നടൻ ശ്രീകാന്ത് ലഹരിക്കേസിൽ അറസ്റ്റിൽ, രക്തത്തിൽ കൊക്കെയിന്റെ സാന്നിധ്യം; ഞെട്ടലോടെ ആരാധകർ
ലഹരി മരുന്ന് കേസിൽ നടൻ ശ്രീകാന്ത് അറസ്റ്റിൽ. വെെദ്യ പരിശോധന ഫലം വന്നതിന് പിന്നാലെയാണ് അറസ്റ്റ്. ശ്രീകാന്തിന്റെ രക്തത്തിൽ കൊക്കെയിന്റെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്. ലഹരിമരുന്ന് കേസിൽ അറസ്റ്റിലായ എഐഎഡിഎംകെ നേതാവായിരുന്ന പ്രതിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ശ്രീകാന്തിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തിരുന്നു. എഐഎഡിഎംകെയിൽ നിന്ന് പുറത്തായ പ്രസാദ് എന്നയാളാണ് ശ്രീകാന്തിനെതിരെ മാെഴി നൽകിയത്. ലഹരിക്കടത്തിന് പ്രസാദിനെ അറസ്റ്റ് ചെയ്തപ്പോഴാണ് വിവരങ്ങൾ ലഭിച്ചത്. ശ്രീകാന്തിന് ലഹരി എത്തിച്ച് നൽകിയെന്ന് ഇയാൾ മാെഴി നൽകി. നുങ്കംപക്കം പൊലീസാണ് ശ്രീകാന്തിനെ അറസ്റ്റ് ചെയ്തത്.
എഐഎഡിംഎംകെ ഐടി വിംഗ് അംഗമായിരുന്നു പ്രസാദ്. പാർട്ടി അംഗമായ അജയ് വണ്ടിയാർ, ഗുണ്ടാ നേതാവ് സുനാമി സേതുപതി എന്നിവർക്കൊപ്പം പ്രസാദിനെ കഴിഞ്ഞ മാസമാണ് അറസ്റ്റ് ചെയ്യുന്നത്. ഒരു പ്രെെവറ്റ് ബാറിൽ വെച്ച് വഴക്കുണ്ടാക്കിയതിനായിരുന്നു അറസ്റ്റ്. പിന്നാലെ പ്രസാദിനെതിരെ നിരവധി പരാതികൾ വന്നു. ഇയാൾ ലഹരി ഇടപാട് നടത്തുന്നുണ്ടെന്ന് പൊലീസിന് വ്യക്തമായി. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് ശ്രീകാന്ത് അറസ്റ്റിലായത്.

തമിഴ്, തെലുങ്ക് സിനിമാ രംഗത്ത് സുപരിചിതനാണ് നടൻ ശ്രീകാന്ത്. ഒരു കാലത്ത് റൊമാന്റിക് ഹീറോയായി ശ്രീകാന്ത് തരംഗം സൃഷ്ടിച്ചു. എന്നാൽ ഒരേ തരത്തിലുള്ള കഥാപാത്രങ്ങൾ വന്നതോടെ നടൻ സ്റ്റീരിയോടൈപ് ചെയ്യപ്പെട്ടു. ഏപ്രിൽ മാദത്തിൽ, റോജാക്കൂട്ടം, പാർത്ഥിപൻ കനവ് തുടങ്ങിയവയാണ് ശ്രീകാന്തിന്റെ ശ്രദ്ധേയ സിനിമകൾ. ശ്രീരാം എന്ന പേരിലാണ് തെലുങ്ക് സിനിമാ രംഗത്ത് ശ്രീകാന്ത് അറിയപ്പെടുന്നത്. അറസ്റ്റ് വാർത്തകളോട് ശ്രീകാന്തിന്റെ അടുത്ത വൃത്തങ്ങൾ പ്രതികരിച്ചിട്ടില്ല.
സിനിമാ രംഗത്തെ ലഹരി ഉപയോഗം വലിയ ചർച്ചയായിരിക്കെയാണ് ശ്രീകാന്തിന്റെ അറസ്റ്റ്. മലയാള സിനിമാ രംഗത്തെ ലഹരി ഉപയോഗം കഴിഞ്ഞ കുറേ നാളുകളായി വാർത്താ പ്രധാന്യം നേടുന്നുണ്ട്. ഷെെൻ ടോം ചാക്കോ, ശ്രീനാഥ് ഭാസി എന്നിവരെ എക്സെെസ് ഉദ്യോഗസ്ഥർ ചോദ്യം ചെയ്യുകയുമുണ്ടായി. മയക്ക് മരുന്ന് വിരുദ്ധ സത്യവാങ്മൂലം നടൻമാരിൽ നിന്ന് വാങ്ങാൻ കഴിഞ്ഞ ദിവസം പ്രൊഡ്യൂസേർസ് അസോസിയേഷൻ ഉത്തരവിട്ടിരുന്നു. വേതന കരാറിനൊപ്പം സത്യവാങ്മൂലവും നിർബന്ധമാക്കാനാണ് സംഘടന തീരുമാനിച്ചിരിക്കുന്നത്. ലഹരി വിരുദ്ധ ദിനമായ ജൂൺ 26 മുതൽ പുതിയ തീരുമാനം നടപ്പിലാക്കാനാണ് തീരുമാനം.

കഴിഞ്ഞ ദിവസം നിർമാതാവ് സാന്ദ്ര തോമസ് മലയാള സിനിമാ രംഗത്ത് മയക്കുമരുന്ന് ഉപയോഗം കൂടിയതിനെക്കുറിച്ച് സംസാരിച്ചിരുന്നു. ചില നടൻമാർ ഇതിൽ വലിയ പങ്കുവഹിച്ചിട്ടുണ്ട്. എല്ലാവരും ഇതിന്റെ ഭാഗമായി മാറാൻ തുടങ്ങി. ലഹരി ഇല്ലാതെ സിനിമ ഇല്ലാത്ത അവസ്ഥയിലേക്ക് വന്നെന്നും സാന്ദ്ര തോമസ് തുറന്ന് പറഞ്ഞു. എക്സെെസ് ഉദ്യോഗസ്ഥരോട് ചോദിച്ചാലറിയാം, അവർ പറയുന്ന ചില പേരുകൾ കേട്ടാൽ ഞെട്ടിപ്പോകും.
ഫാമിലിമാൻ നെക്സ്റ്റ് ഡോർ ബോയ് എന്നൊക്കെ തോന്നുന്ന ആൾക്കാരൊക്കെ ലഹരിയുടെ ബ്രാൻഡ് അംബാസിഡർമാരെ പോലെയാണെന്ന് സാന്ദ്ര തോമസ് വെളിപ്പെടുത്തി. ആ പേരുകളൊന്നും ആർക്കും അറിയില്ല. എന്നിട്ട് ഷെെൻ ടോം ചാക്കോ, ശ്രീനാഥ് ഭാസി എന്നിവരെ മാത്രം ലക്ഷ്യം വെക്കുന്നു. അവർ ഈസി ടാർഗറ്റ് ആയത് കൊണ്ടാണതെന്നും സാന്ദ്ര തോമസ് വിമർശിച്ചു. ഷെെനിനേക്കാളും ശ്രീനാഥ് ഭാസിയെക്കാളും മോശത്തരം കാണിക്കുന്ന ഒരുപാട് നടൻമാരുണ്ടെന്നും വനിതയ്ക്ക് നൽകിയ അഭിമുഖത്തിൽ സാന്ദ്ര വെളിപ്പെടുത്തിയിരുന്നു.


Click it and Unblock the Notifications











