ആ പെണ്‍കുട്ടി 40000 രൂപയാണ് വാങ്ങിയത്, എന്നെ ബ്ലോക്ക് ചെയ്തു! പൈസ കിട്ടിയെങ്കിലും ഒന്ന് നഷ്ടപ്പെട്ടു; നിർമൽ
നടനും മിമിക്രി താരവുമായ നിര്‍മ്മല്‍ പാലാഴി സോഷ്യല്‍ മീഡിയയിലൂടെ തന്റെ വിശേഷങ്ങളൊക്കെ പങ്കുവെക്കാറുണ്ട്. അത്തരത്തില്‍ അടുത്തയായി തനിക്ക് ഉണ്ടായ ഒരു ദുരനുഭവത്തെപ്പറ്റി പറഞ്ഞാണ് നടന്‍ എത്തിയിരിക്കുന്നത്.
എന്റെ കയ്യില്‍ നിന്നും പൈസ വാങ്ങി പറ്റിച്ച പെണ്‍കുട്ടിയെ പറ്റിയാണ് ഫേസ്ബുക്കിലൂടെ പങ്കുവെച്ച കുറിപ്പില്‍ നിര്‍മ്മല്‍ എഴുതിയിരിക്കുന്നത്. പൈസ തിരിച്ചു കിട്ടിയെങ്കിലും പക്ഷേ തനിക്ക് എന്നെന്നേക്കുമായി ഒരു കാര്യം നഷ്ടപ്പെട്ടുപോയെന്നും നടന്‍ പറയുന്നു.

'കുറച്ചു ദിവസം മുന്നേ എനിക്ക് ഉണ്ടായൊരു അനുഭവം ഒന്ന് ഇവിടെ എന്റെ പ്രിയപെട്ടവരുമായി പങ്കുവെക്കുന്നു. ഈ നവംബര്‍ 15 ന് വീട്ടിലെ കിണറ്റില്‍ ഒരു നായകുട്ടി വീഴുന്നു. അതിനെ എടുക്കാനായി ഇറങ്ങിയ രാജേട്ടന്റെ കൈക്ക് നായകുട്ടി കടിക്കുന്നു, രാജേട്ടന്‍ വേണ്ടെന്ന് പറഞ്ഞെങ്കിലും ഞാന്‍ മൂപ്പരുമായി എന്റെ സ്‌കൂട്ടറില്‍ മെഡിക്കല്‍ കോളേജില്‍ പോയി ഇഞ്ചക്ഷന്‍ എടുക്കുന്നു. ശേഷം ഒരു മണിക്കൂര്‍ ഒബ്‌സര്‍വേഷനില്‍ ഇരിക്കുവാന്‍ പറയുന്നു.
എനിക്ക് ആണെങ്കില്‍ അന്ന് വൈകുന്നേരം മലപ്പുറം ഒരു പ്രോഗ്രാമിന് പോവാന്‍ ഉണ്ടായിരിന്നു, എന്ത് ചെയ്യും എന്ന് ടെന്‍ഷന്‍ അടിച്ചു നില്‍ക്കുമ്പോള്‍ പിറകില്‍ നിന്നും ഒരു പെണ്‍കുട്ടി സാര്‍ എന്ത് പറ്റി...? ഞാന്‍ അവരോട് നടന്ന കാര്യം പറഞ്ഞു. യൂണിഫോം ഇട്ടിട്ടൊന്നും ഇല്ലെങ്കിലും കഴുത്തില്‍ ടാഗ് കെട്ടി നേഴ്‌സിങ് സ്റ്റാഫ് ആണെന്ന് അവര്‍ സ്വയം പരിചയപ്പെടുത്തി.
ചേട്ടന്‍ പൊയ്‌ക്കോ രാജേട്ടന്റെ അടുത്ത് ഞാന്‍ നിന്നോളാം എന്നവര്‍ പറഞ്ഞപ്പോള്‍ എനിക്ക് തല്ക്കാലം വലിയൊരു ഉപകാരമായി. എന്തേലും ആവശ്യം ഉണ്ടേല്‍ വിളിക്കാം എന്നും പറഞ്ഞു അവര്‍ എന്റെ നമ്പര്‍ വാങ്ങി. അന്ന് രാത്രി ഒരു 7, 8 ആയപ്പോള്‍ അവര്‍ എന്നെ വിളിച്ചു. സാര്‍ അവര് ഡിസ്ചാര്‍ജ് ആയിട്ടോ എന്ന് പറഞ്ഞു. ഞാന്‍ അവരോട് ഒരുപാട് നന്ദിയും പറഞ്ഞു ബൈ പറഞ്ഞു.
നവംബര്‍ 28 ന് ഞാന്‍ പാലക്കാട് ധ്യാന്‍, സിജു വിത്സന്‍പ്രധാന കഥാപാത്രങ്ങള്‍ അവതരിപ്പിക്കുന്ന 'ഡിക്ടറ്റീവ് ഉജ്ജലന്‍' എന്ന സിനിമയില്‍ ഒരു കുഞ്ഞു വേഷത്തില്‍ അവസരം കിട്ടിയപ്പോ വന്നതാണ്. അന്ന് ഒരു 4 30 ന് ഈ കുട്ടി വിളിക്കുന്നു, സാര്‍ ഞാന്‍ അന്ന് സാറിനെ ഹെല്‍പ്പ് ചെയ്ത...... ആണ്, സാറെ ചോദിക്കുന്നത് കൊണ്ട് ഒന്നും വിചാരിക്കരുത്... എനിക്ക് പെട്ടന്ന് ഒരു 40000 രൂപ തരുമോ ഞാന്‍ ഒരു 10 മിനിറ്റ് കൊണ്ട് തിരിച്ചു തരാം.
ഞാന്‍ പറഞ്ഞു മോളെ ഞാന്‍ സിനിമയില്‍ അവസരങ്ങള്‍ ലഭിക്കുമ്പോള്‍ ചെയ്യുന്നു എന്നല്ലാതെ നിങ്ങള്‍ വിചാരിക്കുന്നത് പോലെ എന്റെ കയ്യില്‍ ഒരുപാട് പൈസയൊന്നും ഇല്ല. മാത്രമല്ല ഉള്ളതെല്ലാം എടുത്ത് ഒരു വീട് ഉണ്ടാക്കുന്നതിന്റെ കഷ്ടപ്പാടിലുമാണ്. പക്ഷെ അവര്‍ വീണ്ടും വീണ്ടും പറഞ്ഞപ്പോ ഒരു ആരോഗ്യപ്രവര്‍ത്തകയോട് ഇല്ലെന്ന് പറയുവാന്‍ എന്റെ മനസ്സ് അനുവദിച്ചില്ല. കാരണം അവരുടെ ദാനമാണ് എന്റെ ജീവിതം മാത്രമല്ല അവര്‍ ഒരു നേഴ്‌സ് ആണന്നാണ് പറഞ്ഞത്.
എന്നെ നോക്കിയ നേഴ്‌സ്മാരുടെ ഒരു ഗ്രുപ്പ് എനിക്ക് ഉണ്ട് 'എന്റെ മാലാഖ കൂട്ടം' പിന്നെ വേറെ ഒന്നും ചിന്തിക്കാതെ ഞാന്‍ ക്യാഷ് അയച്ചു കൊടുത്തു. 10,20 30 40 മിനിട്ടുകള്‍ കടന്ന് പോയി, ക്യാഷ് തന്നില്ല. വിളിച്ചു നോക്കിയപ്പോള്‍ എന്നെ ബ്ലോക്ക് ചെയ്തു കളഞ്ഞു. മെഡിക്കല്‍ കോളേജ് ഹോസ്പിറ്റലിലെ ഡോ.ഷമീര്‍ സാറുമായി അടുത്ത ബന്ധമുള്ളത് കൊണ്ട് വിളിച്ചു ചോദിച്ചപ്പോള്‍ അങ്ങനെ ഒരാള്‍ അവിടെ വര്‍ക്ക് ചെയ്യുന്നില്ല എന്നറിഞ്ഞു.

സങ്കടവും ദേഷ്യവും വന്ന ഞാന്‍ പോലിസ് സൗഹൃദം വച്ചു ഉടന്‍ തന്നെ പരാതി കൊടുത്തു. പന്തിരാങ്കാവ് പോലിസ് സ്റ്റേഷനിലെ ഓഫീസറും പ്രിയ സുഹൃത്തുമായ രഞ്ജിഷ്, മെഡിക്കല്‍ കോളേജ് സ്റ്റേഷന്‍, സൈബര്‍ സെല്‍ ബിജിത്ത് ഏട്ടന്‍,അവസാനം അസിസ്റ്റന്റ് കമീഷണര്‍ സിദ്ധിക്ക് സാര്‍, അങ്ങനെ എനിക്ക് പറ്റാവുന്ന ആളുകളെയെല്ലാം ഞാന്‍ വിളിച്ചു. കാരണം എന്നെ പറ്റിച്ചു, അതും ഞാന്‍ അങ്ങേയറ്റം സ്‌നേഹിക്കുന്ന ആളുകളുടെ പേരും പറഞ്ഞ്. അത് എനിക്ക് സഹിക്കാന്‍ കഴിഞ്ഞില്ല.
അവസാനം മെഡിക്കല്‍ കോളേജില്‍ ആളെ മനസ്സിലാക്കാന്‍ ഷമീര്‍ സാറിലൂടെ എനിക്ക് കഴിഞ്ഞു. അവര്‍ പെയിന്‍ ആന്റ് പാലിയേറ്റീവില്‍ താത്കാലികമായി ജോലി ചെയ്യുന്ന ഇങ്ങനെയുള്ള ക്രിമിനല്‍ ഏര്‍പ്പാട് ചെയ്യുന്ന ഒരാളാണെന്ന് മനസ്സിലായി (അറിഞ്ഞത് മുഴുവനായി എഴുതുന്നില്ല) മെഡിക്കല്‍ കോളേജില്‍ കാണിക്കാന്‍ വരുന്ന ആളുകളുടെ സാമ്പത്തിക സ്ഥിതി നമ്മള്‍ക്ക് എല്ലാവര്‍ക്കും മനസ്സിലാവും. അവരെ വരെ പറ്റിച്ചു ജീവിക്കുന്ന ഇങ്ങനെയുള്ള ആളുകളെ മനസ്സിലാക്കി മാറ്റി നിര്‍ത്തുക തന്നെ വേണം.
പോലിസ് സഹായത്താല്‍ കുറച്ചു ദിവസം കഴിഞ്ഞണെങ്കിലും അവരുടെ കയ്യില്‍ നിന്നും ഇന്നലെ എനിക്ക് എന്റെ പൈസ കിട്ടി. പൈസ കിട്ടിയെങ്കിലും ഒന്ന് എനിക്ക് നഷ്ടമായി ഒരാള്‍ ഒരു സഹായം ചോദിച്ചു വിളിക്കുമ്പോള്‍ അവരെ സഹായിക്കാന്‍ ഉള്ളൊരു മനസ്സ്, അത് എനിക്ക് എന്നെന്നേക്കുമായി നഷ്ടമായി.
ഇതിലും ഡീറ്റയില്‍ ആയി എഴുതണം എന്നുണ്ടായിരുന്നു. വായിക്കുന്നവര്‍ക്ക് ബോറടിക്കുന്നത് കൊണ്ട് ഇവിടെ നിര്‍ത്തുന്നു. 'വീട്ടില്‍ പട്ടിണിയാണെങ്കിലും പ്രിയപ്പെട്ടവരുടെ ജീവന് വേണ്ടി ദിവസവും മെഡിക്കല്‍ കോളേജ് ആശ്രയിക്കുന്ന ആയിരങ്ങളും അവരെ സുശ്രൂഷിക്കാന്‍ ജീവിതത്തിന്റെ നല്ലൊരു സമയവും മാറ്റിവെക്കുന്ന മനുഷ്യ രൂപമുള്ള ദൈവങ്ങളും ഉള്ള ഇവിടെനിന്നും ഇങ്ങനെയുള്ള കള്ള നാണയങ്ങളെ തിരിച്ചറിയാന്‍ നമുക്ക് പറ്റട്ടെ...'


Click it and Unblock the Notifications











