പ്രതിശ്രുത വധുവിനൊപ്പം കാളിദാസ് ജയറാം! താരപുത്രന്റെ വിവാഹനിശ്ചയം ആഘോഷമാക്കി ജയറാമും കുടുംബവും
കാളിദാസ് ജയറാം പ്രണയത്തിലാണെന്ന കഥകള്‍ പ്രചരിക്കാന്‍ തുടങ്ങിയിട്ട് അധികമായിട്ടില്ല. അന്ന് മുതലിങ്ങോട്ട് താരപുത്രന്റെ വിവാഹത്തെ കുറിച്ചറിയാനുള്ള കാത്തിരിപ്പിലായിരുന്നു ആരാധകര്‍. ഒടുവില്‍ കാളിദാസ് വൈകാതെ വിവാഹിതനായേക്കുമെന്ന വിവരമാണ് പുറത്ത് വരുന്നത്. താരത്തിന്റെ വിവാഹനിശ്ചയം നടന്നതിന്റെ വീഡിയോ പുറത്ത് വന്നതോടെയാണ് ഇക്കാര്യം കൂടുതല്‍ വ്യക്തമാവുന്നത്.
കാളിദാസും കാമുകി തരിണി കലിംഗരായറും തമ്മിലുള്ള വിവാഹനിശ്ചയമാണ് നടന്നിരിക്കുന്നത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത ചടങ്ങില്‍ വച്ചാണ് നിശ്ചയം നടത്തിയതെന്ന് വീഡിയോയില്‍ നിന്നും വ്യക്തമാവുന്നു. കാളിദാസും തരിണിയും വേദിയിലൂടെ നടന്ന് വരുന്നതും ശേഷം ഇരുവരുടെയും മാതാപിതാക്കളുടെ സാന്നിധ്യത്തിലാണ് ചടങ്ങുകള്‍ നടത്തിയത്.

കാളിദാസിന്റെ ഭാഗത്ത് മാതാപിതാക്കളായ ജയറാമും പാര്‍വതിയും സഹോദരി മാളവികയുമാണ് ഉണ്ടായിരുന്നത്. തരിണിയ്‌ക്കൊപ്പം മാതാപിതാക്കളും സഹോദരിയുമായിരുന്നു ഉണ്ടായിരുന്നത്. ഇരുവരും പരസ്പരം മോതിരങ്ങള്‍ അണിയിക്കുന്നതാണ് വീഡിയോയിലുള്ളത്. ഇതിനിടയില്‍ തരിണിയെ പ്രൊപ്പോസ് ചെയ്തതിന് ശേഷം നെറ്റിയില്‍ ചുംബിക്കുകയാണ് കാളിദാസ്.
ചെന്നൈയില്‍ വച്ചാണ് പരമ്പരാഗതമായ ശൈലിയില്‍ പൂജയോട് കൂടിയുള്ള വിവാഹനിശ്ചയം ഏര്‍പ്പാടാക്കിയത്. വളരെ ചെറിയ രീതിയിലാണെങ്കിലും വലിയ ആഘോഷത്തോടെയാണ് കാളിദാസിന്റെ നിശ്ചയ ചടങ്ങുകള്‍ നടത്തിയിരിക്കുന്നത്. അടുത്തിടെ പല അഭിമുഖങ്ങളിലൂടെയും വിവാഹത്തെ കുറിച്ചുള്ള ചോദ്യങ്ങളില്‍ നിന്നും കാളിദാസ് വിട്ട് നിന്നിരുന്നു. ഒടുവില്‍ ആരാധകരെ പോലും അത്ഭുതപ്പെടുത്തി കൊണ്ടാണ് താരങ്ങളുടെ വിവാഹനിശ്ചയ വാര്‍ത്ത പുറത്ത് വരുന്നത്.
ഏറ്റവും പുതിയതായി കാളിദാസ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന രജനി എന്ന സിനിമയാണ് റിലീസിനൊരുങ്ങുന്നത്. സിനിമയുടെ പ്രൊമോഷന്റെ ഭാഗമായിട്ടാണ് പല അഭിമുഖങ്ങൡും കാമുകിയെ കുറിച്ച് കാളിദാസ് തുറന്ന് പറഞ്ഞത്. ഇരുവരും പരിചയപ്പെട്ടത് മുതല്‍ നല്ല സുഹൃത്തുക്കളായിരുന്നുവെന്നും തരിണി നന്നായി സംസാരിക്കുന്ന ആളാണെന്നുമാണ് പ്രതിശ്രുത വധുവിനെ കുറിച്ച് കാളിദാസ് പറഞ്ഞത്.

താനധികം സംസാരിക്കാത്ത ആളും തരിണി നല്ലോണം സംസാരിക്കുന്ന ആളുമാണ്. അപ്പോള്‍ അത് ബാലന്‍സായി പോകുമെന്നാണ് പ്രണയത്തെ കുറിച്ച് സംസാരിക്കുന്നതിടയില്‍ കാളിദാസ് വ്യക്തമാക്കിയത്. വീട്ടില്‍ പ്രണയത്തെ കുറിച്ച് പറയുന്നതിന് മുന്‍പേ അവര്‍ സംശയം തോന്നി കണ്ടുപിടിക്കുകയായിരുന്നു.
സിനിമയില്‍ നായകനായി അഭിനയിച്ചതിന് ശേഷമാണ് കാളിദാസ് ജയറാം തരിണിയെ പരിചയപ്പെടുന്നത്. 2021 ലെ ലിവ മിസ് ദിവാ റണ്ണറപ്പാണ് തരിണി കലിംഗരായര്‍. വിഷ്വല്‍ കമ്യൂണിക്കേഷന്‍ ബിരുദധാരി കൂടിയായ തരിണിയും കാളിദാസും അടുത്ത സുഹൃത്തുക്കളായിരുന്നു. പിന്നീട് ഇഷ്ടത്തിലാവുകയായിരുന്നു.
തരിണിയുടെ വീട്ടുകാര്‍ക്കും ബന്ധത്തില്‍ എതിര്‍പ്പില്ലാതെ വന്നതോടെയാണ് താരകുടുംബം വിവാഹത്തിലേക്ക് കടക്കാമെന്ന് തീരുമാനിക്കുന്നത്. ഇടയ്ക്ക് കാളിദാസും തരിണിയും ദുബായിലേക്ക് യാത്ര പോയതിന്റെ ചിത്രങ്ങളും വീഡിയോസുമൊക്കെ പുറത്ത് വന്നിരുന്നു. അന്ന് മുതല്‍ വിവാഹമെന്നാണെന്ന് അറിയാനുള്ള ആകാംഷയിലായിരുന്നു ആരാധകര്‍.
നിശ്ചയം കഴിഞ്ഞെങ്കിലും വിവാഹം ഉടനെ ഉണ്ടാവുമോ എന്ന കാര്യം വ്യക്തമല്ല. ആദ്യം സിനിമ പുറത്തിറങ്ങട്ടെ, അതിന് ശേഷമായിരിക്കും വിവാഹക്കാര്യമെന്നാണ് അടുത്തിടെ ചോദ്യങ്ങള്‍ക്ക് മറുപടിയായി കാളിദാസ് പറഞ്ഞത്.


Click it and Unblock the Notifications











