'സത്യം കണ്ടെത്താൻ വീണ്ടും കാക്കി അണിഞ്ഞ് ടൊവിനോ'; 'അന്വേഷിപ്പിൻ കണ്ടെത്തും' പോസ്റ്റർ റിലീസായി
മാസ് ചിത്രം കൽക്കിയുടെ വിജയത്തിന് ശേഷം വീണ്ടും പൊലീസ് ഉദ്യോഗസ്ഥനായി ടൊവിനോയെത്തുന്ന ഏറ്റവും പുതിയ സിനിമ വരുന്നു. അന്വേഷിപ്പിൻ കണ്ടെത്തും എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ പോസ്റ്റർ റിലീസ് ചെയ്തു.
ഡാർവിൻ കുര്യാക്കോസാണ് സിനിമയുടെ സംവിധാനം നിർവഹിക്കുന്നത്. ജിനു.വി.എബ്രഹാമിന്റേതാണ് തിരക്കഥ. തിയേറ്റർ ഓഫ് ഡ്രീംസ് നിർമ്മിക്കുന്ന രണ്ടാമത്തെ സിനിമ കൂടിയാണിത്.
യൂണിഫോമിൽ പുറം തിരിഞ്ഞ് നിൽക്കുന്ന ഒരു പൊലീസ് ഉദ്യോഗസ്ഥനും മുഖം വ്യക്തമല്ലാത്ത രണ്ട് സ്ത്രീകളേയും പോസ്റ്ററിൽ കാണാം.

അന്വേഷണങ്ങളുടെ കഥയല്ല മറിച്ച് അന്വേഷകരുടെ ജീവിത കഥയാണ് ചിത്രം പറയുന്നത് എന്നായിരുന്നു ടൈറ്റിൽ ലുക്ക് പുറത്തുവിട്ടപ്പോൾ അണിയറപ്രവർത്തകർ പറഞ്ഞത്. എസ്.ഐ അനന്ത് നാരായണൻ എന്ന കഥാപാത്രത്തെയാണ് സിനിമയിൽ ടൊവിനോ തോമസ് അവതരിപ്പിക്കുന്നത്.
ഗിരീഷ് ഗംഗാധരനാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിർവഹിക്കുന്നത്. തമിഴിൽ നിരവധി ഹിറ്റുകൾ തീർത്തിട്ടുള്ള സംഗീത സംവിധായകൻ സന്തോഷ് നാരായണൻ ആദ്യമായി മലയാള സിനിമയിൽ പ്രവർത്തിക്കാൻ പോവുകയാണ് അന്വേഷിപ്പിൻ കണ്ടെത്തും എന്ന ടൊവിനോ ചിത്രത്തിലൂടെ.
കുഞ്ചാക്കോ ബോബൻ, നയൻതാര എന്നിവർ പ്രധാന കഥാപാത്രങ്ങളായ നിഴലിലൂടെ സിനിമയിൽ അരങ്ങേറിയ ആദ്യ പ്രസാദാണ് ചിത്രത്തിൽ നായിക. നിഴലിൽ നയൻതാരയുടെ മകന്റെ ട്യൂഷൻ ടീച്ചറായ മേഘ എന്ന കഥാപാത്രമായാണ് ആദ്യ പ്രസാദ് അഭിനയിച്ചത്.
ദൃശ്യത്തിന്റെ കന്നട റീമേക്കിൽ അഭിഭാഷകയുടെ റോളിൽ എത്തിയതും ആദ്യയായിരുന്നു. നടി എന്നതിലുപരി മോഡൽ കൂടിയാണ് ആദ്യ പ്രസാദ്. മുത്തുമണി എന്ന കഥാപാത്രത്തേയാണ് ആദ്യ അവതരിപ്പിക്കുന്നത്.
ചെറുതെങ്കിലും നിഴലിലെ ആദ്യയുെട പ്രകടനമാണ് ടൊവിനോയുടെ നായിക വേഷത്തിലേക്ക് ആദ്യയ്ക്ക് വഴിയൊരുക്കിയതും.

സെപ്റ്റംബറിൽ ചിത്രീകരണം ആരംഭിക്കുന്ന സിനിമയുടെ എഡിറ്റിങ് നിർവഹിക്കുക സൈജു ശ്രീധറായിരിക്കും. തല്ലുമാല, വാശി എന്നിവയാണ് ടൊവിനോയുടേതായി അണിയറയിൽ ഒരുങ്ങുന്ന മറ്റ് സിനിമകൾ. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ തല്ലുമാലയിലെ ഗാനത്തിന് മികച്ച സ്വീകരണമാണ് പ്രേക്ഷകരിൽ നിന്നും ലഭിച്ചത്.
ചിത്രത്തിൽ കല്യാണി പ്രിയദർശനാണ് ടൊവിനോയുടെ നായിക. ഖാലിദ് റഹ്മാനാണ് തല്ലുമാല സംവിധാനം ചെയ്തിരിക്കുന്നത്. വാശിയിൽ കീർത്തി സുരേഷാണ് നായിക. വക്കീലായിട്ടാണ് ചിത്രത്തിൽ ടൊവിനോ അഭിനയിക്കുന്നത്.
ഒരിടവേളയ്ക്ക് ശേഷം കീർത്തി ചെയ്യുന്ന മലയാള സിനിമ കൂടിയാണ് വാശി. ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് നടൻ എന്ന നിലയിലും ശ്രദ്ധേയനായ വിഷ്‍ണു.ജി.രാഘവാണ്.


Click it and Unblock the Notifications