മോര്‍ച്ചറിയില്‍ ആണെന്നാണ് കരുതിയത്, ഞാന്‍ അറിയാതെ കരയുന്നുണ്ടോന്നും സംശയിച്ചു- സൂരജ് സണ്‍
മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് പ്രിയങ്കരനായിരുന്ന നടന്‍ സൂരജ് സണ്‍ ഇപ്പോള്‍ സിനിമാ നടനാണ്. പാടാത്ത പൈങ്കിളി എന്ന സീരിയലിലെ ദേവന്‍ എന്ന കഥാപാത്രത്തിലൂടെയാണ് നടന്‍ ശ്രദ്ധേയനാവുന്നത്. ഇടയ്ക്ക് സീരിയലില്‍ നിന്നും പിന്മാറിയ താരം സിനിമയിലേക്ക് എത്തുകയായിരുന്നു. അഭിനയത്തെ അത്രത്തോളം സ്‌നേഹിക്കുന്നത് കൊണ്ട് കഠിനാധ്വാനത്തിലൂടെയാണ് സൂരജ് നായകനായി അഭിനയിച്ചത്.
ഫെബ്രുവരി ആദ്യ ദിവസങ്ങളില്‍ സൂരജ് നായകനായ മൃദു ഭാവേ ദൃഢ കൃത്യേ എന്ന സിനിമ റിലീസ് ചെയ്തു. സിനിമയുടെ റിലീസുമായി ബന്ധപ്പെട്ടുള്ള യാത്രകളിലാണ് താരമിപ്പോള്‍. അതേസമയം അങ്ങനൊരു യാത്രയ്ക്കിടയില്‍ താനൊരു ദുഃസ്വപ്‌നം കണ്ടതിനെ പറ്റിയാണ് സൂരജ് തുറന്ന് സംസാരിച്ചിരിക്കുന്നത്.

തന്റെ സിനിമയുടെ രണ്ടാം വാര സെലിബ്രേഷന്‍ പരിപാടി കഴിഞ്ഞ് തിരിച്ചു മടങ്ങി വരുന്നതിനിടയില്‍ ട്രെയിനില്‍ വച്ച് കണ്ട സ്വപ്‌നത്തെ പറ്റിയായിരുന്നു സൂരജ് ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ച കുറിപ്പിലൂടെ പറയുന്നത്. പല സ്വപ്‌നങ്ങളും കണ്ടെങ്കിലും അതുവരെ താന്‍ മോര്‍ച്ചറിയിലാണെന്ന് കരുതി പോയ നിമിഷത്തെ പറ്റിയാണ് നടന്‍ പറഞ്ഞത്. വിശദമായി വായിക്കാം...
'ഒരു ട്രെയിന്‍ യാത്ര.... സമയം 9.50 pm എന്റെ സിനിമയുടെ രണ്ടാം വാര സെലിബ്രേഷന്‍ പരിപാടി കഴിഞ്ഞ് തിരിച്ചു മടങ്ങുകയായിരുന്നു
(മൃദു ഭാവേ ദൃഢ കൃത്യേ'). അതിരാവിലെയുള്ള യാത്രയും പിന്നെ പരിപാടിയുടെ ക്ഷീണവും കയറിയ ഉടനെ തന്നെ മയങ്ങിപ്പോയി. നല്ല സുഖകരമായ ഉറക്കം. സ്വപ്നത്തില്‍ നമ്മള്‍ ഒരിക്കലും പോകാന്‍ ആഗ്രഹിക്കാത്ത ഒരു ലോകത്തേക്ക് പോയത് പോലെയുള്ള പേടിപ്പെടുത്തുന്ന കാഴ്ചകള്‍.
ആംബുലന്‍സ്, ഹോസ്പിറ്റല്‍, ഞാന്‍ അറിയാതെ കരയുന്നുണ്ടോ എന്ന് എനിക്ക് സംശയമുണ്ടായിരുന്നു. കാരണം ഉറങ്ങുന്നതിനു മുന്നേ ഫേസ്ബുക്കില്‍ ഞാനൊരു പോസ്റ്റ് അപ്ലോഡ് ചെയ്തിരുന്നു 'തിരക്കുകളും ഓട്ടവും കൂടുമ്പോള്‍ നമ്മുടെ വാഹനങ്ങളുടെ വളയം നമ്മുടെ കൈകളില്‍ സുരക്ഷിതമല്ല എന്ന്' അതുകൊണ്ടായിരിക്കാം ഇതുപോലെ സ്വപ്നങ്ങള്‍ കണ്ടത്.

അപ്പോള്‍ സ്വപ്നം എന്തായിരിക്കും എന്ന് നിങ്ങള്‍ക്ക് മനസിലാവുമല്ലോ. പിന്നെ സംഭവിച്ചത് എന്താണെന്ന് അറിയുമോ? സ്വപ്നത്തിന്റെ ഭീകരതയും ഉറക്കം ഞെട്ടി ഉടനെ ഞാന്‍ കാണുന്ന കാഴ്ച... ഈ ഫോട്ടോയില്‍ ഉണ്ട്.
സത്യം.. കുറച്ചു സമയം എടുത്തു യാഥാര്‍ത്ഥ്യത്തിലേക്ക് എത്താന്‍. (അതുവരെ എന്റെ ചിന്ത ഞാന്‍ മോര്‍ച്ചറിയില്‍ ആണ് എന്നാണ്) രസകരമായ അനുഭവമായതുകൊണ്ട് നിങ്ങളുമായി പങ്കുവെച്ചു 10/02/2024.. നിങ്ങളുടെ സ്വന്തം സൂരജ് സണ്‍,' എന്നും പറഞ്ഞാണ് നടന്‍ പോസ്റ്റ് അവസാനിപ്പിക്കുന്നത്.
മാത്രമല്ല 'തിരക്കുകളും ഓട്ടവും കൂടുമ്പോള്‍ സ്വന്തം കൈകളില്‍ വണ്ടിയുടെ വളയം പിടിക്കല്‍ സുരക്ഷിതമല്ല. അപ്പോള്‍ നമ്മള്‍ അടുത്ത വഴി സ്വീകരിക്കുകയാണെന്ന്,' പറഞ്ഞ് സൂരജ് ട്രെയിനില്‍ യാത്ര ചെയ്യുന്നതിനെ പറ്റിയും പറഞ്ഞിരുന്നു.
അതേ സമയം നടന്റെ പോസ്റ്റിന് താഴെ രസകരമായ കമന്റുകളാണ് വരുന്നത്. ഏസി കംഫാര്‍ട്ട്‌മെന്റില്‍ എല്ലാവരും വെള്ള പുതപ്പും പുതച്ച് കിടക്കുന്നത് കണ്ടാല്‍ ആരായാലും മോര്‍ച്ചറിയാണെന്ന് തെറ്റിദ്ധരിക്കും. ഇനി സ്വപ്‌നം കണ്ട് എഴുന്നേല്‍ക്കുകയാണെങ്കില്‍ പോലും ഇത് കണ്ടാല്‍ പേടിക്കുമെന്നാണ് ചിലരൊക്കെ കമന്റിലൂടെ പറയുന്നത്.


Click it and Unblock the Notifications











