. അടിപ്പടങ്ങള്‍ കണ്ട് ആരാധന മൂത്ത് പണ്ട് നാട്ടില്‍ പൂരത്തിന് പോകുന്ന സമയത്ത് ഇങ്ങേരുടെ വിവിധ സ്‌റ്റൈലുകളാലും പോസുകളാലും അലങ്കരിച്ച പോസ്റ്ററുകള്‍ വാങ്ങാന്‍ ആവേശം പൂണ്ട ബാല്യം എനിക്കുമുണ്ടായിരുന്നു...

    പൂമുഖത്ത് അലങ്കരിച്ചിരുന്ന

    പൂമുഖത്ത് അലങ്കരിച്ചിരുന്ന വിവിധ പോസുകളില്‍ ഉള്ള ബാബു ആന്റണിയുടെ ചിത്രങ്ങള്‍. എല്ലാം ഇന്നും കൊതിപ്പിക്കുന്ന ഓര്‍മകളാണ്. അടിയായിരുന്നു എന്നും ബാബു ആന്റണി സിനിമകളിലെ മെയിന്‍. എണ്ണമെടുത്തിട്ടില്ലെങ്കിലും കടല്‍,ചന്ത തുടങ്ങിയ അന്നത്തെ തട്ടുപൊളിപ്പന്‍ ബാബു ആന്റണി സിനിമകളില്‍ അഞ്ചില്‍ കൂടുതല്‍ സംഘട്ടന രംഗങ്ങള്‍ ഉണ്ടായിരുന്നു..സോമന്‍ പണ്ട് ലേലം സിനിമയില്‍ പറഞ്ഞ പോലെ ഡയലോഗ് പോലെ,ഇപ്പോഴും എന്റെ കണ്ണിന്റെ മുന്നേല്‍ ഇങ്ങനെ തെളിഞ്ഞോണ്ട് നില്‍ക്കുവാ തിരുമേനി ബാബ്വേട്ടന്റെ ആ സ്വാഗ്..ആ എനര്‍ജി ആ പെര്‍ഫോമന്‍സ്‌..ഹോ..അതൊരു ഒന്നൊന്നര കാലം തന്നെയായിരുന്നു. ആളുടെ സിനിമയുടെ പേരുകള്‍ കേട്ടാല്‍ തന്നെ മൊത്തത്തില്‍ ഒരു വെടിക്കെട്ട് മോഡ് ആയിരുന്നു.

    ദാദ, ചന്ത, സ്ട്രീറ്റ്,ബോക്സര്‍

    ദാദ, ചന്ത, സ്ട്രീറ്റ്,ബോക്സര്‍, കമ്പോളം, നെപ്പോളിയന്‍, ഇന്ത്യന്‍ മിലിട്ടറി ഇന്റലിജന്‍സ്, സ്പെഷ്യല്‍ സ്‌ക്വാഡ്, ഭരണകൂടം, ഉപ്പുകണ്ടം ബ്രദേഴ്സ്..പേരുകളും അതിനൊത്ത് തന്നെ.. ജിമ്മി, സുല്‍ത്താന്‍, ഡാനി, വിഷ്ണു. പൂവിന് പുതിയ പൂന്തെന്നലില്‍ ബേബി സുജിതയുടെ കഥാപാത്രത്തെ ബാബു ആന്റണിയുടെ കഥാപാത്രം നോക്കുന്ന ഒരു നോട്ടമുണ്ട്..ആദ്യമായി ഞാന്‍ ആ സിനിമ കണ്ടപ്പോള്‍ ആ നോട്ടം കണ്ട്/ബാബു ആന്റണിയുടെ കണ്ണുകളിലെ ക്രൂരത കണ്ട് ഒരുപാട് പേടിച്ചിട്ടുണ്ട്. അതിന് ശേഷം ദൗത്യത്തിലും ന്യൂസിലും കാര്‍ണിവലിലും ന്യൂ ഇയറിലും മാഫിയയിലും വ്യൂഹത്തിലും നാടോടിയിലുമെല്ലാം ആവോളം പേടിപ്പിച്ച ബാബു ആന്റണിയേയും എന്റെ ബാല്യത്തിന് നല്ല പരിചയമുണ്ട്. അതില്‍ നിന്നെല്ലാം വ്യത്യസ്തമായി ബാബുവേട്ടന്‍ എന്നെ ഏറ്റവും കൂടുതല്‍ സന്തോഷിപ്പിച്ച സിനിമ കൂടിക്കാഴ്ചയാണ്. ജയറാം നായകനായ കൂടിക്കാഴ്ച എന്ന ആ സിനിമയില്‍ ഒരു രംഗമുണ്ട്..

    ജയറാമും ജഗദീഷും വണ്ടി ഓടിച്ചു

    ജയറാമും ജഗദീഷും വണ്ടി ഓടിച്ചു പോകുന്നു. അവര്‍ ഓടിക്കുന്ന വണ്ടിക്ക് പിറകെ ഹെല്‍മറ്റ്ധാരിയായ ബാബു ആന്റണിയുടെ കഥാപാത്രം ബൈക്കില്‍ അവരെ പിന്തുടരുന്നു. ആരാണ് തങ്ങളെ പിന്തുടരുന്നത് എന്നറിയാതെ പരിഭ്രാന്തരായി ജയറാമും ജഗദീഷും തങ്ങളുടെ വണ്ടി ആവോളം വേഗത്തില്‍ പറപ്പിച്ചു വിടുകയാണ്. ഒരു ടെറര്‍ ബിജിഎം ആണ് ആ സിനിമയില്‍ അപ്പോള്‍ ആ രംഗത്ത് നല്‍കിയിരിക്കുന്നത്. ജയറാമിന്റെ വണ്ടിയുടെ അതേ വേഗതയില്‍ തന്നെ ആ ബൈക്കും പിറകില്‍ വരുന്നുണ്ട്..ഏറെ താമസിയാതെ ജയറാമിന്റെ വണ്ടിക്ക് കുറുകെ ബൈക്ക് നിര്‍ത്തി അതില്‍ നിന്നിറങ്ങി ഹെല്‍മറ്റ് ഊരി ജയറാമിനോട് കുശലന്വേഷണം നടത്തുമ്പോഴാണ് ആ വ്യക്തി തന്റെ പഴയ സുഹൃത്ത് വില്യംസ് ആണെന്ന് ജയറാമിന്റെ കഥാപാത്രം തിരിച്ചറിയുന്നത്..ആ നിമിഷത്തിലാണ് ബാബു ആന്റണിയുടേയും ജയറാമിന്റേയും കഥാപാത്രങ്ങള്‍ കൂട്ടുകാരാണെന്ന് ജയറാമിന്റെ അടുത്തിരിക്കുന്ന ജഗദീഷും ഒപ്പം ആ സിനിമ കാണുന്ന പ്രേക്ഷകരും തിരിച്ചറിയുന്നത്..

    അന്ന് ആ സിനിമയില്‍ ജഗദീഷിന് തോന്നിയ

    അന്ന് ആ സിനിമയില്‍ ജഗദീഷിന് തോന്നിയ ആ ആശ്വാസം ഉണ്ടല്ലോ,ആ ആശ്വാസം തന്നെയായിരുന്നു പിന്നീടങ്ങോട്ട് ഞാനടക്കമുള്ള കാണികള്‍ക്ക് ലഭിച്ചിരുന്ന ആശ്വാസം. ആശ്വാസമെന്നല്ല സന്തോഷം എന്ന് തന്നെ പറയണം..കാരണം സിനിമയില്‍ നായകന്റെ സൈഡ് ആണ് ഈ ചെങ്ങായി എന്നറിയുമ്പോള്‍ അന്ന് തോന്നിയിരുന്ന സന്തോഷം ചെറുതൊന്നുമല്ല
    ഇന്നും ആവര്‍ത്തിച്ചു കേള്‍ക്കുന്ന തമാശ തന്നെയാണത്. എന്നാലും ഒരിക്കല്‍ കൂടി പറയട്ടെ, ബാബു ആന്റണിയും വിജയരാഘവനുമൊക്കെ നായകന്റെ കൂടെയാണെന്ന് അറിഞ്ഞാല്‍ അന്ന് ഉണ്ടാകുന്ന സന്തോഷം...അതൊരു സന്തോഷം തന്നെയായിരുന്നു. പരമമായ സന്തോഷം.ഞങ്ങള്‍ 90s കിഡ്സ് ആവോളം അനുഭവിച്ചറിഞ്ഞ സന്തോഷം. ഹോ..എന്തൊരു കാലമായിരുന്നു അതൊക്കെ. യെസ് വണ്‍സ് അപ്പോണ്‍ എ ടൈം ദിസ് മാന്‍ വാസ് എന്‍ ഇമോഷന്‍, 'ബാബു ആന്റണി'.

    English summary
    a fan post about babu antony's action movies goes viral in social media
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X