ആഗ് കെട്ടുപോയി
വന്‍പ്രതീക്ഷകളോടെയെത്തിയ അലിഭായി നേരിട്ട ബോക്സോഫീസ് ദുരന്തത്തിനു ശേഷം മോഹന്‍ലാലിന് തുടര്‍ച്ചയായ രണ്ടാമത്തെ തിരിച്ചടി. മോഹന്‍ലാല്‍ നായകവേഷത്തിലഭിനയിച്ച ഹിന്ദി ചിത്രം രാംഗോപാല്‍ വര്‍മ കി ആഗ് കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ റിലീസ് ചെയ്ത് രണ്ടാഴ്ചയ്ക്കകം തന്നെ മൂക്കും കുത്തി വീണു.
ഹിന്ദി സിനിമ കണ്ട സമീപകാലത്തെ ഏറ്റവും വലിയ പരാജയമാണ് ആഗിന്റേത്. രാംഗോപാല്‍ വര്‍മ സംവിധാനം ചെയ്ത ഈ ചിത്രത്തിന് അമിതാഭ് ബച്ചന്‍, അജയ് ദേവ്ഗണ്‍ എന്നീ സൂപ്പര്‍താരങ്ങളുടെ സാന്നിധ്യമുണ്ടായിട്ടും ബോക്സോഫീസില്‍ രക്ഷപ്പെടാനായില്ല. മോഹന്‍ലാല്‍ നായകനായ ഹിന്ദി ചിത്രമെന്ന നിലയില്‍ കേരളത്തില്‍ 26 തിയേറ്ററുകളില്‍ റിലീസ് ചെയ്ത ഈ ചിത്രത്തിന് ആദ്യദിവസങ്ങളില്‍ മികച്ച കളക്ഷനുണ്ടായെങ്കിലും പിന്നീട് പ്രേക്ഷകര്‍ ഈ ചിത്രത്തെയും കൈയൊഴിയുന്നതാണ് കണ്ടത്.
ഇന്ത്യയില്‍ കേരളത്തിലാണ് ഈ ചിത്രത്തിന് ഏറ്റവും മികച്ച തുടക്കം ലഭിച്ചത്! മറ്റു സംസ്ഥാനങ്ങളിലേതിനേക്കാള്‍ മികച്ച കളക്ഷനോടെ ഒരു ഹിന്ദി ചിത്രം കേരളത്തില്‍ പ്രദര്‍ശിപ്പിക്കുന്നത് ആദ്യമായാണ്. എന്നാല്‍ ആ തുടക്കം മുതലാക്കാനാവാതെ ആഗ് പരാജയങ്ങളുടെ പട്ടികയിലേക്ക് നീങ്ങുകയായിരുന്നു. ആഗിന്റെ വിതരണാവാകാശം വാങ്ങിയ പിരമിഡ് സൈമിറക്ക് വിതരണത്തിനായുള്ള നിക്ഷേപത്തിന്റെ പകുതിയും നഷ്ടമായി.
തിരക്കഥയിലും അഭിനേതാക്കളുടെ തിരഞ്ഞെടപ്പിലുമൊക്കെ പാളിപ്പോയ രാംഗോപാല്‍ വര്‍മക്ക് തന്റെ മികച്ച ചിത്രങ്ങളുടെ അടുത്തൊന്നുമെത്തുന്ന ഒരു ചിത്രമായി ആഗിനെ മാറ്റാന്‍ കഴിഞ്ഞില്ല. ഷോലെ എന്ന വിഖ്യാതചിത്രത്തോട് കാട്ടിയ നീതികേടായിട്ടാണ് ആഗ് എന്ന റീമേക്കിനെ പ്രേക്ഷകര്‍ വിലയിരുത്തുന്നത്.
ഹിന്ദിയില്‍ അടുത്തിടെ തുടങ്ങിയ ഈ റീമേക്ക് തരംഗത്തില്‍ ഡോണ്‍ പോലെ പ്രേക്ഷകര്‍ക്ക് കണ്ടിരിക്കാവുന്ന ചിത്രങ്ങളുണ്ടായിട്ടുണ്ട്. എന്നാല്‍ ആഗ് പ്രത്യേകിച്ച് രണ്ടാം പകുതിയില്‍ അങ്ങേയറ്റം വിരസമാണ്. തിരക്കഥയില്‍ കൈയടക്കം പുലര്‍ത്താന്‍ കഴിയാത്ത രാംഗോപാല്‍ വര്‍മ ഷോലെയുടെ റീമേക്കില്‍ തന്റേതായ പുനരാഖ്യാനത്തിനാണ് ശ്രമിച്ചിട്ടുള്ളതെങ്കിലും ഷോലെയുമായി താരതമ്യപ്പെടുത്താതെ വിലയിരുത്തുമ്പോഴും ആഗ് പ്രേക്ഷകരെ മടുപ്പിക്കുന്ന ഒരു ചിത്രമാണ്.
ചിത്രത്തില്‍ മികച്ചതായി എടുത്തു പറയാനുള്ളത് മോഹന്‍ലാലിന്റെ പ്രകടനം മാത്രമാണ്. ഷോലെ എന്ന വിഖ്യാത ചിത്രത്തിന്റെ റീമേക്കില്‍ ലഭിച്ച നായകവേഷം ഭംഗിയാക്കിയെങ്കിലും ബോളിവുഡ് ഒന്നാകെ ശ്രദ്ധേയനാവാന്‍ മോഹന്‍ലാലിന് ലഭിച്ച സുവര്‍ണാവസരമാണ് എങ്ങുമെത്താതെ പോയത്. ഹിന്ദിയിലെ സൂപ്പര്‍താരങ്ങളായ അമിതാഭ് ബച്ചനെയും അജയ് ദേവ്ഗണിനെയും നിഷ്പ്രഭമാക്കുന്ന മോഹന്‍ലാലിന്റെ പ്രകടനം ബോക്സോഫീസില്‍ ആഗ് കെട്ടുപോയതോടെ നിഷ്ഫലമായി.


Click it and Unblock the Notifications