'അപമാനിക്കാനായി ചെയ്തതല്ല, എന്നിലൂടെയാണ് അവന് ഫാൻസുണ്ടായത്'; ബേസിലിനെ കുറിച്ച് ടൊവിനോ
ഒരുപാട് മികച്ച ഷോർട്ട് ഫിലിമുകളൊരുക്കി വിനീത് ശ്രീനിവാസന്റെ ശിഷ്യനായി തിര എന്ന ചിത്രത്തിലൂടെ സിനിമയിലെത്തി കുഞ്ഞിരാമായണവും, ഗോദയും മിന്നൽ മുരളിയും സംവിധാനം ചെയ്ത് സംവിധാന മേഖലയിൽ തന്റേതായ വ്യക്തി മുദ്ര പതിപ്പിച്ച് എല്ലാവരും അസൂയയോടെ നോക്കുന്ന സംവിധായകനും നടനുമെല്ലാണ് ഇന്ന് ബേസിൽ ജോസഫ്. ഒരു സംവിധായകൻ എന്ന നിലയിൽ വെറും മൂന്ന് ചിത്രങ്ങൾ കൊണ്ട് പലർക്കും എത്തിപ്പിടിക്കാൻ കഴിയാത്ത തലങ്ങളിലേക്ക് എത്തി നിൽക്കുകയാണ് ബേസിൽ ജോസഫ്. വളരെ കൈയ്യടക്കത്തോടെയാണ് ബേസിൽ ഓരോ സിനിമകളേയും സമീപിക്കുന്നത് എന്ന് അദ്ദേഹത്തിന്റെ സിനിമകൾ കാണുമ്പോൾ തന്നെ വ്യക്തമാണ്.
പഠന ശേഷം വയനാട്ടിൽ നിന്നും തിരുവനന്തപുരത്ത് ജോലിക്കെത്തുമ്പോൾ സിനിമ മോഹമായിരുന്നു ബേസിലിന്. അജു വർഗീസുമായുള്ള സൗഹൃദമാണ് വിനീതിലെത്തിയതെന്ന് ബേസിൽ പറഞ്ഞിരുന്നു. മലയാള സിനിമയിൽ അന്യമായി കൊണ്ടിരിക്കുന്ന ഗ്രാമവും നിഷ്കളങ്കതയും പഴയ 80കളും വീണ്ടും മലയാളത്തിൽ എത്തിക്കാൻ തന്റേ സിനിമളിലൂടെ ബേസിൽ ശ്രമിക്കുന്നുണ്ട്. ഇന്ന് ബേസിൽ ജോസഫിലെ സംവിധായകനെപ്പോലെ തന്നെ മലയാളിക്ക് പ്രിയപ്പെട്ടതാണ് ബേസിലിലെ നടൻ.

2013ലാണ് ബേസിൽ ആദ്യമായി ക്യാമറയ്ക്ക് മുമ്പിൽ എത്തുന്നത്. ടി.കെ രാജീവ് കുമാർ സംവിധാനം ചെയ്ത അപ് ആന്റ് ഡൗൺ മുകളിൽ ഒരാളുണ്ട് എന്ന ചിത്രത്തിലെ ലിഫ്റ്റ് ടെക്ക്‌നീഷ്യനായാണ്. പിന്നീട് 2014ൽ അനൂപ് കണ്ണൻ സംവിധാനം ചെയ്ത ഹോംലി മീൽസ് എന്ന ചിത്രത്തിൽ എഡിറ്റർ ബേസിൽ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു. 2015ൽ തന്റെ ആദ്യ സംവിധാന സംരഭമായ കുഞ്ഞിരാമായണത്തിൽ ഒരു യുവ രാഷ്ട്രീയ നേതാവ് ആയും മുഖം കാണിച്ചു. പിന്നീട് 2017ൽ ആഷിക് അബു സംവിധാനം ചെയ്ത മായാനദി എന്ന മനോഹരമായ ചിത്രത്തിൽ ജിനു എന്ന വേഷത്തിൽ എത്തി. ചെറുത് ആണേലും ശ്രദ്ധിക്കപ്പെട്ടൊരു വേഷമായിരുന്നു അത്. ശേഷം റോസാപ്പൂ, പടയോട്ടം, വൈറസ്, കക്ഷി അമ്മിണിപ്പിള്ള, ലവ് ആക്ഷൻ ഡ്രാമ, മനോഹരം, ജാൻഎമൻ തുടങ്ങി നിരവധി സിനിമകളിൽ അഭിനയിച്ചു.

ഇന്ന് വളരെ അധികം ആരാധകരുള്ള സംവിധായകരിൽ ഒരാൾ കൂടിയാണ് ബേസിൽ. ബേസിലിന്റെ ഉറ്റ സുഹൃത്ത് ടൊവിനോയാണ് ബോസിലിന്റെ രണ്ട് സിനിമകളിൽ നായകനായത്. ഗോദയിലൂടെ ആരംഭിച്ച സൗഹൃദം ഇപ്പോഴും മനോഹരമായി തുടരുകയാണ്. ഇടയ്ക്കിടെ ലൊക്കേഷനിൽ നിന്നും പകർത്തിയ ബേസിലിന്റെ ചില രസകരമായ വീഡിയോകൾ ടൊവിനോ സോഷ്യൽമീഡിയകളിലൂടെ പങ്കുവെക്കാറുണ്ട്. അടുത്തിടെ മിന്നൽ മുരളിയുടെ സെറ്റിൽ വെച്ച് ആംഗ്യപ്പാട്ട് പാടുന്ന ബേസിലിന്റെ വീഡിയോ ടൊവിനോ പങ്കുവെക്കുകയും വൈറലാവുകയും ചെയ്തിരുന്നു. അതിന് പുറമെ മുമ്പും മിന്നൽ മുരളിയുടെ സെറ്റിൽ നിന്നുമുള്ള ബേസിലിന്റെ രസകരമായ വീഡിയോകൾ ടൊവിനോ പങ്കുവെച്ചിരുന്നു. ബേസിലിനുള്ളിലെ സംവിധായകനെ മാത്രമല്ല നിഷ്കളങ്കനായ മനുഷ്യനെ സിനിമാ പ്രേമികൾ തിരിച്ചറിഞ്ഞതും ടൊവിനോ പങ്കുവെച്ച ഇത്തരം വീഡിയോകളിലൂടെയാണ്. ഇത്തരം ലൊക്കേഷൻ വീഡിയോകൾ താൻ അറിയാതെ പകർത്തി പങ്കുവെച്ച് ടൊവിനോ തന്നെ അപമാനിക്കുകയാണ് എന്ന് ബേസിൽ പരാതിപ്പെടുന്നുണ്ട് പറഞ്ഞപ്പോൾ ടൊവിനോ പറഞ്ഞ മറുപടിയാണ് ഇപ്പോൾ വൈറലാകുന്നത്. മാതൃഭൂമി ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് ടൊവിനോയുടെ രസകരമായ മറുപടി.
Recommended Video

'അവനെ അപമാനിക്കാനായി ഞാൻ ഒരു വീഡിയോ പോലും ഇട്ടിട്ടില്ല. അവൻ ചെയ്യുന്ന ചില പ്രകവൃത്തികൾ കണ്ടിരിക്കാൻ വളരെ രസകരമായി തോന്നി. അവന്റെ നിഷ്കളങ്കത ആ വീഡിയോകളിൽ വ്യക്തമാണ്. അത് ആളുകളെ കാണിക്കാൻ വേണ്ടിയാണ് ഞാൻ ആ വീഡിയോകൾ പകർത്തിയതും പങ്കുവെച്ചതും. അവൻ സംവിധാനം വളരെ അധികം ആസ്വദിച്ചാണ് ചെയ്യുന്നത്. ഞാൻ ഇടുന്ന വീഡിയോസിലൂടെയാണ് ബേസിൽ ഇത്രയും ജനപ്രിയനായത്. അത് മറക്കണ്ട... ബേസിൽ നന്നായി പാട്ട് പാടുന്ന ആളാണ് അതുകൊണ്ടാണ് അവൻ നന്നായി പാടുമെന്ന് ആളുകളെ അറിയിക്കാൻ ഞാൻ അവന്റെ പാട്ടിന്റെ വീഡിയോകളും പങ്കുവെച്ചത്. അവനാണ് കോമഡിയായി പാട്ട് പാടുന്ന വീഡിയോ എനിക്ക് തന്നത്. അത് കൂടി കണ്ടപ്പോൾ ബേസിലിന്റെ സ്റ്റാർഡം പിന്നെയും ഉയർന്നു. അവന്റെ പിആർ വർക്ക് ചെയ്യുന്നതിന് അവൻ എനിക്ക് ഇങ്ങോട്ട് കാശ് തരണം' ടൊവിനോ പറയുന്നു.


Click it and Unblock the Notifications











