Aamir khan: ഓഷോ രജനീഷിന്റെ ജീവിത കഥയും സിനിമയാവുന്നു: ചിത്രത്തില്‍ ആമിര്‍ ഖാന്‍ നായകനാവും
നിരവധി വ്യത്യസ്ഥ ചിത്രങ്ങളിലൂടെ ബോളിവുഡിലെ താരരാജാക്കന്‍മാരിലൊരാളായി ഉയര്‍ന്ന താരമാണ് ആമിര്‍ ഖാന്‍. തന്റെ ചിത്രങ്ങളിലെല്ലാം തന്നെ എല്ലായ്‌പ്പോഴും വ്യത്യസ്ഥ പ്രമേയവും കഥയുമെല്ലാം ഉണ്ടാവുന്നതില്‍ ശ്രദ്ധിക്കുന്ന താരം കൂടിയാണ് ആമിര്‍. സിനിമയിലെ തന്റെ കഥാപാത്രത്തിന്റെ പൂര്‍ണതയ്ക്കായി എന്തു ത്യാഗവും സഹിക്കാന്‍ തയ്യാറാവുന്ന നടന്‍ തന്റെ ഓരോ സിനിമകളിലും വ്യത്യസ്ഥ ലുക്കുകളിലാണ് അഭിനയിക്കാറുളളത്. രാജ് കുമാര്‍ ഹിരാനി സംവിധാനം ചെയ്ത ത്രീ ഇഡിയറ്റ്‌സ് താരത്തിന്റെ കരിയറിലിറങ്ങിയ സൂപ്പര്‍ഹിറ്റ് ചിത്രങ്ങളിലൊന്നായിരുന്നു.
തുടര്‍ന്ന് ആമിറിന്റെതായി പുറത്തിറങ്ങിയ ധൂം 3, പികെ, ദംഗല്‍, സീക്രട്ട് സൂപ്പര്‍സ്റ്റാര്‍ തുടങ്ങിയ ചിത്രങ്ങളും തിയ്യേറ്ററുകളില്‍ നിന്നും കൂടുതല്‍ കളക്ഷന്‍ നേടിയ ചിത്രങ്ങളായിരുന്നു. ഇന്ത്യയിലെന്ന പോലെ ചൈനയിലും ആമിറിന്റെ ചിത്രങ്ങള്‍ക്ക് വന്‍ സ്വീകാര്യതയാണ് ലഭിക്കാറുളളത്. ദംഗല്‍,പികെ,സീക്രട്ട് സൂപ്പര്‍സ്റ്റാര്‍ എന്നീ ചിത്രങ്ങള്‍ക്ക് വന്‍ കളക്ഷനായിരുന്നു ചൈനയില്‍ നിന്നും മാത്രമായി ലഭിച്ചിരുന്നത്. നടന്‍, നിര്‍മ്മാതാവ്, സംവിധായകന്‍ എന്നീ റോളുകളിലെല്ലാം തന്നെ തിളങ്ങിയിട്ടുളള ആമിറിനെ ബോളിവുഡിലെ മിസ്റ്റര്‍ പെര്‍ഫക്ഷനിസ്റ്റ് എന്ന പേരിലാണ് വിളിക്കുന്നത്.

ആമിറിന്റെതായി അടുത്തതായി പുറത്തിറങ്ങാന്‍ പോവുന്ന ചിത്രമാണ് തംഗ്‌സ ഓഫ് ഹിന്ദൊസ്ഥാന്‍.വിജയ് കൃഷ്ണ ആചാര്യ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അമിതാഭ് ബച്ചനും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ആമിര്‍ ഖാന്‍ വ്യത്യസ്ഥ ഗെറ്റപ്പുകളിലെത്തുന്ന ചിത്രം ഈ വര്‍ഷം അവസാനമായിരിക്കും തിയ്യേറ്ററുകളിലെത്തുന്നത്. കത്രീന കൈഫ്, ഫാത്തിമ സന ഷെയ്ക്ക് തുടങ്ങിയവരാണ് ചിത്രത്തില്‍ നായികമാരാവുന്നത്. തംഗ്‌സ് ഓഫ് ഹിന്ദൊസ്ഥാനു ശേഷമുളള ആമിറിന്റെ പുതിയ ചിത്രം ഏതായിരിക്കുമെന്നുളള കാത്തിരിപ്പിലായിരുന്നു ആരാധകര്‍.

ഇപ്പോഴിതാ താരത്തിന്റെ പുതിയ ചിത്രവുമായി ബന്ധപ്പെട്ടുളള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരിക്കുകയാണ്. ആത്മീയാചാര്യന്‍ ഓഷോ രജനീഷിന്റെ ജീവിതകഥ പറയുന്ന സിനിമയില്‍ ആമിര്‍ നായകനാവുമെന്നാണ് അറിയുന്നത്.നേരത്തെ രണ്‍വീര്‍ സിങ്ങ്,മോഹന്‍ ലാല്‍ എന്നിവരുടെ പേരുകള്‍ ഉയര്‍ന്നു കേട്ടിരുന്നുവെങ്കിലും ആമിര്‍ ഖാന്‍ തന്നെയായിരിക്കും ചിത്രത്തില്‍ നായകനാവുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ വന്നിരിക്കുന്നത്. ബോളിവുഡിലെ പ്രശസ്ത സംവിധായകന്‍ കരണ്‍ ജോഹറാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്.


Click it and Unblock the Notifications











