നടന്‍ കെടിസി അബ്ദുള്ള അന്തരിച്ചു! നായകനായി അഭിനയിച്ച് വരുന്നതിനിടയില്‍ അപ്രതീക്ഷിതമായി ആ വിയോഗം!
Recommended Video

സിനിമാലോകത്തെ വേദനയിലാഴ്ത്തി മറ്റൊരു മരണവാര്‍ത്ത കൂടി. നാടക-സിനിമ മേഖലയിലെ സ്ഥിരം സാന്നിധ്യമായ കെടിസി അബ്ദുള്ള അന്തരിച്ചുവെന്നുള്ള ദു:ഖവാര്‍ത്തയാണ് കഴിഞ്ഞ ദിവസമെത്തിയത്. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. 82 വയസ്സായിരുന്നു അദ്ദേഹത്തിന്. രാമു കാര്യാട്ട് സംവിധാനം ചെയ്ത ദ്വീപിലൂടെയാണ് അദ്ദേഹം സിനിമയില്‍ തുടക്കം കുറിച്ചത്. പിന്നീടങ്ങോട്ട് നിരവധി സിനിമകള്‍. അറബിക്കഥ, ഗദ്ദാമ, സുഡാനി ഫ്രം നൈജീരിയ തുടങ്ങിയ സിനിമകളിലെ കഥാപാത്രം എന്നെന്നും ഓര്‍ത്തിരിക്കുന്നവയാണ്. ഷാനു സമദ് ചിത്രമായ മൊഹബ്ബത്തിന്‍ കുഞ്ഞബ്ദുള്ള എന്ന സിനിമയില്‍ പ്രധാന വേഷത്തില്‍ അഭിനയിച്ച് വരുന്നതിനിടയില്‍ അപ്രതീക്ഷിതമായാണ് അദ്ദേഹം യാത്രയായത്.
1959 ലാണ് അദ്ദേഹം കെടിസിയില്‍ ജോലിക്കായി പ്രവേശിച്ചത്. ഇതോടെ അദ്ദേഹത്തിന്റെ പേരും കെടിസി അബ്ദുള്ള എന്നായി മാറുകയായിരുന്നു. ആകാശവാണിയുടെ എ ഗ്രേഡ് ആര്‍ടിസ്റ്റ് കൂടിയാണ് അദ്ദേഹം. വിയോഗ വാര്‍ത്തയെത്തിയപ്പോള്‍ ആദ്യം മനസ്സിലേക്കെത്തിയത് കൈവീശി തിരിഞ്ഞുനോക്കാതെയുള്ള ആ പോക്കായിരുന്നു. സുഡാനി ഫ്രം നൈജീരിയ എന്ന ചിത്രം കണ്ടവരാരും ഈ രംഗം മറന്നുകാണാനിടയില്ല. സിനിമാലോകം ഒന്നടങ്കം അദ്ദേഹത്തിന് ആദരാഞ്ജലി രേഖപ്പെടുത്തിയിട്ടുണ്ട്.

നാടകങ്ങളിലൂടെ തുടക്കം
കോഴിക്കോടിന്റെ ഹൃദയമിടിപ്പ് അറിയുന്ന കലാകാരനാണ് കെടിസി അബ്ദുള്ള. നാടകത്തില്‍ നിന്നാണ് അദ്ദേഹം സിനിമയിലേക്കെത്തിയത്. സ്‌കൂളില്‍ പഠിക്കുന്ന കാലത്ത് സ്വന്തമായി നാടകങ്ങളെഴുതിയിരുന്നു അദ്ദേഹം. അതായിരുന്നു കലാരംഗത്തെ തുടക്കം. പിന്നീട് സിനിമയിലേക്കെത്തിയപ്പോഴും മികച്ച സ്വീകാര്യതയാണ് അദ്ദേഹത്തിന് ലഭിച്ചത്. കാണാക്കിനാവ്, കാറ്റക്കെ കിളിക്കൂട്, അറബിക്കഥ, യെസ് യുവര്‍ ഓണര്‍, ഗദ്ദാമ തുടങ്ങിയ സിനിമകളിലെ വേഷം ശ്രദ്ധേയമായിരുന്നു.

കെടിസിയിലെത്തിയപ്പോഴും കലയെ വിട്ടില്ല
കേരള ട്രാന്‍സ്‌പോര്‍ട്ടില്‍ ജോലിയില്‍ പ്രവേശിച്ചപ്പോഴും അദ്ദേഹം കലയെ ഒപ്പം കൂട്ടിയിരുന്നു. കലയില്‍ തല്‍പ്പരരായ കെടിസിയുടെ ഉടമകള്‍ അദ്ദേഹത്തിന്റെ നാടകപ്രവര്‍ത്തനങ്ങള്‍ക്ക് മികച്ച പിന്തുണയാണ് നല്‍കിയത്. ആദ്യനാടകത്തില്‍ സ്ത്രീ വേഷമായിരുന്നു അദ്ദേഹത്തിന് ലഭിച്ചിരുന്നത്. നാടകത്തോടുള്ള ഇഷ്ടം കാരണം എട്ടാം ക്ലാസില്‍ വെച്ച് പഠനം നിര്‍ത്തിയ അദ്ദേഹം അഭിനയരംഗത്ത് സജീവമാവുകയായിരുന്നു. നായികയായി അഭിനയിക്കേണ്ടിയിരുന്ന നടി വരാതിരുന്നതോടെയായിരുന്നു അദ്ദേഹം സ്ത്രീ വേഷത്തില്‍ അഭിനയിച്ചത്.

സുഡാനിയിലെ ആ രംഗം
സക്കറിയ മുഹമ്മദ് സംവിധാനം ചെയ്ത സുഡാനി ഫ്രം നൈജീരിയയെന്ന സിനിമയ്ക്ക് മികച്ച സ്വീകാര്യതയായിരുന്നു ലഭിച്ചത്. കാല്‍പ്പന്തുകളിയും മലപ്പുറത്തിന്റെ നിഷ്‌കളങ്കതയുമൊക്കെ സിനിമാപ്രേമികള്‍ ഹൃദയത്തിലേറ്റിയിരുന്നു. സെക്യൂരിറ്റിയായി ജോലി ചെയ്യുന്ന സ്ഥലത്തേക്ക് രാത്രി പോകാനിറങ്ങുന്നതിനിടയില്‍ കൈവീശി കാണിച്ച് നടന്നുനീങ്ങുന്ന കെടിസിയുടെ രൂപം കണ്ണില്‍ നിന്നും മായുന്നില്ലെന്നായിരുന്നു വിയോഗവാര്‍ത്ത അറിഞ്ഞപ്പോള്‍ പലരും പറഞ്ഞത്. പിന്തിരിഞ്ഞുനോക്കാതെയുള്ള ആ കൈവീശല്‍ ഇപ്പോഴും ഓര്‍ത്തിരിക്കുന്നുണ്ട്.

ലാല്‍ ജോസ് നല്‍കിയ ബ്രേക്ക്
43ാമത്തെ വയസ്സിലാണ് അദ്ദേഹം സിനിമയിലേക്കെത്തിയത്. ദ്വീപ് എന്ന സിനിമയിലൂടെയായിരുന്നു ഇത്. അങ്ങാടി, കാറ്റത്തെ കളിക്കൂട് തുടങ്ങി നിരവധി സിനിമകളില്‍ അഭിനയിച്ചിരുന്നുവെങ്കിലും അദ്ദേഹത്തിന്റെ കരിയര്‍ ബ്രേക്കുകളിലൊന്നായി മാറിയ സിനിമയായിരുന്നു അറബിക്കഥ. അബ്ദുള്ളക്കാ എന്ന ക്യൂബ മുകുന്ദന്റെ വിളിയെ പ്രേക്ഷകര്‍ ഏറ്റെടുത്തിരുന്നു. മുകുന്ദനെ സഹായിച്ചതും പിന്നീട് പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് വരുന്നതിനിടയിലുമുള്ള രംഗങ്ങള്‍ ഇന്നും നമുക്ക് മുന്നിലുണ്ട്.

സുഡാനിയിലെ അഭിനയം
ഉമ്മയുടെ രണ്ടാം ഭര്‍ത്താവ് എന്ന കാരണത്താല്‍ മജീദിന് മുന്നില്‍ ഉരുകിത്തീരുന്ന നിസ്സാഹയനായ ബാപ്പയായാണ് അദ്ദേഹം സുഡാനിയിലെത്തിയത്. സുഡുവിനോട് ഫാദര്‍ എന്ന് പറഞ്ഞുകൊടുക്കുമ്പോള്‍ ആ കണ്ണുകളിലെ തിളക്കം നമ്മള്‍ കണ്ടതാണ്. അദ്ദേഹത്തിന്റെ ഓരോ മാനറിസവും പ്രേക്ഷകരില്‍ പതിഞ്ഞിരുന്നു.

നിങ്ങളിതെന്തൊരു മനുഷ്യനാണ്
സുഡാനി ഫ്രം നൈജീരിയയിലെ അഭിനയം കണ്ടതിന് ശേഷം പ്രേക്ഷകര്‍ മാത്രമല്ല സഹപ്രവര്‍ത്തകരും അദ്ദേഹത്തെ അഭിനന്ദിച്ചിരുന്നു. ഇപ്പോഴും തന്നെ ഹോണ്ട് ചെയ്യുന്ന കഥാപാത്രം പുത്യാപ്ലയാണെന്നും നിങ്ങളിതെന്തോരു മനുഷ്യനാണ് അബ്ദുള്ളക്കാ എന്നുമായിരുന്നു അന്ന് സുരാജ് ഫേസ്ബുക്കില്‍ കുറിച്ചത്. അദ്ദേഹത്തിന് ലഭിച്ച മികച്ച അംഗീകാരം കൂടിയായിരുന്നു ആ വാക്കുകള്‍.

മറ്റൊരു ഓപ്ഷനുണ്ടായിരുന്നില്ല
സുഡാനി ഫ്രം നൈജീരിയയില്‍ സൗബിന്റെ രണ്ടാനച്ഛനെ അവതരിപ്പിക്കാനായി മറ്റൊരു താരവും തങ്ങള്‍ക്ക് മുന്നിലുണ്ടായിരുന്നില്ലെന്ന് സംവിധായകന്‍ പറയുന്നു. അദ്ദേഹവുമായി അടുത്ത ആത്മബന്ധമുണ്ടായിരുന്നുവെന്നും സക്കറിയ പറയുന്നു. രണ്ടാഴ്ച കൂടുമ്പോള്‍ അദ്ദേഹത്തെ വഇലിക്കാറുണ്ട്. ഇടയ്ക്കിടയ്ക്ക് കാണാറുമുണ്ട്. അദ്ദേഹത്തിന്റെ വേര്‍പാട് വേദനിപ്പിക്കുന്നുവെന്നും സംവിധായകന്‍ പറയുന്നു.

നായകനായി അഭിനയിക്കുന്നതിനിടയില്‍
ചെറിയ ചെറിയ വേഷങ്ങളുമായി മുന്നേറുന്നതിനിടയിലും നായകമോഹമെന്ന സ്വപ്‌നം സാക്ഷാത്ക്കരിക്കുന്നതിനിടയിലാണ് അദ്ദേഹം യാത്രയായത്. മുഹബത്തിന്‍ കുഞ്ഞബ്ദുള്ളയില്‍ നായകനായാണ് അഭിനയിക്കുന്നതെന്ന് അറിഞ്ഞപ്പോള്‍ നിങ്ങളെക്കൊണ്ട്് കഴിയുമോയെന്ന് അന്ന് താന്‍ ചോദിച്ചിരുന്നുവെന്നും കുഴപ്പമില്ല, അവര്‍ വന്ന് കാറില്‍ പിക്ക് ചെയ്‌തോളും എന്ന് പറഞ്ഞ് സിനിമയെക്കുറിച്ച് വാചാലനായിരുന്നു അദ്ദേഹം.

വയസ്സന്‍മാരുടെ ക്ലാപ്
തന്റെ ആദ്യ ചിത്രമായ സുഡാനിക്ക് ക്ലാപ്പടിച്ചത് അബ്ദുള്ളാക്കയും സ്വിച്ചോണ്‍ കര്‍മ്മം നിര്‍വഹിച്ചത് ഉപ്പയുമാണ്. ഞങ്ങള്‍ രണ്ട് വയസ്സന്‍മാരാണ് ഇത് തുടങ്ങിത്തന്നതെന്നും കേടുപാടുകളൊന്നും സംഭവിക്കാതിരിക്കട്ടെയെന്നും അദ്ദേഹം തമാശയാക്കുമായിരുന്നു. സിനിമ വിജയിച്ചുവെന്ന് നിരവധി പേര്‍ അദ്ദേഹത്തയും വിളിച്ച് പറഞ്ഞിരുന്നു, ഇപ്പോഴാണ് സമാധാനമായതെന്നും താന്‍ തുടങ്ങി വെച്ച പരിപാടി കുളമായിപ്പോവുമോയെന്നോര്‍ത്ത് ടെന്‍ഷനടിച്ചിരുന്നുവെന്നും അന്നദ്ദേഹം പറഞ്ഞിരുന്നു.


Click it and Unblock the Notifications











