'ജയിലിൽ പോയപ്പോൾ നഷ്ടപ്പെട്ടു, പിന്നീട് തിരികെ കൊണ്ടുവരണമെന്ന് തോന്നിയില്ല'; ഷൈൻ ടോം ചാക്കോ പറയുന്നു!
സംവിധായകൻ കമലിന്റെ സംവിധാന സഹായിയായി ഒമ്പത് വർഷം പ്രവർത്തിച്ച ശേഷവുമാണ് തൃശൂർ സ്വദേശിയായ നടൻ ഷൈൻ ടോം ചാക്കോ അഭിനയ രംഗത്തേക്ക് കടന്ന് വരുന്നത്. 2011ൽ പുറത്തിറങ്ങിയ ഗദ്ദാമ എന്ന സിനിമയിലൂടെ വെള്ളിത്തിരയിലെത്തിയ ഷൈൻ ടോം ചാക്കോ പിന്നീട് ഈ അടുത്ത കാലത്ത്, അന്നയും റസൂലും, ഇതിഹാസ, മസാല റിപ്പബ്ലിക്ക്, കമ്മട്ടിപ്പാടം, ആൻ മരിയ കലിപ്പിലാണ്, പോപ്‌കോൺ, ഉണ്ട, കുറുപ്പ്, ഇഷ്ക് എന്നിങ്ങനെ നിരവധി സിനിമകളിൽ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചു.

ഭീഷ്മ പർവ്വം, റോയ്, വെള്ളേപ്പം തുടങ്ങിയ മലയാള സിനിമകളും ബീസ്റ്റ് എന്ന തമിഴ് സിനിമയുമാണ് ഷൈനിന്റേതായി ഇനി റിലീസിനെത്താനുള്ളത്. അടുത്തിടെ പുറത്തിറങ്ങിയ കുറുപ്പിലെ ഷൈനിന്റെ പ്രകടനം ഏറെ പ്രശംസ നേടിയിരുന്നു. കുറുപ്പിന്റെ സഹായിയായ ഭാസിപ്പിള്ള എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ ഷൈൻ ടോം ചാക്കോ അവതരിപ്പിച്ചത്. ലോക്ക് ഡൗൺ, കൊവിഡ് പ്രതിസന്ധികൾക്ക് ശേഷം തിയേറ്ററുകളിലെത്തിയ സിനിമയായിരുന്നു ദുൽഖർ സൽമാന്റെ കുറുപ്പ്.
പിടികിട്ടാപുള്ളിയായ സുകുമാരകുറുപ്പിന്റെ കഥ പറഞ്ഞ ചിത്രം ഇപ്പോൾ ഒടിടിയിൽ പ്രദർശിപ്പിക്കുകയാണ്. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ എന്നീ അഞ്ച് ഭാഷകളിൽ പാൻ ഇന്ത്യൻ റിലീസായാണ് ചിത്രം പുറത്തിറങ്ങിയത്. ദുൽഖറിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ബഡ്ജറ്റിൽ ഒരുങ്ങിയ ചിത്രത്തിന് 35 കോടിയാണ് മുടക്കുമുതൽ. ഇപ്പോൾ സിനിമാ വിശേഷങ്ങളും അഭിനയ ജീവിതവും എത്രത്തോളം സുഖകരമായിട്ടാണ് കൊണ്ടുപോകുന്നത് എന്നും പുതുവർഷത്തിലേക്ക് കരുതി വെച്ചിരിക്കുന്നത് എന്താണെന്നും വെളിപ്പെടുത്തിയിരിക്കുകയാണ് ഇപ്പോൾ ഷൈൻ ടോം ചാക്കോ.
ഏഴാം ക്ലാസിൽ പഠിക്കുമ്പോഴാണ് ആദ്യമായി അഭിനയ മോഹം ഉദിച്ചതെന്നും പിന്നീട് അതിനുള്ള ശ്രമങ്ങൾ ആരംഭിക്കുകയായിരുന്നുവെന്നും അതിന്റെ ഫലമാണ് ഇപ്പോൾ കാണുന്ന നടനെന്ന പദവിയെന്നും ഷൈൻ ടോം ചാക്കോ പറയുന്നു. സിനിമയിൽ ഉയരങ്ങൾ കീഴടക്കിയിട്ടും വാട്സ് ആപ്പ് പോലുള്ളവയിൽ നിന്നും അകന്ന് നിൽക്കുകയാണ് ഷൈൻ. അതിനുള്ള കാരണവും താരം വെളിപ്പെടുത്തി. 'ഒരു നമ്പറുണ്ടായിരുന്നു അത് ജയിലിൽ പോയ സമയത്ത് കട്ടായി. തിരികെ വന്നപ്പോൾ പിന്നെ അത് ആക്ടീവ് ചെയ്ത് എടുക്കാനൊന്നും തോന്നിയില്ല. രണ്ട മാസത്തോളം വാട്സ് ആപ്പ് ഉപയോഗിച്ചിരുന്നില്ലല്ലോ.... പിന്നെ തിരികെ വന്ന് കഴിഞ്ഞപ്പോൾ ഇതിന്റെ ആവശ്യം ഇനി ഉണ്ടോ എന്ന് ചിന്തിച്ചു. ആ സമയങ്ങളിലാണ് ഏതൊക്കെ കണക്ഷൻ സൂക്ഷിക്കണം സൂക്ഷിക്കണ്ട എന്ന തീരുമാനത്തിലേക്ക് ഞാൻ എത്തിയത്. വസ്ത്രം, ബ്രാൻഡഡ് ഉൽപന്നങ്ങൾ എന്നിവയോടൊന്നും താൽപര്യമില്ല. അതൊന്നും എന്നെ സംതൃപ്തിപ്പെടുത്താറുമില്ല' ഷൈൻ പറയുന്നു.
ജീവിതത്തിൽ ഒരുപാട് കാര്യങ്ങൾ സംഭവിച്ചത് ജയിലിൽ കഴിഞ്ഞപ്പോഴാണെന്ന് നേരത്തെ ഷൈൻ ടോം ചാക്കോ വെളിപ്പെടുത്തിയിരുന്നു. 'ജീവിതത്തിൽ ആദ്യമായി ഞാൻ ഒരു പുസ്തകം വായിക്കുന്നത് ജയിലിൽ വെച്ചാണ്. പൗലോ കൊയ്ലോയുടെ ദി ഫിഫ്ത് മൗണ്ടൻ എന്ന നോവൽ. പുസ്തകങ്ങൾക്ക് മനുഷ്യരെ ഒരുപാട് സ്വാധീനിക്കാൻ കഴിയുമെന്ന് ആ ദിവസങ്ങളിൽ തിരിച്ചറിഞ്ഞു. അറുപത് ദിവസം കഴിഞ്ഞാണ് ജാമ്യം കിട്ടിയത്. വിശ്വാസം അതല്ലേ എല്ലാം എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് അറസ്റ്റ്. വീട്ടിൽ എല്ലാവരും ശരിക്കും തളർന്ന് പോയി. ഞാൻ ജയിലിലായ സമയത്ത് രണ്ടാഴ്ചയോളം മമ്മി ആഹാരം പോലും കഴിച്ചില്ല. ഓരോ ബുധനാഴ്ചകളിലും ജാമ്യം കിട്ടുമെന്ന് പ്രതീക്ഷിച്ച് ഡാഡിയെ കാത്തിരുന്നു. നീണ്ട 60 ദിവസങ്ങൾ ഞാൻ ജയിലിൽ കഴിഞ്ഞു. എന്നെ കുടുക്കാൻ ഉപയോഗിച്ച തെളിവുകളെല്ലാം കെട്ടിച്ചമച്ചതാണ്. മാറ്റാരെയോ കുടുക്കാൻ എറിഞ്ഞ വലയിൽ താൻ ചെന്ന് വീണതാകാം' എന്നാണ് താരം മുമ്പ് പറഞ്ഞത്.


Click it and Unblock the Notifications