നടൻ വിഷ്ണു ഉണ്ണികൃഷ്ണന് ഷൂട്ടിങ്ങിനിടെ പരിക്ക്; കൈകൾക്ക് പൊള്ളലേറ്റ താരത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
പുതിയ സിനിമയുടെ ചിത്രീകരണത്തിനിടിയില്‍ നടന്‍ വിഷ്ണു ഉണ്ണികൃഷ്ണന് പരിക്കേറ്റു. വൈകിട്ട് ഏഴിനാണ് താരത്തിന്റെ കൈകള്‍ക്ക് പൊള്ളലേല്‍ക്കുന്നത്. ഷൂട്ടിങ്ങിനിടെ തിളച്ച എണ്ണ കയ്യിലേക്ക് മറിയുകയായിരുന്നു എന്നാണ് വിവരം. വൈപ്പിനില്‍ നടക്കുന്ന സിനിമാ ചിത്രീകരണത്തിന് ഇടയിലാണ് അപകടം. കൈകള്‍ക്ക് പൊളളലേറ്റ നടനെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ആശുപത്രിയില്‍ എത്തിയതിന് ശേഷം നടന് അടിയന്തര ശസ്ത്രക്രിയ വേണമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചുതായിട്ടാണ് റിപ്പോര്‍ട്ടുകള്‍. നിലവില്‍ വിഷ്ണുവിന്റെ കൈകളില്‍ പ്ലാസ്റ്റിക് സര്‍ജറി നടത്താനാണ് തീരുമാനിച്ചിരിക്കുന്നത് എന്നും സൂചനയുണ്ട്. അപകടവിവരം അറിഞ്ഞത് മുതല്‍ താരത്തിന്റെ ആരോഗ്യം വീണ്ടെടുക്കുന്നതിനുള്ള ആശംസകളും പ്രാര്‍ഥനകളും നിറയുകയാണ്.

കട്ടപ്പനയിലെ ഋത്വിക് റോഷന്‍, അമര്‍ അക്ബര്‍ അന്തോണി, ഒരു യമണ്ടന്‍ പ്രേമകഥ തുടങ്ങിയ സിനിമകള്‍ക്ക് തിരക്കഥ ഒരുക്കി ശ്രദ്ധേയാരയ താരങ്ങളാണ് വിഷ്ണു ഉണ്ണികൃഷ്ണനും ബിബിന്‍ ജോര്‍ജും. ഇരുവരും ചേര്‍ന്ന് സംവിധാനം ചെയ്യുന്ന വെടിക്കെട്ട് എന്ന സിനിമയുടെ ചിത്രീകരണത്തിനിടയിലാണ് അപകടമുണ്ടാവുന്നത്. തിരക്കഥ ഒരുമിച്ചെഴുതിയിട്ടുണ്ടെങ്കിലും താരങ്ങള്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണിത്.
സംവിധാനത്തിന് പുറമേ സിനിമയിലെ പ്രധാനപ്പെട്ട രണ്ട് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നതും താരങ്ങള്‍ തന്നെയാണ്. കഴിഞ്ഞ മാസം കൊച്ചിയില്‍ നടന്ന പൂജ ചടങ്ങുകള്‍ക്ക് പിന്നാലെയാണ് വെടിക്കെട്ടിന്റെ ചിത്രീകരണം ആരംഭിച്ചത്. ബാദുഷ സിനിമാസിന്റെയും പെന്‍ ആന്‍ഡ് പേപ്പറിന്റെയും ബാനറില്‍ എന്‍ എം ബാദുഷ, ഷിനോയ് മാത്യു എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മാണം.

ദിവസങ്ങള്‍ക്ക് മുന്‍പ് നടന്‍ ആസിഫ് അലിയ്ക്കും സിനിമ ഷൂട്ടിങ്ങിനിടെ അപകടം സംഭവിച്ചിരുന്നു. ആസിഫ് നായകനാവുന്ന പുതിയ സിനിമയുടെ ക്ലൈമാക്‌സ് രംഗങ്ങള്‍ ചിത്രീകരിക്കുന്നതിനിടയിലാണ് പരിക്കേല്‍ക്കുന്നത്. അപകടമുണ്ടായ ഉടനെ താരത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഗുരുതരമായ പ്രശ്‌നങ്ങളൊന്നും ഉണ്ടായിട്ടില്ലായിരുന്നു.


Click it and Unblock the Notifications











