ഫാന്‍സ് അസോസിയേഷനുകള്‍ വേണ്ടെന്ന് ഉറക്കെ പ്രഖ്യാപിച്ച ഒരേയൊരു താരം ഫഹദാണ്: ഹരീഷ് പേരടി
ജനപ്രീതി നേടി ബിഗ് ബോസ് ഷോ മുന്നേറുകയാണ്. ഇതിനിടെ മത്സരത്തില്‍ നിന്നും പുറത്ത് വന്ന ഡോ.രജിത് കുമാറിനെ സ്വീകരിക്കാന്‍ ആരാധകരെത്തിയത് വലിയ വിവാദമായി. ലോകം മുഴുവന്‍ കൊറോണ ഭീഷണി നിലനില്‍ക്കുമ്പോള്‍ നൂറ് കണക്കിന് ആളുകള്‍ എയര്‍പോര്‍ട്ടിലേക്ക് വന്നതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണം. അതീവ സുരക്ഷിതരായി ഇരിക്കേണ്ട സമയത്താണ് ആരാധകരുടെ ഇത്തരം പ്രവൃത്തി.
ഇക്കാര്യത്തില്‍ സിനിമാ താരങ്ങളടക്കം പ്രതികരണങ്ങളുമായി എത്തി. ഫാന്‍സ് അസോസിയേഷനുകളെ നിയന്ത്രിക്കേണ്ട സമയം അതിക്രമിച്ചെന്ന് പറയുകയാണ് നടന്‍ ഹരീഷ് പേരടി. ഇവരെ നിയമപരമായി തന്നെ നിയന്ത്രിക്കണമെന്നും ഫേസ്ബുക്കിലൂടെ പുറത്ത് വിട്ട കുറിപ്പിൽ പറയുന്നു. ഫാന്‍സ് അസേസിയേഷന്‍ വേണ്ടെന്ന് ആദ്യമേ പ്രഖ്യാപിച്ച നടന്‍ ഫഹദ് ഫാസിലിനെ കുറിച്ചും താരം പറഞ്ഞിരിക്കുകയാണ്.

'ഏല്ലാ ഫാന്‍സുകാരെയും നിയമപരമായി നിയന്ത്രിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. കഴിഞ്ഞ വര്‍ഷമാണ് സംസ്ഥാനത്തിന്റെ മുഖ്യമന്ത്രി പങ്കെടുത്ത ഒരു യോഗത്തില്‍ ഒരു സൂപ്പര്‍സ്റ്റാര്‍ ഫാന്‍സ് മുഖ്യമന്ത്രിയെ സംസാരിക്കാന്‍ സമ്മതിക്കാത്ത രീതിയില്‍ ബഹളമുണ്ടാക്കുകയും ആ പ്രമുഖ നടന്‍ ഇരിക്കുന്ന വേദിയില്‍ വെച്ച് സംസ്ഥാനത്തിന്റെ മുഖ്യമന്ത്രി പ്രസംഗം മുഴുമിപ്പിക്കാതെ അവസാനിപ്പിച്ചതും.
ഇതും ഈ സമയത്ത് ചര്‍ച്ച ചെയ്യപെടേണ്ടതാണ് എന്ന് ഒരു ജനാധിപത്യ വിശ്വാസിയായ ഞാന്‍ രാഷ്ട്രീയ ഭേദമന്യേ വിശ്വസിക്കുന്നു. എത്രയോ മനുഷ്യര്‍ അവരുടെ ജീവന്‍ കൊടുത്ത് ഉണ്ടാക്കിയെടുത്തതാണി ജനാധിപത്യ കേരളം. ആ കേരളത്തെ തലക്കോളമില്ലാത്ത ഫാന്‍സുകള്‍ എന്ന ആള്‍കൂട്ടത്തിന് അഴിഞ്ഞാടാന്‍ വിട്ടുകൊടുക്കരുത്.

ഈ എയര്‍പോര്‍ട്ട് സംഭവത്തോടെ ഇതിന് ഒരു അവസാനമുണ്ടാവണം. ഫാന്‍സ് അസോസിയേഷനുകളുള്ള ചെറുതും വലുതുമായ ഏല്ലാ നടന്മാര്‍ക്കും ഇത് ബാധകമാണ്. മലയാളത്തിന്റെ അഭിമാനം ഉയര്‍ത്തിപിടിച്ച ഏല്ലാ മഹാനടന്മാരുടെയും അഭിനയ മികവിന് മുന്‍പില്‍ ബഹുമാനത്തോടെ തല താഴ്ത്തി കൊണ്ട് പറയുന്നു.
ഇത്തരം തലതിരിഞ്ഞ ആള്‍കൂട്ടത്തെ പോറ്റി വളര്‍ത്തരുത്. ആകെയുള്ള പ്രതീക്ഷയും ഉദാഹരണവും മലയാളികള്‍ ഹൃദയത്തിലേററിയ ഫഹദ് ഫാസില്‍ എന്ന നടന്‍ മാത്രമാണ്. തനിക്ക് ഫാന്‍സ് അസോസിയേഷനുകള്‍ വേണ്ട എന്ന ഉറക്കെ പ്രഖ്യാപിച്ച ഒരേയൊരു ഫഹദ്. പുതിയ കേരളം മഹാനടന്‍മാരുടെ പുതിയ തീരുമാനങ്ങള്‍ക്കായാണ് കാത്തിരിക്കുന്നത്'.


Click it and Unblock the Notifications