നടി സുബി സുരേഷ് അന്തരിച്ചു, അന്ത്യം കരൾ സംബന്ധമായ അസുഖത്തെ തുടർന്ന്, വാർത്ത വിശ്വസിക്കാനാവാതെ ആരാധകർ!
സിനിമാ- സീരിയല്‍ താരം സുബി സുരേഷ് അന്തരിച്ചു. നാൽപ്പത്തിരണ്ട് വയസായിരുന്നു. കരൾ സംബന്ധമായ രോഗത്തെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ശുപത്രിയിൽ ചികിത്സയിലായിരുന്നു. രാവിലെ 10 മണിയോടെ ആയിരുന്നു മരണം സംഭവിച്ചത്.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ചികിത്സയിലായിരുന്നു. എല്ലാത്തരത്തിലും ചികിത്സയും മറ്റുമായി മുന്നോട്ട് പോകുകയായിരുന്നുവെന്നും പക്ഷെ അതിനെല്ലാം മുമ്പ് അവസ്ഥ വഷളായി മരണം സംഭവിക്കുകയായിരുന്നുവെന്ന് നടൻ ടിനി ടോം പറഞ്ഞു.
നിരവധി ടിവി പരിപാടികളിൽ സുബി സുരേഷ് അവതാരകയായിരുന്നു. കുട്ടിപട്ടാളം പോലെയുള്ള സുബി സുരേഷ് അവതാരകയായ പരിപാടിക്ക് വലിയ സ്വീകാര്യതയും പ്രേക്ഷകർക്കിടയിൽ നിന്നും ലഭിച്ചു. കനക സിംഹാസനം അടക്കമുള്ള സിനിമകളിലും സുബി സുരേഷ് അഭിനയിച്ചിരുന്നു.
പുരുഷന്മാരെക്കൾ മനോഹരമായി കൈയ്യടക്കത്തോടെ കോമഡി സ്കിറ്റുകൾ വേദികളിൽ അവതരിപ്പിച്ചിട്ടുള്ള താരം കൂടിയായിരുന്നു സുബി സുരേഷ്. അവസാന നിമിഷങ്ങളിൽ സുബി സുരേഷ് വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവൻ നിലനിർത്തിയിരുന്നത്.

ഏറ്റവും അവസാനം സുബി സുരേഷ് പ്രത്യക്ഷപ്പെട്ടത് ഫ്ലവേഴ്സ് ടിവിയിൽ സംപ്രേഷണം ചെയ്ത ഒരു കോടി എന്ന പരിപാടിയിലാണ്. അവിടെ വെച്ച് താൻ വിവാഹം കഴിക്കാൻ പോവുകയാണെന്ന് അടക്കമുള്ള കാര്യങ്ങൾ സുബി സുരേഷ് വെളിപ്പെടുത്തിയിരുന്നു.
ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്തിരുന്ന സിനിമമാല എന്ന പരിപാടിയിലൂടെയാണ് സുബി പ്രേക്ഷകർക്ക് സുപരിചിതയായത്. മുപ്പത് വർഷത്തിന് അടുത്തായി സുബി കലാരംഗത്ത് സജീവമാണ്.

നടി, അവതാരക എന്നതിലപുരി സുബി നല്ലൊരു നർത്തകി കൂടിയായിരുന്നു. സോഷ്യൽമീഡിയയിൽ സജീവമായ സുബി സുരേഷ് അടുത്തിടെയായി ഒരു യുട്യൂബ് ചാനലും നടത്തി വരികയായിരുന്നു. സുബി തന്റെ വിശേഷങ്ങളെല്ലാം ആ യുട്യൂബ് ചാനൽ വഴിയാണ് പങ്കുവെച്ചിരുന്നത്.
സോഷ്യൽമീഡിയയിൽ വരുന്ന മോശം കമന്റുകൾക്ക് മുഖം നോക്കാതെ മറുപടി പറയാനും സുബി മടി കാണിച്ചിരുന്നില്ല. ഒട്ടനവധി സിനിമകളിൽ ശ്രദ്ധേയമായ വേഷമാണ് സുബി സുരേഷ് അവതരിപ്പിച്ചിട്ടുള്ളത്.

സുബിയെ ഏഷ്യാനെറ്റിലേക്ക് കൊണ്ടുവന്നത് നടൻ ടിനി ടോമായിരുന്നു. പതിനഞ്ച് ദിവസമായി സുബി ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ട്രാൻസ്പ്ലാന്റിനുള്ള ഒരുക്കങ്ങൾ നടന്നുകൊണ്ടിരിക്കവെയാണ് മരണം സംഭവിച്ചതെന്നാണ് ടിനി ടോം സുബിയെ കുറിച്ച് സംസാരിച്ച് 24 ന്യൂസിനോട് പറഞ്ഞത്.
'സുബിയുടെ ട്രാൻസ്പ്ലാന്റിനുള്ള ഒരുക്കങ്ങൾ അതിവേഗത്തിൽ തഹസിദാറെയും സുരേഷ് ഗോപിയേയുമൊക്കെ ബന്ധപ്പെട്ട് ചെയ്തിരുന്നു. പക്ഷെ അപ്പേഴേക്കും അസുഖം ഹൃദയത്തെ ബാധിച്ചിരുന്നു.'

'പ്രഷർ കൂടിയതിനാൽ ട്രാൻസ്പ്ലാന്റ് ചെയ്യാൻ ബുദ്ധിമുട്ടായി. പ്രഷർ നോർമലാകാതെ ഓപ്പറേഷൻ ചെയ്യാൻ സാധിക്കുമായിരുന്നില്ല. ഡോണർ സുബിയുടെ അമ്മയുടെ ചേച്ചിയുടെ മോളായിരുന്നു. പക്ഷെ അപ്പോഴേക്കും ഡയാലിസിസ് തുടങ്ങിയിരുന്നു. കിഡ്നിയെ സാരമായി ബാധിച്ചിരുന്നു.'
'സുബിയുടെ വേർപാട് എനിക്ക് വലിയ വേദനയാണ് സമ്മാനിച്ചിരിക്കുന്നത്. സുബിയുടെ വിവാഹം എന്റേയും സുഹൃത്തായ വ്യക്തിയുമായി ഉറപ്പിച്ച് വെച്ചിരിക്കുകയായിരുന്നു. അത്തരത്തിൽ സന്തോഷവതിയായി നിൽക്കുമ്പോഴാണ് ലിവറിന് പ്രശ്നം വന്നത്.'

'പെട്ടന്നാണ് സുബിയെ അസുഖം ബാധിച്ചത്. കലാഭവൻ മണിക്കും സലീം കുമാറിനുമെല്ലാം വന്നപോലുള്ള പ്രശ്നങ്ങളായിരുന്നു. അവർക്ക് സാവധാനമാണ് അസുഖം വന്നത്. പക്ഷെ സുബിക്ക് പെട്ടന്ന് ബാധിച്ച് സീരിയസായി. ആശുപത്രിക്കാർ ചെയ്യാവുന്നതിന്റെ പരമാവധി ചെയ്തിരുന്നു സുബിക്ക് വേണ്ടി. പക്ഷെ ആയുസെത്തിയാൽ ആളുപോകണമല്ലോ' ടിനി ടോം പറഞ്ഞു.
പെട്ടന്ന് സുബി വിടവാങ്ങുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല. സുബിയുടെ വേർപാട് വല്ലാതെ വേദനിപ്പിക്കുന്നു. ഒരുമിച്ച് ഒരുപാട് പരിപാടികൾ ചെയ്തിട്ടുണ്ട് തങ്ങൾ എന്നാണ് പ്രജോദ് കലാഭവൻ സുബി സുരേഷിനെ കുറിച്ച് സംസാരിച്ച് പറഞ്ഞത്. തനിക്ക് ഒട്ടും വിശ്വസിക്കാൻ കഴിയാത്ത വാർത്തയാണ് സുബിയുടെ വിയോഗമെന്നാണ് നടൻ ജയറാം പറഞ്ഞത്.


Click it and Unblock the Notifications











