പ്രണവിന്‍റെ ആദിക്ക് യു സര്‍ട്ടിഫിക്കറ്റ്, 26 ന് എത്തും, ജിത്തു ജോസഫിന്‍റെ സ്ഥിരീകരണം, കാണൂ!
മറ്റൊരു താരപുത്രന്‍ കൂടി നായകനായി തുടക്കം കുറിക്കുകയാണ്. പ്രണവ് മോഹന്‍ലാല്‍ നായകനായെത്തുന്ന ആദിക്ക് സെന്‍സര്‍ ബോര്‍ഡിന്റെ യു സര്‍ട്ടിഫിക്കറ്റ് ലഭിച്ചുവെന്ന വാര്‍ത്ത സംവിധായകന്‍ തന്നെയാണ് പുറത്തുവിട്ടിട്ടുള്ളത്. ജനുവരി 26ന് തന്നെ സിനിമ തിയേറ്ററുകളിലേക്കെത്തുമെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.
ബാലതാരമായി നേരത്തെ സിനിമയില്‍ മുഖം കാണിച്ച പ്രണവ് നായകനായി സിനിമയിലേക്ക് തിരിച്ചുവരുമെന്ന് ആരാധകര്‍ക്ക് ഉറപ്പുണ്ടായിരുന്നു. അതിന് വേണ്ടിയായാണ് അവര്‍ കാത്തിരുന്നത്. മോഹന്‍ലാല്‍ ചിത്രമായ സാഗര്‍ ഏലിയാസ് ജാക്കിയില്‍ ഒരു ഗാനരംഗത്തില്‍ പ്രണവ് പ്രത്യക്ഷപ്പെട്ടിരുന്നു.

ക്ലീന്‍ യു സര്‍ട്ടിഫിക്കറ്റുമായി ആദിയെത്തുന്നു
സെന്‍സര്‍ ബോര്‍ഡിന്റെ യു സര്‍ട്ടിഫിക്കറ്റുമായി ആദി ജനുവരി 26 ന് തന്നെ തിയേറ്ററുകളിലേക്കെത്തുമെന്ന് സംവിധായകന്‍ ഫേസ്ബുക്കിലൂടെ വ്യക്തമാക്കിയിട്ടുണ്ട്. ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയ അദ്ദേഹത്തിന്റെ പോസ്റ്റ് ഏറ്റെടുത്ത് കഴിഞ്ഞു.

കുടുബപ്രേക്ഷകര്‍ക്കും യുവതലമുറയ്ക്കും ആസ്വദിക്കാം
കുടുംബ പ്രേക്ഷകര്‍ക്കും യുവതലമുറയ്ക്കും ഒരേ പോലെ ആസ്വദിക്കാവുന്ന ചിത്രമാണ് ആദിയെന്നാണ് ആരാധകരുടെ പ്രതീക്ഷ. സ്വപ്‌നങ്ങളുടെ പിന്നാലെ പായുന്ന യുവതലമുറയ്ക്ക് അവരുടെ ജീവിതത്തോട് ബന്ധപ്പെടുത്താവുന്ന ഒരു സിനിമയായിരിക്കും ഇതെന്നുള്ള ഉറപ്പും അണിയറപ്രവര്‍ത്തകര്‍ നല്‍കുന്നുണ്ട്.

ആദിയുടെ ജീവിതം
പ്രണവ് അവതരിപ്പിക്കുന്ന ആദിയെ ചുറ്റിപ്പറ്റിയാണ് കഥ മുന്നേറുന്നത്. അപ്രതീക്ഷിതമായി ആദിയുടെ ജീവിതത്തിലുണ്ടാകുന്ന ചില സംഭവങ്ങള്‍ ആദിയെ എങ്ങനെ മാറ്റി മറിക്കുന്നുവെന്നതാണ് സിനിമയുടെ ഇതിവൃത്തം.

ആക്ഷന്‍ രംഗങ്ങളില്‍ പ്രണവിന്‍റെ പെര്‍ഫോമന്‍സ്
സംഗീതവും ആക്ഷനും ഇടകലര്‍ന്ന ത്രില്ലര്‍ ചിത്രമാണ് ആദിയെന്ന് സംവിധായകന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ടീസറിനും ട്രെയിലറിലുമൊന്നും ആക്ഷന്‍ രംഗങ്ങള്‍ ഉള്‍പ്പെടുത്തിയിരുന്നില്ല. ഇത്തരം രംഗങ്ങള്‍ കാണാനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍.

പാര്‍ക്കൗര്‍ പരിശീലനം നേടിയിരുന്നു
ആദിയില്‍ അഭിനയിക്കുന്നതിന് മുന്നോടിയായി പ്രണവ് പാര്‍ക്കൗര്‍ പരിശീലിച്ചിരുന്നുവെന്ന കാര്യത്തെക്കുറിച്ച് എല്ലാവര്‍ക്കും അറിയാവുന്നതാണ്. അതിനാല്‍ത്തന്നെ പ്രണവിന്റെ പാര്‍ക്കൗര്‍ രംഗങ്ങളായിരുന്നു പ്രധാന പ്രത്യേകത.

കുടുംബചിത്രമാണെന്ന പ്രതീതി
ടീസറിലെയും ട്രെയിലറിലെയും പോലെ കുടുംബ രംഗം തന്നെയാണ് ഗാനത്തിലും ഉള്‍പ്പെടുത്തിയിട്ടുള്ളത്. പാര്‍ക്കൗര്‍ അഭ്യാസമാണ് ചിത്രം മുഴുവനുമെന്ന തരത്തിലുള്ള വാര്‍ത്തയ്ക്ക് അവസാനമുണ്ടവാന്‍ വേണ്ടി മനപ്പൂര്‍വ്വമാണ് ഇങ്ങനെ ചെയ്തതെന്നാണ് സംവിധായകന്‍ വിശദീകരിച്ചിട്ടുള്ളത്.

അനാവശ്യ പ്രതീക്ഷകള്‍ ഒഴിവാക്കാന്‍
സിനിമ റിലീസ് ചെയ്യുന്നതിന് മുന്‍പുള്ള അനാവശ്യ ഹൈപ്പ് ഒഴിവാക്കാന്‍ വേണ്ടിയാണ് കുടുംബവുമായി ബന്ധപ്പെട്ട രംഗങ്ങള്‍ ഉള്‍പ്പെടുത്തിയുള്ള ട്രെയിലറും ടീസറും പുറത്തുവിട്ടത്. പ്രണവ് നായകനാകുന്നുവെന്നത് തന്നെ വലിയൊരു പബ്ലിസിറ്റിയാണ്. അതിനിടയില്‍ മറ്റ് പ്രതീക്ഷകള്‍ ഒഴിവാക്കാന്‍ വേണ്ടിയാണ് ആക്ഷന്‍ രംഗങ്ങള്‍ ചേര്‍ക്കാതിരുന്നത്.
26 തന്നെ എത്തുമെന്ന സ്ഥിരീകരണം
ജനുവരി 26നാണ് ആദി റിലീസ് ചെയ്യുന്നത്. മോഹന്‍ലാലിന്റെ കരിയറിലെ എക്കാലത്തെയും മികച്ച ഹിറ്റ് ചിത്രങ്ങളിലൊന്നായ നരസിംഹം റിലീസ് ചെയ്തത് ഇതേ ദിവസമായിരുന്നു. ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ പുറത്തിറങ്ങിയ ആദ്യ സിനിമയായിരുന്നു ഇത്.


Click it and Unblock the Notifications