പൃഥ്വിരാജിന് പെണ്‍കുഞ്ഞ് പിറന്നു
കൊച്ചി: മലയാളികളുടെ പ്രിയപ്പെട്ട നടന്‍ പൃഥ്വിരാജിന് പെണ്‍കുഞ്ഞ് പിറന്നു. ലേക്‌ഷോര്‍ ആശുപത്രിയിലായിരുന്നു ഭാര്യ സുപ്രിയ കുഞ്ഞിനു ജന്മം നല്‍കിയത്. തന്റെ ഫേസ്ബുക്കിലൂടെ പൃഥ്വിരാജ് തന്നെയാണ് ഇക്കാര്യം ആരാധകരെ അറിയിച്ചത്. ബിബിസിയില്‍ മാധ്യമപ്രവര്‍ത്തകയായ സുപ്രിയയുമായി 2011 ഏപ്രില്‍ 25-നായിരുന്നു പൃഥ്വിരാജിന്റെ വിവാഹം.
കുഞ്ഞിന്റെ റിലീസിനായി ആകാംഷയോടെയുള്ള കാത്തിരിപ്പിലാണെന്ന് പൃഥ്വിരാജ് നേരത്തെ ഫേസ്ബുക്കില്‍ കുറിച്ചിരുന്നു. ഓണം റിലീസ് ആയ തന്റെ ഏറ്റവും പുതിയ ചിത്രം 'സപ്തമഃ ശ്രീ തസ്‌കര' തീയറ്ററുകളില്‍ വിജയമാകുന്നതിനിടെയാണ് താരത്തിന് ഇരട്ടമധുരമേകി ഭാര്യ പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്.

ആര്‍.എസ്. വിമലിന്റെ 'എന്നു നിന്റെ മൊയ്തീന്‍' എന്ന ചിത്രത്തിന്റെ സെറ്റിലായിരിക്കുമ്പോഴായിരുന്നു പൃഥ്വിയെ തേടി സന്തോഷ വാര്‍ത്തയെത്തുന്നത്. കുഞ്ഞിന്റെ ജനനസമയത്ത് ആശുപത്രിയിലെത്താന്‍ പൃഥ്വിക്ക് കഴിഞ്ഞിരുന്നില്ല. പ്രശസ്ത നടന്‍ സുകുമാരന്റെ മകനായ പൃഥ്വി 2002ല്‍ രഞ്ജിത്തിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ നന്ദനത്തിലൂടെയാണ് ശ്രദ്ധേയനാകുന്നത്.
ഇതിനോടകം തന്നെ മലയാളി പ്രേക്ഷകര്‍ നെഞ്ചിലേറ്റിയ ഒരു പിടി കഥാപാത്രങ്ങള്‍ക്ക് ജന്മം നല്‍കാന്‍ പൃഥ്വിരാജിന് കഴിഞ്ഞു. പുതുതലമുറയിലെ ഏറ്റവും മികച്ച നടനായാണ് പൃഥ്വിരാജിനെ നിരൂപകര്‍ വിലയിരുത്തുന്നത്. ഏതു തരം റോളും ഭംഗിയാക്കാന്‍ പൃഥ്വിക്കുള്ള അസാധാരണമായ കഴിവ് അനുപമമാണ്. പൃഥ്വിയുടെ സഹോദരന്‍ ഇന്ദ്രജിത്തും മലയാള സിനിമയില്‍ തന്റെതായ ഇടം കരസ്ഥമാക്കിക്കഴിഞ്ഞു.


Click it and Unblock the Notifications











