'അപ്പൂപ്പാ ആ നിക്കറ് ഒന്നു ഊരി തരുമോ?' നടന്‍ സുരാജ് വെഞ്ഞാറമ്മൂടിന് അമളി പറ്റിയ കഥ
ഹാസ്യവേഷങ്ങളില്‍ നിന്നും മലയാളത്തിലെ മികച്ച നടന്‍മാരിലൊരാളായി മാറിയ നടനാണ് സുരാജ് വെഞ്ഞാറമ്മൂട്. തിരുവനന്തപുരം സ്ലാങ്ങിനെ ജനപ്രിയമാക്കിയ സുരാജിന്റെ കോമഡികള്‍ക്ക് ഇന്നും ആരാധകരേറെയാണ്. പേരറിയാത്തവര്‍ എന്ന ചിത്രത്തിലെ അഭിനയത്തിലൂടെ മികച്ച നടനുള്ള ദേശീയ പുരസ്‌കാരവും അദ്ദേഹം സ്വന്തമാക്കി.
എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്ത ആക്ഷന്‍ ഹീറോ ബിജു എന്ന ചിത്രത്തിലൂടെയാണ് സുരാജിന്റെ അഭിനയത്തിന്റെ വ്യാപ്തി പ്രേക്ഷകര്‍ ഒന്നടങ്കം മനസ്സിലാക്കുന്നത്. ചിത്രത്തില്‍ വളരെ കുറച്ചു സമയം മാത്രം പ്രത്യക്ഷപ്പെടുന്ന കഥാപാത്രമായിട്ടും പ്രേക്ഷകമനസ്സില്‍ തങ്ങിനില്‍ക്കുന്ന ഒരു കഥാപാത്രമായി മാറാന്‍ സുരാജിനു സാധിച്ചു. ആക്ഷന്‍ ഹീറോ ബിജുവിന് പിന്നാലെ തൊണ്ടിമുതലും ദൃക്‌സാക്ഷിയും, കുട്ടന്‍പിളളയുടെ ശിവരാത്രി, തീവണ്ടി, യമണ്ടന്‍ പ്രേമകഥ, ആന്‍ഡ്രോയിഡ് കുഞ്ഞപ്പന്‍, ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍, ഡ്രൈവിങ് ലൈസന്‍സ് എന്നീ ചിത്രങ്ങളിലെ സുരാജിന്റെ പ്രകടനവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഫൈനല്‍സ്, വികൃതി, കാണെക്കാണെ എന്നീ ചിത്രങ്ങളിലെ സുരാജിന്റെ വ്യത്യസ്തമായ അഭിനയശൈലിയും എടുത്തുപറയേണ്ടതാണ്.
സിനിമാനടനാകുന്നതിനു മുന്‍പ് സമ്പന്നമായൊരു മിമിക്രി കാലം നടന്‍ സുരാജ് വെഞ്ഞാറമ്മൂടിനുണ്ടായിരുന്നു. അതേക്കുറിച്ചു സംസാരിക്കവേ രസകരമായ ഒരനുഭവം പങ്കുവെക്കുകയാണ് ഇപ്പോള്‍ സുരാജ് വെഞ്ഞാറമ്മൂട്. ജനഗണമന എന്ന പുതിയ ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി മാതൃഭൂമി ന്യൂസിന് നല്‍കിയ അഭിമുഖത്തിലായിരുന്നു തന്റെ രസകരമായ ഭൂതകാലത്തെ സുരാജ് ഓര്‍ത്തെടുത്തത്.

സുരാജിന്റെ വാക്കുകള്‍ ഇങ്ങനെ' ഞാന്‍ പത്താം ക്ലാസില്‍ പഠിക്കുമ്പോഴായിരുന്നു ആദ്യമായി ഒരു സ്‌റ്റേജില്‍ മിമിക്രി അവതരിപ്പിക്കുന്നത്. അത് അടുത്തുള്ള ഒരമ്പലത്തില്‍ വെച്ചായിരുന്നു. അന്ന് ദൂരദര്‍ശനിലൊക്കെ പരസ്യമായി കാണിച്ചിരുന്ന കിറ്റെക്‌സ് ലുങ്കിയുടെ പരസ്യത്തിന്റെ പാരഡി ഗാനം അവതരിപ്പിക്കാനാണ് ശ്രമിച്ചത്. ആ പാട്ടിനെ കോമഡിയാക്കി നിക്കറിട്ടു വാ എന്നു മാറ്റി പാടുകയായിരുന്നു.
എന്നാല്‍ പരിപാടി അവതരിപ്പിക്കാന്‍ നോക്കുമ്പോള്‍ പ്രോപ്പര്‍ട്ടിയായ നിക്കറില്ല. സ്‌റ്റേജിന്റെ പരിസരത്തൊക്കെ അന്വേഷിച്ചു, അങ്ങനെയിരിക്കുമ്പോഴാണ് അമ്പലത്തില്‍ ഒരു അപ്പൂപ്പന്‍ കുനിഞ്ഞുനിന്നു പ്രാര്‍ത്ഥിക്കുന്നത് കാണുന്നത്. സൂക്ഷിച്ചുനോക്കിയപ്പോള്‍ അങ്ങേര്‍ ഒരു പാളക്കരയന്‍ നിക്കറാണ് ഇട്ടിരിക്കുന്നത്. എനിക്കു പ്രോപ്പര്‍ട്ടിയാക്കാന്‍ പറ്റിയ വെളളയില്‍ നീലവരയുള്ള പാളക്കരയന്‍ നിക്കറായിരുന്നു അത്. ഞാന്‍ നൈസായിട്ട് അടുത്ത് ചെന്ന് ചോദിച്ചു' അപ്പൂപ്പാ, എനിക്ക് അപ്പൂപ്പന്റെ ആ നിക്കറൊന്ന് ഊരിത്തരുമോ? എന്റെ ചോദ്യം കേട്ട് അങ്ങേരെന്നെ സൂക്ഷിച്ചുനോക്കിയിട്ട് പോടാ!! എന്നു പറഞ്ഞ് ആട്ടിയോടിച്ചു. പിന്നെ ഞാന്‍ വേറൊരാളെക്കൊണ്ട് അപ്പൂപ്പന്റെ അടുത്ത് കാര്യം അവതരിപ്പിച്ചു. ഒടുവില്‍ എനിക്ക് സാധനം കിട്ടി.

എന്നിട്ട് ആ അപ്പൂപ്പന്‍ എന്റെ നിക്കര്‍ എപ്പോള്‍ കിട്ടും എന്ന മുഖഭാവവുമായി പരിപാടി കാണാനായി പുറകില്‍ പോയി നില്‍ക്കുകയാണ്. ഞാന്‍ നിക്കറൊക്കെ ഇട്ട് പരിപാടി നടത്തി, കുറേ കൈയടിയും കിട്ടി. പരിപാടി കഴിഞ്ഞപ്പോള്‍ ഞാന്‍ ഈ നിക്കറിന്റെ കാര്യം മറന്നുപോയി. അയാള്‍ പിന്നാലെ വന്ന് എടാ നീ പോയാലെങ്ങനെയാ എന്റെ നിക്കറെവിടെ, എന്റെ നിക്കര്‍ ഊരിത്താടാ എന്നൊക്കെ പറഞ്ഞ് വലിയ ബഹളം. ഒടുവില്‍ അതെങ്ങനെയോ പരിഹരിച്ചു.
പരിപാടിക്ക് വരയുള്ള നിക്കറ് തന്നെ വേണമായിരുന്നു. ആദ്യം ഒരു കാക്കിനിക്കര്‍ കിട്ടി. പക്ഷെ, അത് പോരായിരുന്നു. പാളക്കരയന്‍ നിക്കറ് തന്നെ ഇട്ടായിരുന്നു പരിപാടി ചെയ്തത്. അന്നത്തെ പരിപാടി വന്‍ ഹിറ്റായിരുന്നു, പക്ഷെ, ഈ നിക്കറിന്റെ പേരില്‍ കുറേ തെറിവിളിയും കിട്ടി.' സുരാജ് ആദ്യത്തെ തന്റെ സ്റ്റേജ് അനുഭവം പറയുന്നു.

ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്യുന്ന ജനഗണമനയാണ് സുരാജ് വെഞ്ഞാറമ്മൂടിന്റെ പുറത്തിറങ്ങാനുള്ള പുതിയ ചിത്രം. പൃഥ്വിരാജ്, മംമ്ത മോഹന്‍ദാസ്, ശ്രീദിവ്യ, ധ്രുവന്‍, ശാരി, ഷമ്മി തിലകന്‍, പശുപതി, വിന്‍സി അലോഷ്യസ് തുടങ്ങി നിരവധി താരങ്ങള്‍ ചിത്രത്തിന്റെ ഭാഗമാകുന്നുണ്ട്. പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സുപ്രിയ മേനോനും ലിസ്റ്റിന്‍ സ്റ്റീഫനും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ഷാരിസ് മുഹമ്മദാണ് തിരക്കഥ. ജേക്ക്‌സ് ബിജോയ് സംഗീതസംവിധാനം നിര്‍വ്വഹിച്ചിരിക്കുന്ന ജനഗണമന ഏപ്രില്‍ 28-ന് തീയറ്ററുകളിലെത്തും.


Click it and Unblock the Notifications