തമിഴ് നടൻ റോബോ ശങ്കർ അന്തരിച്ചു; വിട പറഞ്ഞത് പ്രേക്ഷകരെ ചിരിപ്പിച്ച പ്രിയ നടൻ
തമിഴ് നടൻ റോബോ ശങ്കർ അന്തരിച്ചു. 46 വയസായിരുന്നു. ചെന്നെെയിലായിരുന്നു അന്ത്യം. പുതിയ സിനിമയുടെ ഷൂട്ടിംഗിനിടെ ദേഹാസ്വസ്ഥ്യം ഉണ്ടാവുകയായിരുന്നു. കഴിഞ്ഞ ദിവസം തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റിയിരുന്നു. രാത്രി എട്ടരയോടെയാണ് മരണം സ്ഥിരീകരിച്ചത്. കോമഡി വേഷങ്ങളിലൂടെയാണ് റോബോ ശങ്കർ ശ്രദ്ധിക്കപ്പെട്ടത്. ധനുഷ് നായകനായ മാരി എന്ന സിനിമയിലെ വേഷം ജനപ്രീതി നേടി. തമിഴ് ടെലിവിഷൻ രംഗത്തും റോബോ ശങ്കർ ശ്രദ്ധേയ സാന്നിധ്യമായിരുന്നു.
കലക്ക പൂ വാട്, ഇദ് ഇദ് എദ് എന്നീ ടെലിവിഷൻ ഷോകളിലൂടെ റോബോ ശങ്കർ ശ്രദ്ധ നേടി. മാരിയിലൂടെയാണ് സിനിമാ രംഗത്ത് തുടക്കം കുറിക്കുന്നത്. പിന്നീടിങ്ങോട്ട് നിരവധി സിനിമകളിൽ നിന്നും ഓഫറുകൾ വന്നു. കമൽ ഹാസൻ, സിമ്രാൻ, കാർത്തി തുടങ്ങിയവർ സോഷ്യൽ മീഡിയയിലൂടെ നടന് ആദരാഞ്ജലി അർപ്പിച്ചു.

ഇടക്കാലത്ത് മഞ്ഞപ്പിത്തം ബാധിച്ച് ശങ്കർ ആശുപത്രിയിലായിരുന്നു. ആരോഗ്യം മോശമായതിനെത്തുടർന്ന് കുറച്ച് കാലം സിനിമാ രംഗത്ത് നിന്നും മാറി നിന്നു. ആരോഗ്യം വീണ്ടെടുത്ത് വീണ്ടും അഭിനയ രംഗത്ത് സജീവമാകുന്നതിനിടെയാണ് മരണം. വൃക്കയുടെയും കരളിന്റെയും പ്രവർത്തനം നിലച്ചതാണ് മരണകാരണമെന്ന് ആശുപത്രി വൃത്തങ്ങൾ പറഞ്ഞു. ടെലിവിഷൻ താരം പ്രിയങ്കയാണ് ഭാര്യ. മകൾ ഇന്ദ്രജ സിനിമകളിലും ടിവി പരിപാടികളിലും അഭിനയിച്ചിട്ടുണ്ട്.


Click it and Unblock the Notifications