ഗുരുവായൂരപ്പനെ സാക്ഷിനിര്‍ത്തി വിനയ് സൗമ്യയുടെ കഴുത്തില്‍ താലിചാര്‍ത്തി
നടന്‍ വിനയ് ഫോര്‍ട്ട് വിവാഹിതനായി. ഗുരുവായൂര്‍ അമ്പല നടയില്‍, ഗുരുവായൂരപ്പനെ സാക്ഷി നിര്‍ത്തിയാണ് വിനയ് സൗമ്യയുടെ കഴുത്തില്‍ മിന്ന് ചാര്‍ത്തിയത്. മംഗള കര്‍മ്മത്തിന് അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുത്തു.
ഏറെ നാളായി സൗഹൃദത്തിലായിരുന്നു സൗമ്യയും വിനയ് ഫോര്‍ട്ടും. അത് പ്രണയമാണെന്ന് തിരിച്ചറിഞ്ഞതോടെ ഇരുവീട്ടുകാരെയും അറിയിക്കുകയായിരുന്നു. എതിര്‍പ്പേതുമില്ലാതെ വീട്ടുകാരുടെ സമ്മതത്തോടെയും അനുഗ്രഹത്തോടെയും ഇരുവരും ദാമ്പത്യത്തിലേക്ക് പ്രവേശിച്ചു.

ഗുരുവായൂര്‍ സ്വദേശിയായ രവി എസ് നമ്പിടിയുടെയും ഹേമാംബികയുടെയും മകളായ സൗമ്യ, അമൃത സര്‍വ്വകലാശാലയിലെ നാനോ സയന്‍സ് വിദ്യാര്‍ത്ഥിയാണ്. എംവി മണിയുടെയും സുജാതയുടെയും മകനാണ് വിനയ്.
നാടകനടനായിരുന്ന വിനയ് ഫോര്‍ട്ട് ശ്യാമപ്രസാദ് സംവിധാനം ചെയ്ത 'ഋതു' എന്ന ചിത്രത്തിലൂടെയാണ് വെള്ളിത്തിരയില്‍ അരങ്ങേറുന്നത്. നായക സുഹൃത്തായും വില്ലനായി വേഷമിട്ട വിനയ്ക്ക് കരിയര്‍ ബ്രേക്ക് നല്‍കിയത് ജോയി മാത്യു സംവിധാനം ചെയ്ത 'ഷട്ടര്‍' എന്ന ചിത്രമാണ്. ഇതില്‍ വിനയ് അവതരിപ്പിച്ച ഓട്ടോ ഡ്രൈവറുടെ വേഷം ശ്രദ്ധിക്കപ്പെട്ടു.
തുടര്‍ന്ന് സെവന്‍സ്, ഹൗ ഓള്‍ഡ് ആര്‍ യു ഉള്‍പ്പടെ പന്ത്രണ്ടോളം ചിത്രങ്ങളില്‍ വിനയ് വേഷമിട്ടു. സെക്കന്‍സ്, റോസാപ്പൂക്കളം, പ്രേമം, ഞാന്‍ നിന്നോടു കൂടെയുണ്ട് തുടങ്ങിയ ചിത്രങ്ങളിലാണ് വിനയ് ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്.


Click it and Unblock the Notifications