മമ്മൂട്ടിയും ജയസൂര്യയും തമ്മിലല്ല മത്സരം! മേരിക്കുട്ടിയും ഡെറിക് അബ്രഹാമും തമ്മിലാണ്, വിജയം ആര്‍ക്ക്
ഈദിന് മുന്നോടിയായി മലയാളത്തില്‍ രണ്ട് സിനിമകളായിരുന്നു റിലീസിനെത്തിയത്. പ്രേക്ഷകരുടെ പ്രിയപ്പെട്ട രണ്ട് താരങ്ങളുടെ സിനിമകളാണെന്നുള്ളത് കൊണ്ട് രണ്ടിനും വന്‍ വരവേല്‍പ്പ് തന്നെയായിരുന്നു ലഭിച്ചിരുന്നത്. ജയസൂര്യയുടെ ഞാൻ മേരിക്കുട്ടി ജൂണ്‍ പതിനഞ്ചിന് എത്തിയപ്പോള്‍ അബ്രഹാമിന്റെ സന്തതികളുമായി മമ്മൂട്ടി ജൂണ്‍ 16 നും എത്തി.
രണ്ട് സിനിമകള്‍ക്കും മികച്ചതെന്ന അഭിപ്രായമായിരുന്നു ലഭിച്ചിരുന്നത്. ജയസൂര്യ വ്യത്യസ്ത ഗെറ്റപ്പിലെത്തിയ ഞാന്‍ മേരിക്കുട്ടിയിലെ പ്രകടനത്തിന് താരത്തിന് വലിയ കൈയടിയാണ് ലഭിച്ചിരിക്കുന്നത്. മമ്മൂട്ടി പോലീസുകാരനായ ഡെറിക് അബ്രഹാം ആയപ്പോള്‍ അടുത്ത കാലത്ത് കിട്ടാത്ത രീതിയിലുള്ള പിന്തുണയാണ് ചിത്രത്തിന് കിട്ടിയിരിക്കുന്നത്.

സിനിമകളുടെ വിജയം
ജയസൂര്യയുടെയും മമ്മൂട്ടിയുടെയും സിനിമകള്‍ എന്നതിനപ്പുറം മേരിക്കുട്ടി, ഡെറിക് അബ്രഹാം എന്നീ രണ്ട് കഥാപാത്രങ്ങളായിരുന്നു പ്രേക്ഷകരെ സ്വാധീനിച്ചത്. അവധി ദിവസം കണക്കിലെടുത്ത് തിയറ്ററുകളിലേക്ക് എത്തിയ രണ്ട് സിനിമകളെയും പ്രേക്ഷകര്‍ ഇരുകൈയും നീട്ടിയാണ് സ്വീകരിച്ചത്. വലിയ പിന്തുണ ലഭിച്ചതോടെ ബോക്‌സോഫീസില്‍ പണം വാരിക്കൂട്ടിയാണ് മുന്നേറ്റം. കേരള ബോക്‌സോഫീസിലെ കണക്കുകള്‍ പുറത്ത് വന്നിട്ടില്ലെങ്കിലും അത് കോടികള്‍ ഉണ്ടാവുമെന്നാണ് ട്രേഡ് അനലിസ്റ്റുകള്‍ വിലയിരുത്തുന്നത്. മാത്രമല്ല കൊച്ചി മള്‍ട്ടിപ്ലെക്‌സ്, തിരുവനന്തപുരം ഏരിയപ്ലെക്‌സ് തുടങ്ങിയവയില്‍ നിന്നുള്ള കളക്ഷന്‍ വേറെയും.. കണക്കുകള്‍ പ്രകാരം മമ്മൂട്ടിച്ചിത്രം അതിവേഗം കോടികള്‍ മറികടന്നിരിക്കുകയാണെന്നാണ് പറയുന്നത്.

ഞാന്‍ മേരിക്കുട്ടി
പുണ്യാളന്‍ അഗര്‍ബത്തീസിലൂടെ തുടങ്ങി നിരവധി ഹിറ്റ് സിനിമകള്‍ സമ്മാനിച്ച രഞ്ജിത്ത് ശങ്കര്‍, ജയസൂര്യ കൂട്ടുകെട്ടിലെത്തിയ സിനിമയായിരുന്നു ഞാന്‍ മേരിക്കുട്ടി. ഈദിന് റിലീസ് ചെയ്ത ചിത്രം നല്ല അഭിപ്രായങ്ങളായിരുന്നു നേടിയിരുന്നത്. സംവിധാനത്തിനൊപ്പം തിരക്കഥ ഒരുക്കിയതും രഞ്ജിത്തായിരുന്നു. ഡ്രീം ആന്‍ഡ് ബിയോണ്ടിന്റെ ബാനറില്‍ ജയസൂര്യയും രഞ്ജിത്തും ചേര്‍ന്ന് നിര്‍മ്മിച്ചിരിക്കുന്ന ചിത്രത്തിന് മികച്ച തുടക്കം തന്നെയായിരുന്നു ലഭിച്ചിരുന്നത്. എന്നാല്‍ തൊട്ട് പിന്നാലെ എത്തിയ അബ്രഹാമിന്റെ സന്തതികള്‍ മേരിക്കുട്ടിയെ പിന്നിലാക്കിയുള്ള യാത്രയാണ്..

മേരിക്കുട്ടിയുടെ കളക്ഷന്‍
കൊച്ചി മള്‍ട്ടിപ്ലെക്‌സില്‍ നിന്നും മോശമില്ലാത്ത കളക്ഷന്‍ നേടിയാണ് മേരിക്കുട്ടിയുടെ യാത്ര. റിലീസ് ദിവസം 22 പ്രദര്‍ശനമായിരുന്നു കൊച്ചി മള്‍ട്ടിപ്ലെക്ലസില്‍ നിന്നും സിനിമയ്ക്ക് ലഭിച്ചിരുന്നത്. അതില്‍ നിന്നും 6.07 ലക്ഷമായിരുന്നു സിനിമയ്ക്ക് ലഭിച്ചത്. രണ്ട് ദിവസം കൊണ്ട് 10.75 ലക്ഷവും സിനിമ നേടി. റിലീസിനെത്തി അഞ്ച് ദിവസം കഴിയുമ്പോള്‍ 20.89 ലക്ഷമാണ് മേരിക്കുട്ടി മല്‍ട്ടിപ്ലെക്‌സില്‍ നിന്ന് മാത്രം സ്വന്തമാക്കിയിരിക്കുന്നത്. ഫോറം കേരള പുറത്ത് വിട്ട റിപ്പോര്‍ട്ടുകള്‍ പ്രകാരമാണ് ഈ കണക്കുകള്‍..

അബ്രഹാമിന്റെ തേരോട്ടം...
ഫസ്റ്റ് ഡേ 136 തിയറ്ററുകളില്‍ പ്രദര്‍ശനം ആരംഭിച്ച അബ്രഹാമിന്റെ സന്തതികള്‍ക്ക് രാത്രിയും പകലുമില്ലാതെ പ്രത്യേകത പ്രദര്‍ശനങ്ങള്‍ സംഘടിപ്പിക്കേണ്ടേ അവസ്ഥയായിരുന്നു. എന്നിട്ടും തിരക്ക് തീരുന്നില്ലെന്നുള്ളതായിരുന്നു എല്ലാവരെയും അത്ഭുതപ്പെടുത്തിയത്. റിലീസിനെത്തി 5 ദിവസങ്ങള്‍ കഴിഞ്ഞിട്ടും അതേ അവസ്ഥ തന്നെ തുടരുകയാണ്. ഇതോടെ ഈ വര്‍ഷത്തെ ഏറ്റവും സൂപ്പര്‍ ഹിറ്റ് സിനിമയായി അബ്രഹാമിന്റെ സന്തതികള്‍ മാറി. റിലീസ് ദിവസം 20 പ്രദര്‍ശനമായിരുന്നു കൊച്ചി മള്‍ട്ടിപ്ലെക്‌സില്‍ ഉണ്ടായിരുന്നത്. അതില്‍ നിന്നും 7.46 ലക്ഷമാണ് ചിത്രം നേടിയത്. ഏരിയപ്ലെക്‌സില്‍ 4 ഷോ യില്‍ നിന്നും 3.45 ലക്ഷമാണ് ആദ്യ ദിവസം സ്വന്തമാക്കിയത്. 1733 സീറ്റുള്ള തിരുവനന്തപുരത്തെ കാര്‍ണിവല്‍ സിനിമാസില്‍ നിന്നും 3.02 ലക്ഷം രൂപയുടെ കളക്ഷനാണ് ചിത്രം നേടിയത്

കോടികള്‍
നാല് ദിവസം കൊണ്ട് 26.20 ലക്ഷം നേടിയ ചിത്രം അഞ്ച് ദിവസം കൊണ്ട് 31.01 ലക്ഷം നേടിയിരിക്കുകയാണ്. കുറഞ്ഞ ദിവസം കൊണ്ട് ലക്ഷങ്ങള്‍ സ്വന്തമാക്കി മുന്നേറുന്ന സിനിമ കേരള ബോക്‌സോഫീസില്‍ കോടികള്‍ മറികടന്നിരിക്കുകയാണ്. ആദ്യദിനം 1560 സ്‌ക്രീനുകളില്‍ നടത്തിയ പ്രദര്‍ശനത്തില്‍ നിന്നും 3.30 കോടി രൂപയ്ക്ക് മുകളില്‍ അബ്രഹാം നേടിയിട്ടുണ്ടാവുമെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ നിഗമനം. അടുത്ത ആഴ്ച അവസാനത്തോട് കൂടി സിനിമ 50 കോടി ക്ലബ്ബിലെത്തുമെന്നാണ് സൂചന.


Click it and Unblock the Notifications











