'കുറുപ്പിന് സംഭവിച്ചത് അപ്രതീക്ഷിതമായിരുന്നു, ആഗ്രഹിച്ചതല്ല കിട്ടിയത്'; ഷൈൻ ടോം ചാക്കോ
കൊവിഡിന് ശേഷം തിയേറ്ററുകൾ തുറക്കുമ്പോൾ സിനിമ റിലീസ് ചെയ്യാൻ പലരും മടിച്ചു. മരക്കാർ പോലും ഒടിടി റിലീസിനെ കുറിച്ച് ചിന്തിച്ചിരുന്ന സമയത്താണ് ദുൽഖറും സംഘവും ധൈര്യ സമേതം തിയേറ്ററുകളിൽ കുറുപ്പ് സിനിമ പ്രദർശിപ്പിക്കാൻ തീരുമാനിച്ചത്. ശേഷം നടന്നത് ചരിത്രമെന്നെ പറയാൻ സാധിക്കൂ. ഒരോരുത്തരുടേയും വീട്ടിൽ ചെന്ന് ക്ഷണിക്കും പോലെയാണ് കുറുപ്പ് സിനിമയുടെ പ്രമോഷൻ അണിയറപ്രവർത്തകർ നടത്തിയത്. അവരുടെ അധ്വാനം ഫലം കണ്ടുവെന്ന് പറയുന്നതാകും ശരി. കുറുപ്പിന് വലിയ സ്വീകരണം തിയേറ്ററുകളിൽ ലഭിച്ചു. ആളുകൾ സിനിമ കാണാൻ ഒഴുകിയെത്തി. കൊവിഡ് ശേഷം തിയേറ്ററുകളിലേക്ക് എത്തിയ ആദ്യ ബിഗ് ബജറ്റ് സിനിമയായിരുന്നു ദുൽഖർ നായകനായ കുറുപ്പ്.

പിടികിട്ടാപ്പുള്ളി സുകുമാര കുറുപ്പിന്റെ ജീവിതമായിരുന്നു സിനിമയുടെ പ്രമേയം. വലിയ വിജയം നേടിയ സിനിമയെ കുറിച്ചുള്ള തന്റെ പ്രതീക്ഷകളെല്ലാം മാറി മാറിഞ്ഞതിനെ കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ് ഇപ്പോൾ ഷൈൻ ടോം ചാക്കോ. ചിത്രത്തിൽ കുറുപ്പിന്റെ സുഹൃത്തായ ഭാസി പിള്ളയെ അവതരിപ്പിച്ചത് ഷൈൻ ടോം ചാക്കോ ആയിരുന്നു. കുറുപ്പ് റിലീസ് ചെയ്ത് നാല് ദിവസം കൊണ്ട് അമ്പത് കോടി ക്ലബിലെത്തിയിരുന്നു. അമ്പത് ശതമാനം സീറ്റിംഗ് കപ്പാസിറ്റിയിൽ റിലീസ് ചെയ്ത സിനിമ ആദ്യ ദിനം കേരളത്തിൽ നിന്ന് ആറ് കോടി മുപ്പത് ലക്ഷം ഗ്രോസ് കളക്ഷൻ നേടിയിരുന്നു. ഇതിന് പിന്നാലെയാണ് അമ്പത് കോടിയുടെ നേട്ടവും ചിത്രം സ്വന്തമാക്കിയത് എന്നത് എല്ലാവരേയും അത്ഭുതപ്പെടുത്തിയിരുന്നു.
കൂട്ടായ്മയുടെ വിജയമാണ് കുറുപ്പ് സ്വന്തമാക്കിയിരിക്കുന്നതെന്നാണ് സിനിമയുടെ വിജയശേഷം ദുൽഖർ സോഷ്യൽ മീഡിയയിൽ കുറിച്ചത്. 1500 തിയറ്ററുകളിലായി നവംബർ 12നായിരുന്നു കുറുപ്പിന്റെ റിലീസ്. മലയാളത്തിന് പുറമേ തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ പതിപ്പുകളിലാണ് ചിത്രം എത്തിയത്. കേരളത്തിൽ മാത്രം 450 തിയറ്ററുകൾക്ക് മുകളിൽ റിലീസുണ്ടായിരുന്നു. ശ്രീനാഥ് രാജേന്ദ്രൻ സംവിധാനം ചെയ്ത ചിത്രം നിർമ്മിച്ചത് ദുൽഖറിന്റെ ഉടമസ്ഥതയിലുള്ള വേഫെറർ ഫിലിംസും എംസ്റ്റാർ എന്റർടെയ്ൻമെന്റ്‌സും ചേർന്നായിരുന്നു.
'കുറുപ്പിന് വലിയ തോതിൽ ഞങ്ങൾ പ്രമോഷൻ നൽകിയിരുന്നു. കുറേ കാലത്തിന് ശേഷം സിനിമകൾ വീണ്ടും തിയേറ്ററുകളിലേക്ക് എത്തുമ്പോൾ വീട്ടിൽ പോയി ആളുകളെ ക്ഷണിക്കുന്നതിന് സമാനമായ രീതിയിൽ പ്രമോഷൻ നൽകണം അത് ആവശ്യമാണ്. പ്രമോഷൻ ചെയ്യുമ്പോഴും ആളുകൾ സ്വീകരിക്കും സിനിമകൾ കാണാൻ എത്തും എന്നൊരു പ്രതീക്ഷ മാത്രമാണ് ഞങ്ങൾക്കുണ്ടായിരുന്നത്. അല്ലാതെ ഇത്രത്തോളം ഒരു ഓളമോ ഹൗസ് ഫുൾ ഷോയോ ഒന്നും ഞങ്ങൾ പ്രതീക്ഷിച്ചിരുന്നില്ല. പക്ഷെ പിന്നീട് നടന്ന സംഭവങ്ങളെല്ലാം ഞങ്ങളെ എല്ലാവരേയും ഒരു പോലെ അത്ഭുതപ്പെടുത്തി എന്നതാണ് സത്യം' ഷൈൻ ടോം ചാക്കോ പറയുന്നു.
ഷൈൻ ടോം ചാക്കോ, ഐശ്വര്യ ലക്ഷ്മി എന്നിവർ കേന്ദ്രകഥാപാത്രങ്ങളാകുന്ന ഏറ്റവും പുതിയ സിനിമ കുമാരിയുടെ പൂജ ചടങ്ങിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ഷൈൻ. ഫ്രഷ് ലൈം സോഡാസ്, ബിഗ് ജെ എന്റർടെയ്ൻമെന്റ് എന്നിവയുടെ ബാനറിൽ നിർമ്മിച്ച് പൃഥ്വിരാജ് പ്രൊഡക്ഷൻസ് അവതരിപ്പിക്കുന്ന ചിത്രമാണ് കുമാരി. നിർമ്മൽ സഹദേവാണ് ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത്. രണം എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സംവിധായകൻ നിർമ്മൽ സഹദേവ് ഹേ ജൂഡ് എന്ന ചിത്രത്തിന്റെ തിരക്കഥാകൃത്ത് കൂടിയാണ്. രാഹുൽ മാധവ്, സ്ഫടികം ജോർജ്, ജിജു ജോൺ, ശിവജിത്ത് നമ്പ്യാർ, പ്രതാപൻ,സുരഭി ലക്ഷ്മി, സ്വാസിക, ശ്രുതി മേനോൻ, തൻവി റാം, എന്നിവരാണ് മറ്റു താരങ്ങൾ.


Click it and Unblock the Notifications