അയ്യപ്പനും കോശിയും തമിഴില്‍! റീമേക്ക് അവകാശം സ്വന്തമാക്കി ആടുകളം നിര്‍മ്മാതാവ്
പൃഥ്വിരാജും ബിജു മേനോനും തകര്‍ത്തഭിനയിച്ച ബ്ലോക്ക്ബസ്റ്റര്‍ ചിത്രമാണ് അയ്യപ്പനും കോശിയും. സച്ചി സംവിധാനം ചെയ്ത ചിത്രത്തിന് മികച്ച പ്രേക്ഷക സ്വീകാര്യതയാണ് തിയ്യേറ്ററുകളില്‍ ലഭിച്ചത്. മികച്ച പ്രതികരണത്തോടൊപ്പം ബോക്‌സോഫീസ് കളക്ഷന്റെ കാര്യത്തിലും അയ്യപ്പനും കോശിയും നേട്ടമുണ്ടാക്കിയിരുന്നു. പൃഥ്വിരാജിന്റെ കോശി കുര്യനും ബിജു മേനാന്റെ അയ്യപ്പന്‍ നായരും തമ്മിലുളള ശത്രുതയുടെ കഥയാണ് ചിത്രത്തില്‍ കാണിച്ചത്. ഡ്രൈവിംഗ് ലൈസന്‍സിന് പിന്നാലെ പൃഥ്വിരാജ് സുകുമാരന് ലഭിച്ച വിജയ ചിത്രം കൂടിയായിരുന്നു അയ്യപ്പനും കോശിയും.

സൂപ്പര്‍ ഹിറ്റ് ചിത്രത്തിന്റെ തമിഴ് റീമേക്ക് അവകാശം വിറ്റുപോയതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ധനുഷ് ചിത്രം ആടുകളത്തിന്റെ നിര്‍മ്മാതാവായ എസ് കതിരേശനാണ് റീമേക്ക് റൈറ്റ്‌സ് സ്വന്തമാക്കിരിക്കുന്നത്. ആടുകളത്തിന് പുറമെ സിദ്ധാര്‍ത്ഥിന്റെ ജിഗര്‍തണ്ട എന്ന ഹിറ്റ് ചിത്രം നിര്‍മ്മിച്ചതും കതിരേശനാണ്. തമിഴ് റീമേക്കിലെ അഭിനേതാക്കളെക്കുറിച്ചോ സംവിധായകനെക്കുറിച്ചോ ഉളള വിവരങ്ങള്‍ പുറത്തിറങ്ങിയിട്ടില്ല. അയ്യപ്പനും കോശിയും തമിഴ് റീമേക്കിന്റെ ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാകുമെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
ഇക്കഴിഞ്ഞ ഫെബ്രുവരി ഏഴിന് പുറത്തിറങ്ങിയ അയ്യപ്പനും കോശിയും തിയ്യേറ്ററുകളില്‍ നിന്നും 50 കോടി കളക്ഷനും സ്വന്തമാക്കിയിരുന്നു. അയ്യപ്പനും കോശിയുമായി ബിജു മേനോനും പൃഥ്വിയും പൂണ്ടുവിളയാടുകയാണെന്ന് ചിത്രം കണ്ടവരില്‍ അധികപേരും അഭിപ്രായപ്പെട്ടിരുന്നു. അനാര്‍ക്കലിക്ക് ശേഷം പൃഥ്വിയും ബിജു മേനോനും സച്ചിയും വീണ്ടും ഒന്നിച്ച ചിത്രം കൂടിയാണിത്. സബ് ഇന്‍സ്പെക്ടറായ അയ്യപ്പന്‍ നായരും പട്ടാളത്തില്‍ നിന്നും 16 വര്‍ഷത്തെ സേവനത്തിന് ശേഷം നാട്ടിലെത്തിയ ഹവില്‍ദാര്‍ കോശി കുര്യനും തമ്മിലുളള ശത്രുതയുടെ പേരില്‍ നടക്കുന്ന സംഭവ വികാസങ്ങളാണ് സിനിമയുടെ ഇതിവൃത്തം.
രഞ്ജിത്ത്, സാബുമോന്‍ അബ്ദുസമദ്, ഷാജു ശ്രീധര്‍, കോട്ടയം രമേശ്, അനുമോഹന്‍, അജി ജോണ്‍, നന്ദു ആനന്ദ്, അന്ന രേഷ്മ രാജന്‍, ഗൗരി നന്ദ തുടങ്ങിയവരാണ് ചിത്രത്തില്‍ മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നത്. പൃഥ്വിരാജിന്റെയും ബിജു മേനോന്റെയും പ്രകടനം തന്നെയാണ് സിനിമയില്‍ മുഖ്യ ആകര്‍ഷണമായിരുന്നത്. ഒരിടവേളയ്ക്ക് ശേഷം ബിജു മേനോന് ലഭിച്ച ശക്തമാര്‍ന്നൊരു കഥാപാത്രം തന്നെയായിരുന്നു അയ്യപ്പന്‍ നായര്‍.


Click it and Unblock the Notifications