»   » ബാബുരാജ് പാടുന്നു

ബാബുരാജ് പാടുന്നു

Posted By:
Subscribe to Filmibeat Malayalam
Baburaj
പ്രതിനായകനില്‍ നിന്ന് നായകനിലേക്ക്, അവിടെ നിന്ന് ഗായകനിലേക്ക്. അതാണ് ബാബുരാജ് എന്ന നടന്റെ വളര്‍ച്ച. മസിലും പെരുപ്പിച്ച്, നായകരുടെ ഇടികൊണ്ടു നടന്നിരുന്ന ആ പഴയ ബാബുരാജിനെയല്ല ഇനി സ്‌ക്രീനില്‍ കാണാന്‍പോകുന്നത്. ഹരിനാരായണന്‍ സംവിധാനം ചെയ്യുന്ന നോട്ടി പ്രഫസര്‍ എന്ന ചിത്രത്തില്‍ ബാബുരാജിന് മൂന്നു ചുമതലയാണുള്ളത്. ചിത്രത്തില്‍ നായകന്‍, ഗായകന്‍, തിരക്കഥാകൃത്ത് എന്നിവ കൈകാര്യം ചെയ്ത് ബാബുരാജ് ഉയരങ്ങളിലേക്കു കുതിക്കുകയാണ്.

ആഷിഖ് അബു സംവിധാനം ചെയ്ത സാള്‍ട്ട് ആന്‍ഡ് പെപ്പറിലൂടെയാണ് ബാബുരാജിന്റെ നല്ല കാലം തുടങ്ങുന്നത്. പിന്നീട് ഓര്‍ഡിനറി എന്ന ചിത്രത്തിലൂടെ ഹാസ്യം നന്നായി കൈകാര്യം ചെയ്യുന്ന നടന്‍ എന്ന ലേബല്‍ ഒന്നുകൂടി ശക്തിപ്പെട്ടു. ദിലീപിനൊപ്പം അഭിനയിച്ച മായാമോഹിനിയും കോമഡിയുടെ പേരില്‍ ശ്രദ്ധിക്കപ്പെട്ടു.

ഈ സമയത്താണ് ബാബുരാജിന്റെ മനസ്സില്‍ നോട്ടി പ്രഫസറുടെ കഥ വളര്‍ന്നത്. കോളജില്‍ ചെറുപ്പക്കാര്‍ക്കൊപ്പം അടിച്ചുപൊളിച്ചു നടക്കുന്ന കെമിസ്ട്രി പ്രഫസര്‍. ഇദ്ദേഹത്തിന്റെ ഭാര്യ മുന്‍ സിനിമാതാരം കൂടിയാണ്. ട്രെന്‍ഡിയായി നടക്കുന്ന കോളജ് പ്രഫസര്‍ ചെന്നുചാടുന്ന മണ്ടത്തരങ്ങളാണ് ഹരിനാരായണന്‍ സ്‌ക്രീനിലേക്കു കൊണ്ടുവരുന്നത്.

ബഌക്ക് ഡാലിയ, മനുഷ്യമൃഗം എന്നീ ചിത്രങ്ങള്‍ സംവിധാനംചെയ്ത ബാബുരാജ് മറ്റൊരാള്‍ക്കു വേണ്ടി ആദ്യമായി തിരക്കഥയൊരുക്കുന്ന ചിത്രമാണിത്. ഇതില്‍ ഒരുഗാനം ആലപിച്ച് ബാബുരാജ് ഗായകനായ നായകന്‍മാരുടെ നിരയില്‍ സ്ഥാനം പിടിക്കുന്നു. ഇന്നസെന്റ്, ടിനിടോം, ലക്ഷ്മി ഗോപാലസ്വാമി, മൈഥിലി, ഷഫ്‌ന എന്നിവരാണു മറ്റുതാരങ്ങള്‍. കലാസംഘവും കാസും ചേര്‍ന്ന് 29ന് ചിത്രം തിയറ്ററില്‍ എത്തിക്കും.

സംവിധായകന്‍ എന്ന നിലയില്‍ രണ്ടുചിത്രവും വിജയിപ്പിക്കാന്‍ ബാബുരാജിനു സാധിച്ചിരുന്നില്ല. തിരക്കഥാകൃത്ത്, നായകന്‍ എന്നീ നിലയിലെ ബാബുരാജ് എങ്ങനെയെന്നറിയാന്‍ 29 വരെ കാത്തിരിക്കാം.

English summary
Actor Baburaj is singing in Naughty Professor which has Jassie Gift as the music director,

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam