ഞാന്‍ താലികെട്ടിയ ഉടനെ തിരക്കിനിടയിലൂടെ കൈയ്യിലൊരു പൊതി തന്നു! ഗാന്ധിമതി ബാലനെ കുറിച്ച് ബാലചന്ദ്ര മേനോന്‍

പ്രമുഖ നിര്‍മാതാവ് ഗാന്ധിമതി ബാലന്‍ വേര്‍പാടില്‍ ദുഃഖിക്കുകയാണ് മലയാള സിനിമാലോകം. തൂവാനത്തുമ്പികള്‍ പോലെയുള്ള ക്ലാസിക് സിനിമകള്‍ മലയാളിക്ക് സമ്മാനിച്ച നിര്‍മാതാവാണ് ബാലന്‍. ഒത്തിരി ഹിറ്റ് സിനിമകള്‍ ചെയ്‌തെങ്കിലും 1990 ല്‍ തന്നെ അദ്ദേഹം നിര്‍മാണം അവസാനിപ്പിച്ചിരുന്നു.

ഗാന്ധിമതി ബാലന്റെ വേര്‍പാടുണ്ടാക്കിയ വേദന പങ്കുവെക്കുകയാണ് സംവിധായകനും നടനുമായ ബാലചന്ദ്ര മേനോന്‍. സോഷ്യല്‍ മീഡിയ പേജില്‍ പങ്കുവെച്ച കുറിപ്പിലൂടെയാണ് ഇദ്ദേഹവുമായി ഉണ്ടായിരുന്ന ആത്മബന്ധത്തെ കുറിച്ച് താരം സംസാരിച്ചത്.

'ഈ കുറിപ്പ് ഇന്ന് വൈകിട്ട് എന്റെ സോഷ്യല്‍ മീഡിയ പേജില്‍ വരുമ്പോഴേക്കും എന്റെ സുഹൃത്തായ ബാലന്‍ അഗ്‌നി ശുദ്ധി വരുത്തി പരലോക പ്രാപ്തനായേക്കാം.

balachandra-menon

ഒരു വിഷമമേ എനിക്കുള്ളൂ... ഏറ്റവും ഒടുവില്‍ തിരുവനന്തപുരത്തു വന്നപ്പോഴും രണ്ടു തവണ ഞാന്‍ ബാലനെ ഫോണില്‍ വിളിക്കാന്‍ ശ്രമിച്ചു. പ്രതികരണമുണ്ടായില്ല. (പിന്നീട് ബാലന്റെ ഭാര്യ അനിത പറയുമ്പോഴാണ് അറിയുന്നത് ബാലന്‍ ക്ഷീണിതനായി, സംസാരിക്കാന്‍ പോലും ബുദ്ധിമുട്ടുന്ന അവസ്ഥയില്‍ ഇരുന്നപ്പോഴാണ് ഞാന്‍ ഫോണില്‍ വിളിച്ചത് എന്ന്).

തിരിച്ചു കൊച്ചിയില്‍ എത്തി അധികം കഴിയും മുന്‍പ് അനിത എന്റെ ഭാര്യ വരദയെ വിളിച്ചു. ബാലന്റെ മോശമായ ആരോഗ്യ നില അറിയിച്ചു. അതനുസരിച്ചു ഞാന്‍ തിരുവന്തപുരത്തേക്കു പോകാനുള്ള ഒരുക്കങ്ങളും തുടങ്ങി . എന്നാല്‍ അപ്രതീക്ഷിതമായി എനിക്കുണ്ടായ ഫുഡ് പോയിസിനിങ്ങ് എന്റെ എല്ലാ പരിപാടികളും മാറ്റി മറിച്ചു. അധികം വൈകും മുന്‍പേ ബാലന്റെ മകന്‍ അനന്തുവിന്റെ ഫോണ്‍ വന്നു. ബാലന്‍ അവസാനിച്ചു എന്ന അപ്രിയ സത്യം അവന്‍ വെളിപ്പെടുത്തി.

'അങ്കിള്‍ അല്ലെ അച്ഛനെ സിനിമയുമായി ആദ്യമായി ബന്ധപ്പെടുത്തിയത്? അതുകൊണ്ടു അങ്കിളിനെ നേരിട്ട് വിളിച്ചു പറയണമെന്ന് കരുതി...' അനന്തു പറഞ്ഞത് ശരിയാണ്. ബാലന്റെ ഗാന്ധിമതി ഫിലിംസിനു തുടക്കമിട്ടത് ഞാന്‍ സംവിധാനം ചെയ്ത 'ഇത്തിരി നേരം ഒത്തിരി കാര്യം' എന്ന ചിത്രമായിരുന്നു. ശ്രീ ജോണ്‍ ആരംഭിച്ച ആ ചിത്രം ഏറ്റെടുത്തു പൂര്‍ത്തിയാക്കിയതും തിയേറ്ററില്‍ വിജയകരമായി 50 ദിവസങ്ങള്‍ ഓടിയതും എല്ലാം ബാലന്റെ നല്ലൊരു തുടക്കമായിരുന്നു.

അവിടുന്ന് തുടങ്ങിയ ബാലന്റെ ജൈത്രയാത്ര പത്രക്കാരുടെ ഏകകണ്ഠമായ അഭിപ്രായങ്ങള്‍ കടമെടുത്താല്‍ മുപ്പതോളം 'ക്ലാസ്സിക് സിനിമകളുടെ ശില്‍പി' എന്ന ഖ്യാതിയും ബാലന് നേടിക്കൊടുത്തു. നായികമാരെ മാത്രമല്ല നല്ല പ്രൊഡ്യൂസറേയും മലയാള സിനിമയ്ക്കു നല്ല രാശിയോടെ പരിചയപ്പെടുത്താന്‍ കഴിഞ്ഞതില്‍ അനല്പമായ സന്തോഷം എനിക്കുണ്ട്.

ബാലന്‍ എനിക്ക് ദീര്‍ഘനാളായി പരിചയമുള്ള ഒരു കുടുംബ സുഹൃത്താണ്. ഞാന്‍ ആദ്യം പരിചയപ്പെടുമ്പോള്‍ ബാലന്റെ മകള്‍ സൗമ്യക്ക് മൂന്നോ നാലോ വയസ്സേയുള്ളു എന്നാണു എന്റെ ഓര്‍മ്മ. എന്റെയും എന്റെ സഹോദരി സുഷമയുടെയും കല്യാണം എന്ന് വേണ്ട എന്റെ സിനിമാജീവിതത്തിലെ ആഘോഷങ്ങള്‍ക്കെല്ലാം ബാലന്റെ സജീവ സാന്നിദ്ധ്യമുണ്ടായിരുന്നു.

എന്റെ കല്യാണ നാളില്‍ ഞാന്‍ കുടുംബക്ഷേത്രത്തില്‍ വെച്ച് വരദയുടെ കഴുത്തില്‍ താലി കെട്ടിയതും ആള്‍ക്കൂട്ടത്തില്‍ എങ്ങു നിന്നോ കുതിച്ചെത്തിയ ബാലന്‍ ഒരു പൊതി എന്റെ കയ്യില്‍ തിരുകി 'താലി കെട്ടിയ ശേഷമുള്ള ആദ്യത്തെ അഡ്വാന്‍സ് എന്റെയാ മറക്കണ്ട' എന്ന് പറഞ്ഞതും, ഞാന്‍ ഓര്‍ത്തു പോകുന്നു.

ആരും അധികം കാണാത്ത ഒരു കവിഹൃദയത്തിന്റെ ഉടമയായ ബാലന്‍, കടമ്മനിട്ട കവിതകളുടെ ഒരു ഉപാസകനായിരുന്നു. 'പൂച്ചയാണെന്റെ ദുഃഖം'എന്ന് കണ്ണടച്ചു ബാലന്‍ ആലപിക്കുന്നത് എന്റെ കണ്മുന്നില്‍ നില്‍ക്കുന്നു. അതു പോലെ തന്നെ നല്ല ഒരു ആതിഥേയന്‍ കൂടിയായിരുന്നു. ഏതു ഹോട്ടലില്‍ പോയാലും എന്റെ മെനു 'ഇഡ്ഡലി ദോശ'യില്‍ തീരും. എന്നാല്‍ ബാലന്‍ കൂടെയുണ്ടെങ്കില്‍ നാം ഇന്നതു വരെ കണ്ടിട്ടില്ലാത്ത 'ഐറ്റംസ്' ബാലന്‍ ചൂഴ്‌ന്നെടുത്തു കൊണ്ടു വരും.

balan

ഞാന്‍ ജീവിതത്തില്‍ ആദ്യമായി 'കാടയിറച്ചിയും' ആടിന്റെ 'ബ്രെയിന്‍ ഫ്രൈ' എല്ലാം ഈ ലോകത്തുണ്ടെന്നറിയുന്നതു ബാലനിലൂടെയാണ്. പാചകത്തിന്റെ കാര്യത്തില്‍ ബാലന്റെ ഭാര്യ അനിതയും ഒട്ടും മോശമല്ല. ആ കൈപ്പുണ്യം നന്നായി ഞാനും വരദയും എറെ ആസ്വദിച്ചിട്ടുണ്ട്. സൗമ്യമായ ചിരിയോടെ അത് വെച്ച് വിളമ്പാനും അനിതക്ക് ഒരു മടിയുമില്ല താനും...

ബാലനെ ഞാന്‍ മലയാള സിനിമക്ക് പരിചയപ്പെടുത്തിയതു പോലെ ബാലന്റെ സന്മനസ്സു കൊണ്ടു എന്റെ മറ്റൊരു സുഹൃത്തിനെ കൂടി ഒരു പുതിയ മേഖലയില്‍ അവതരിപ്പിക്കാന്‍ എനിക്ക് ഭാഗ്യമുണ്ടായി. അതും ഒരു ഗംഭീര വിജയമായി എന്ന് തന്നെ പറയാതെ വയ്യ. ആരാണെന്നല്ലേ? നാളെ, എന്റെ ഫേസ്ബുക്ക് പേജില്‍ ഇതേ സമയം, നിങ്ങള്‍ക്കു ബാലന്റെ വാക്കുകളിലൂടെ അത് കേള്‍ക്കാം.

ഇത്രയും എഴുതി തീര്‍ന്നപ്പോള്‍, അനുവാദമില്ലാതെ തന്നെ എന്റെ കണ്ണുകള്‍ സജലങ്ങളായി. അതെ ബാലന്‍... അതിനെ കുറ്റപ്പെടുത്തേണ്ട. ആ കണ്ണീര്‍ നിങ്ങള്‍ക്കു അവകാശപ്പെട്ടതാണ്, എന്റെ ഭാര്യയുടെയും മക്കളുടെയും ഒരു പക്ഷെ മരിച്ചു പോയ എന്റെ അച്ഛനമ്മമാരുടെയും സാന്നിധ്യം ആ കണ്ണീരിനുണ്ടെന്നു കരുതിക്കൊള്ളു.

നിങ്ങളുടെ ശബ്ദം എന്റെ ചെവിയില്‍ ഇപ്പോഴുംമുഴങ്ങുന്നു; 'പൂച്ചയാണെന്റെ ദുഃഖം!' എന്റെ മനസ്സിന്റെ ഒരു കോണില്‍ നിന്ന് മറ്റൊരു ആവര്‍ത്തനം; ബാലനാണെന്റെ ദുഃഖം...' എന്നും പറഞ്ഞാണ് ബാലചന്ദ്ര മേനോന്‍ കുറിപ്പ് അവസാനിപ്പിക്കുന്നത്.

More from Filmibeat

Read more about: balachandra menon
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X