ആളിപ്പടരാന്‍ വരുന്നു, എസിപി നരേന്ദ്രന്‍
പേന തോക്കും അക്ഷരങ്ങള്‍ വെടിയുണ്ടയുമാണ് രഞ്ജി പണിക്കര്‍ക്ക്. സമകാലീന രാഷ്ട്രീയം രഞ്ജിയുടെ പേനയിലൂടെ തിരശീലയിലെത്തുമ്പോള്‍ ജനം ആവേശത്തോടെ കാണാനെത്തുന്നത് ആ പേനയിലുളള വിശ്വാസം കൊണ്ടാണ്. ദുബായ്, പ്രജ പോലുളള ചിത്രങ്ങളില്‍ ആനുകാലിക രാഷ്ട്രീയം മാറ്റിവച്ചപ്പോള്‍ ബോക്സോഫീസില്‍ മൂക്കു കുത്തി വീണതും നാം കണ്ടു.
ജനം തലയിലേറ്റി വിജയിപ്പിച്ച മമ്മൂട്ടിയുടെ കഥാപാത്രങ്ങളിലൊന്നാണ് ദി കിംഗിലെ ജോസഫ് അലക്സ്. മന്ത്രിയെയും പൊലീസ് കമ്മിഷണറെയും പൊതുനിരത്തില്‍ വച്ച് നിര്‍ത്തിപ്പൊരിക്കുന്ന ജോസഫ് അലക്സിന്റെ തീപ്പൊരി വാചകങ്ങള്‍ മമ്മൂട്ടിയുടെ ആരാധകര്‍ക്ക് ഇന്നും കാണാപ്പാഠമാണ്. ആ ജനുസില്‍പെട്ട ഒരു കഥാപാത്രം കൂടി രഞ്ജിയുടെ പേനയില്‍ നിന്നും ജനിക്കുന്നു. തിരശീലയില്‍ ആ കഥാപാത്രത്തിന് ജീവന്‍ പകരുന്നതോ സാക്ഷാല്‍ മമ്മൂട്ടിയും.
രൗദ്രം എന്നാണ് തന്റെ പുതിയ ചിത്രത്തിന് രഞ്ജി നല്‍കിയ പേര്. പിന്നീട് അത് ശൗര്യമായി. ശൗര്യത്തിലെ ശൂരനായ പൊലീസ് ഓഫീസറാണ് അസിസ്റ്റന്റ് കമ്മിഷണര്‍ നരേന്ദ്രന്‍.
അധികാര കേന്ദ്രങ്ങളുടെ സ്വാധീനത്തിനു വഴങ്ങാത്ത സത്യസന്ധനായ പൊലീസ് ഓഫീസറാണ് നരേന്ദ്രന്‍. ആരെയും കൂസാത്തവന്‍. ഒന്നിനെയും ഭയക്കാത്തവന്‍. ഏറ്റെടുക്കുന്ന കേസുകളില്‍ യഥാര്‍ത്ഥ കുറ്റവാളിയെയും കൊണ്ടേ നരേന്ദ്രന്‍ പോകൂ.
രഞ്ജി പണിക്കരുടെ ചിത്രങ്ങള്‍ വിശകലനബുദ്ധിയോടെ കണ്ടിട്ടുളളവര്‍ക്ക് ശൗര്യത്തിന്റെ കഥയും തിരക്കഥയുമൊന്നും പുതുമയുളളതായിക്കൊളളണമെന്നില്ല. എന്നാല്‍ മമ്മൂട്ടിയുടെ നാവില്‍കൂടി രഞ്ജി പറയാന്‍ പോകുന്നതെന്ത് എന്നറിയാന്‍ കേരളം കാതോര്‍ക്കുകയാണ്. സമകാലിക രാഷ്ട്രീയത്തിലെ അടിയൊഴുക്കുകളും അണിയറ രഹസ്യങ്ങളും മമ്മൂട്ടിയിലൂടെ രഞ്ജി അലക്കുമെന്ന് ഉറപ്പ്. ഇക്കുറി പൊളളലേല്‍ക്കുന്നവര്‍ ആരൊക്കെയെന്ന് അറിയണമെങ്കില്‍ ചിത്രം റിലീസ് ചെയ്യുന്നതു വരെ കാത്തിരുന്നേ മതിയാവൂ.
നവംബര്‍ 29ന് തീയേറ്ററുകളിലെത്താന്‍ പാകത്തിനാണ് ശൗര്യത്തിന്റെ ചിത്രീകരണം പുരോഗമിക്കുന്നത്. മഞ്ജു എന്ന പുതുമുഖത്തെയാണ് രഞ്ജി നായികയായി അവതരിപ്പിക്കുന്നത്.
തിരക്കഥ മാത്രമല്ല സംവിധാനവും തനിക്ക് വഴങ്ങുമെന്ന് ഭരത്ചന്ദ്രന്‍ ഐപിഎസിലൂടെ രഞ്ജി പണിക്കര്‍ തെളിയിച്ചിട്ടുണ്ട്. രഞ്ജിയുടെ മനസിലുളള പൊലീസ് ഓഫീസറായി സാക്ഷാല്‍ മമ്മൂട്ടി തന്നെ പ്രത്യക്ഷപ്പെടുമ്പോള്‍ ബോക്സോഫീസ് റിക്കാര്‍ഡുകള്‍ പൊളിച്ചെഴുതാന്‍ പോന്ന കരുത്ത് ആ ചിത്രത്തിനുണ്ടാകുമെന്ന് പ്രതീക്ഷിക്കാം.


Click it and Unblock the Notifications