പെൺമക്കളെ നഷ്ടപ്പെട്ടതിന്റെ വ്യാപ്തി അറിയുന്ന അച്ഛനാണ് ഞാൻ; മകൾ ലക്ഷ്മിയുടെ അപകടത്തെ ഓര്‍മ്മിച്ച് സുരേഷ് ഗോപി
കേരളത്തെ ഞെട്ടിച്ചുകൊണ്ട് നാല് പെണ്‍കുട്ടികളുടെ മരണത്തിന് ഇടയാക്കിയ അപകടമാണ് ഇന്നലെ പാലക്കാട് നടന്നത്. സ്‌കൂളില്‍ നിന്നും പരീക്ഷ കഴിഞ്ഞ് മടങ്ങി വരവേ ലോറി പാഞ്ഞു കയറിയാണ് നാല് കുട്ടികളും മരണപ്പെടുന്നത്. മനസ്സാക്ഷിയെ മരവിപ്പിക്കുന്ന അപകടമായിരുന്നു സംഭവിച്ചത്. ഇതില്‍ അനുശോചനം രേഖപ്പെടുത്തുകയാണ് ലോകമെമ്പാടുമുള്ള മലയാളികള്‍.
സമാനമായ അനുഭവം തന്റെ ജീവിതത്തിലും ഉണ്ടായതിന്റെ വേദന കൂടി പങ്കുവെച്ചാണ് നടനും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപി എത്തിയത്. അപകടത്തില്‍ മരണപ്പെട്ട നാല് പെണ്‍മക്കള്‍ക്കും ആദരാഞ്ജലി നേര്‍ന്ന് എത്തിയതിനൊപ്പം തന്റെ മകളെ നഷ്ടപ്പെട്ടതിന്റെ വേദനയെ കുറിച്ചും നടന്‍ സുരേഷ് ഗോപി സൂചിപ്പിച്ചു.

'പെണ്‍മക്കള്‍ നഷ്ട്ടമാവുമ്പോള്‍ ഉള്ള സങ്കടം, ആ സങ്കടത്തിന്റെ വ്യാപ്തിയും ആഘാതവും അറിയുന്ന ഒരു അച്ഛന്‍ ആണ് ഞാന്‍. ഒരു അച്ഛനായും, മനുഷ്യനായും, ഞാനീ അപ്രതീക്ഷിതമായ നഷ്ടത്തിന്റെ വേദനയിലും വിഷമത്തിലും കുട്ടികളുടെ കുടുംബങ്ങള്‍ക്ക് അനുശോചനം അറിയിക്കുന്നു. ആ പെണ്‍മക്കളുടെ സ്വപ്നങ്ങള്‍ നിറഞ്ഞ ആ പുഞ്ചിരികളും സ്‌നേഹവും ചേര്‍ന്ന ഓര്‍മകള്‍ മാത്രമാണ് ഇപ്പോള്‍ അവശേഷിക്കുന്നത്. ഈ മക്കളുടെ നിത്യശാന്തിക്കായി പ്രാര്‍ത്ഥിക്കുന്നു.'എന്നുമാണ് സുരേഷ് ഗോപി സോഷ്യല്‍ മീഡിയയിലൂടെ കുറിച്ചത്.
വര്‍ഷങ്ങള്‍ക്ക് മുന്‍പ് മൂത്ത മകളെ നഷ്ടപ്പെട്ടയാളാണ് സുരേഷ് ഗോപി. വിവാഹം കഴിഞ്ഞ് അധികം വൈകാതെ സുരേഷ് ഗോപിക്കും ഭാര്യ രാധികയ്ക്കും ആദ്യം ജനിച്ച മകളായിരുന്നു ലക്ഷ്മി. മകള്‍ക്ക് ഒന്നര വയസ്സുള്ളപ്പോഴാണ് അപകടത്തില്‍പ്പെട്ടത്. അന്ന് മകളെ നഷ്ടപ്പെട്ട അപകടത്തെ കുറിച്ച് പിന്നീട് ഒരു പരിപാടിയില്‍ വെച്ച് സുരേഷ് ഗോപി തുറന്നു പറഞ്ഞിരുന്നു.
ഭാര്യയും മകളുമടക്കം തന്റെ കുടുംബം ഒരു വിവാഹം കഴിഞ്ഞ് തിരിച്ചു പോകുമ്പോഴായിരുന്നു സഞ്ചരിച്ചിരുന്ന വാഹനം അപകടത്തില്‍പ്പെടുന്നത്. 1992 ജൂണ്‍ ആറിനായിരുന്നു സംഭവം. കല്യാണത്തില്‍ പങ്കെടുത്ത ശേഷം ഭാര്യയേയും മകള്‍ ലക്ഷ്മിയേയും സുരേഷ് ഗോപി തന്റെ അനിയന്റെ കൂടെ പറഞ്ഞയക്കുകയായിരുന്നു. ഈ അപകടത്തില്‍ രാധികയടക്കമുള്ളവര്‍ക്ക് പരിക്ക് പറ്റിയെങ്കിലും ലക്ഷ്മിയുടെ ജീവന്‍ നഷ്ടമാവുകയായിരുന്നു. നടന്‍ ഇന്ദ്രന്‍സ് തയ്യിച്ച് തന്ന ഷര്‍ട്ടുമിട്ടാണ് അവസാനമായി ലക്ഷ്മിയ്‌ക്കൊപ്പം നിന്നതെന്നും നടന്‍ പറഞ്ഞിരുന്നു.

അന്ന് നടന്‍ ഇന്ദ്രന്‍സ് കോസ്റ്റിയൂമറായി പ്രവര്‍ത്തിച്ചിരുന്ന കാലമായിരുന്നു. സുരേഷ് ഉണ്ണിത്താന്റ ഉത്സവമേളം എന്ന ചിത്രത്തില്‍ സുരേഷ് ഗോപിയും ഇന്ദ്രന്‍സും ഒരുമിച്ച് പ്രവര്‍ത്തിക്കുകയായിരുന്നു. ആ സിനിമയിലെ വസ്ത്രങ്ങളൊക്കെ വളരെ കളര്‍ഫുള്‍ ആയിരുന്നു. മഞ്ഞയില്‍ നേര്‍ത്ത വരകളുള്ള ഷര്‍ട്ട് ഒരു സീനില്‍ ഞാന്‍ ധരിച്ചിരുന്നു.
ആ മഞ്ഞ ഷര്‍ട്ടിനോട് എനിക്ക് വല്ലാതെ ഇഷ്ടം തോന്നി. ഷൂട്ടിങ് കഴിഞ്ഞതിന് ശേഷം ആ ഷര്‍ട്ട് തനിക്ക് തരണമെന്ന് ഇന്ദ്രന്‍സിനോട് ആവശ്യപ്പെട്ടിരുന്നു. അങ്ങനെ ഷൂട്ടിങ് കഴിഞ്ഞപ്പോള്‍ ഇന്ദ്രന്‍സ് ആ ഷര്‍ട്ട് തന്നു. അത് ഇടയ്ക്കിടെ ഇടാറുണ്ടായിരുന്നു. മാത്രമല്ല മകളുടെ മരണമുണ്ടായ ദിവസം താന്‍ ധരിച്ചിരുന്നത് ആ ഷര്‍ട്ട് ആയിരുന്നു.
അപകടവിവരം അറിഞ്ഞ് ആശുപത്രിയില്‍ എത്തി മകളുടെ അടുത്തു നില്‍ക്കുമ്പോഴൊക്കെ വിയര്‍പ്പില്‍ കുതിര്‍ന്ന ആ ഷര്‍ട്ട് ആയിരുന്നു എന്റെ വേഷം. എന്റെ വിയര്‍പ്പിന്റെ മണം ഏറ്റവുമധികം ഇഷ്ടപ്പെട്ടിരുന്നത് മകളാണ്. ലക്ഷ്മിക്ക് അന്തിയുറങ്ങാന്‍ അവസാനമായി അവളുടെ പെട്ടി മൂടുന്നതിനു മുന്‍പ്, വിയര്‍പ്പില്‍ കുതിര്‍ന്ന എന്റെ ആ മഞ്ഞ ഷര്‍ട്ട് ഊരി അവളെ ഞാന്‍ പുതപ്പിച്ചു എന്നും ഇന്ദ്രന്‍സ് തുന്നിയ ആ ഷര്‍ട്ടിന്റെ ചൂടേറ്റാണ് എന്റെ മകള്‍ അന്ത്യ വിശ്രമം കൊള്ളുന്നതെന്നുമാണ് മകളെ കുറിച്ചുള്ള ഓര്‍മ്മയായി മുന്‍പ് സുരേഷ് ഗോപി പറഞ്ഞത്.


Click it and Unblock the Notifications