ഷൈലോക്കിൽ താൻ വില്ലനെന്ന് മമ്മൂട്ടി
മലയാളത്തിലും തമിഴിലുമായി ഒരുങ്ങുന്ന ഷൈലോക്കിൽ താൻ വില്ലനാണെന്നും തമിഴ്താരം രാജ്കിരണും മീനയുമാണ് നായകനും നായികയുമെന്ന് മമ്മൂട്ടി. കൊച്ചിയിൽ നടന്ന ഷൈലോക്കിന്റെ ടൈറ്റിൽ ലോഞ്ചിലാണ് മെഗാസ്റ്റാർ ഇക്കാര്യം വ്യക്തമാക്കിയത്. കഥാപാത്രത്തിന്റെ രൂപകല്പനയുടെ അടിസ്ഥാനത്തിലാണ് അദ്ദേഹം ഇങ്ങനെ പറഞ്ഞത്. സാധാരണ തമിഴിൽ നിന്നും താരങ്ങളെ മലയാളസിനിമയിലേക്ക് കൊണ്ടുവരുന്നത് ഇടികൂടാനാണ്.
എന്നാൽ രാജ്കിരണെ മലയാളത്തിൽ ആദ്യമായി അവതരിപ്പിക്കുന്ന ഷൈലോക്കിൽ അദ്ദേഹത്തിന് വളരെ പോസിറ്റീവ് ആയ റോളാണ് നൽകിയിരിക്കുന്നതെന്നും മമ്മൂട്ടി സൂചിപ്പിച്ചു. 28 വർഷം മുമ്പ് എൻ രാസാവിൻ മനസ്സിലെ എന്ന സിനിമയിൽ നടി മീനയെ പരിചയപ്പെടുത്തിയത് രാജ്കിരൺ ആണ്. സിനിമാപ്രേമികൾ ഇന്നും മനസ്സിൽ സൂക്ഷിക്കുന്ന ആ പ്രണയജോടികളാണവർ. 28 വർഷം മുമ്പ് പിരിഞ്ഞ ആ പ്രണയജോടികളെ ഷൈലോക്കിലൂടെ വീണ്ടും ഒരുമിപ്പിക്കുകയാണെന്ന് തമാശരൂപേണ മമ്മൂട്ടി പറഞ്ഞപ്പോൾ ചിരിച്ചും കൈയടിച്ചും സദസ്സ് ആസ്വദിച്ചു.

ഷൈലോക്കിന്റെ ടൈറ്റിൽ ലോഞ്ച്/പൂജ ചടങ്ങിൽ സംസാരിക്കുന്ന മമ്മൂട്ടി
കസബ, അബ്രഹാമിന്റെ സന്തതികൾ എന്നിവയ്ക്കു ശേഷം നിർമ്മാതാക്കളായ ഗുഡ് വിൽ എന്റർടൈൻമെന്റ്സിന്റെ മൂന്നാമത്തെ മമ്മൂട്ടി ചിത്രമാണ് ഷൈലോക്ക്. സംവിധായകൻ അജയ് വാസുദേവനും മമ്മൂട്ടിയോടൊപ്പമുള്ള മൂന്നാമൂഴമാണിത്. രാജാധിരാജ, മാസ്റ്റർപീസ് എന്നിവയാണ് മറ്റ് 2 മമ്മൂട്ടി ചിത്രങ്ങൾ.
സത്യനും പ്രേംനസീറും മമ്മൂട്ടിയും മോഹൻലാലും പിറന്ന മലയാളസിനിമയിൽ അഭിനയിക്കാൻ കഴിഞ്ഞത് ഏറെ ഭാഗ്യമായെന്നായിരുന്നു തമിഴ്താരം രാജ്കിരന്റെ പ്രതികരണം. അദ്ദേഹത്തിന്റെ ആദ്യ മലയാളസിനിമയാണ് ഷൈലോക്ക്. ശ്രദ്ധാപൂർവ്വം തെരഞ്ഞെടുത്ത വളരെ കുറച്ച് സിനിമകളിൽ മാത്രം അഭിനയിക്കുന്ന രാജ്കിരൺ ഷൈലോക്കിന്റെ കഥ കേട്ടയുടൻ സമ്മതംമൂളുകയായിരുന്നു.
മമ്മൂട്ടിയും രാജ്കിരണും ചേരുമ്പോൾ അത് ഡെഡ്ലി കോമ്പിനേഷനായി മാറിയെന്ന് ചടങ്ങിൽ പങ്കെടുത്ത നടി മീന അഭിപ്രായപ്പെട്ടു. മമ്മൂട്ടിയോടൊപ്പമാണ് തന്റെ കരിയറിലെ ഏറ്റവും വലിയ ബ്രേക്കുകളെന്നായിരുന്നു സംഗീതസംവിധായകൻ ഗോപിസുന്ദറിന്റെ വെളിപ്പെടുത്തൽ. അതിലെ ഏറ്റവും വലിയ ബ്രേക്ക് ബിഗ്ബി ആണെന്നും ഷൈലോക്ക് അതിലും വലിയ ബ്രേക്ക് ആകട്ടെയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഷൈലോക്കിനെ മാസ് കാ ബാപ്പ് എന്നാണ് ഗോപിസുന്ദർ വിശേഷിപ്പിച്ചത്. സിനിമയ്ക്കായി ഹരംകൊള്ളിക്കുന്ന ഒരു മാസ്സ് സോംഗ് തയ്യാറാക്കിയെന്നും അദ്ദേഹം പറഞ്ഞു.


Click it and Unblock the Notifications











