അഞ്ജലിയ്ക്ക് തെന്നിന്ത്യ മുഴുവന്‍ വിലക്ക് ?
കുറച്ചുകാലങ്ങളായി തെന്നിന്ത്യന്‍ താരം അഞ്ജലിയുടെ നടപ്പ് വിവാദങ്ങള്‍ക്കൊപ്പമാണ്. എങ്ങോട്ട് തിരിഞ്ഞാലും ഒരു വിവാദം എന്നതാണ് ഇപ്പോള്‍ കുറച്ചായിട്ട് അഞ്ജലിയുടെ രീതി. ഒളിവില്‍പ്പോക്കും, തിരിച്ചുവരവും എല്ലാമായി വമ്പന്‍ വാര്‍ത്തകള്‍ സൃഷ്ടിച്ച താരം ഇപ്പോള്‍ സിനിമയില്‍ കരിമ്പട്ടികയില്‍ പെടുമെന്ന അവസ്ഥയിലാണ്. തമിഴ്‌നാട്ടിലെ നിര്‍മ്മാതാക്കളുടെ സംഘടനയായ തമിഴ് നാടു ഫിലിം പ്രൊഡ്യൂസേഴ്‌സ് ഗില്‍ഡ് അഞ്ജലിയ്‌ക്കെതിരെ വിലക്കേര്‍പ്പെടുത്താനുള്ള നീക്കത്തിലാണ്.
തമിഴ്‌നാട്ടില്‍ മാത്രമായിരിക്കില്ല തെലുങ്കിലും അഞ്ജലിയ്ക്ക് വിലക്കുവന്നേയ്ക്കുമെന്ന് സൂചനയുണ്ട്. ഇപ്പോള്‍ നിര്‍മ്മാണത്തിലിരിക്കുന്ന ഊര്‍ സുട്രി പുരാണം എന്ന ചിത്രത്തിന്റെ ജോലികള്‍ പൂര്‍ത്തിയാക്കുന്നതുവരെയായിരിക്കും അഞ്ജലിയ്ക്ക് മറ്റ് ചിത്രങ്ങളില്‍ വിലക്കേര്‍പ്പെടുത്തുകയെന്നാണ് സൂചന. 2013ല്‍ തുടങ്ങിയ ചിത്രമാണിത്. അഞ്ജലിയുടെ അനാസ്ഥ കാരണമാണ് ചിത്രം പൂര്‍ത്തിയാക്കാന്‍ കഴിയാത്തതെന്നാണ് നിര്‍മ്മാതാവും സംവിധായകനും പറയുന്നത്.

ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെയായിരുന്നു അഞ്ജലിയുടെ ഒളിവില്‍പ്പോക്കും വളര്‍ത്തമ്മയ്‌ക്കെതിരെ ആരോപണമുന്നയിച്ചുകൊണ്ടുള്ള തിരിച്ചെത്തലും. ഊര്‍ സുട്രി പുരാണത്തിന് പുറമേ അഞ്ജലിയെ നായികയായി തീരുമാനിച്ച മറ്റു പല ചിത്രങ്ങളും പാതിവഴിയിലാണെന്നും ഇതുകാരണം സംവിധായകര്‍ പലരും തലവേദനയിലാണെന്നുമാണ് കേള്‍ക്കുന്നത്. ചിത്രീകരണം നടക്കുമ്പോള്‍ മുന്നറിയിപ്പൊന്നുമില്ലാതെ അഞ്ജലി എത്താതിരിക്കുകയും വിളിച്ചാല്‍ ഫോണ്‍ അറ്റന്റ് ചെയ്യാതിരിക്കുകയും ചെയ്യുന്നുവെന്നാണ് പരക്കെയുള്ള പരാതി.
ഊര്‍ സുട്രി പുരാണത്തിന്റെ സംവിധായകന്‍ എം കലാഞ്ജിയം നടിയ്‌ക്കെതിരെ സംഘടനയില്‍ ഔദ്യോഗികമായി പരാതി നല്‍കിക്കഴിഞ്ഞു. അഞ്ജലികാരണം വമ്പന്‍ സാമ്പത്തിക നഷ്ടമുണ്ടായെന്ന് പരാതിയില്‍ പറയുന്നുണ്ട്.
കലാഞ്ജിയത്തിന്റെ പരാതിയിന്മേല്‍ സംഘടനകള്‍ തീരുമാനമെടുത്തുകഴിഞ്ഞു. തമിഴിന് പുറമേ തെലുങ്ക്, മലയാളം, കന്നഡ ഭാഷാചിത്രങ്ങളിലും അഞ്ജലിയ്ക്ക് വിലക്കേര്‍പ്പെടുത്താനായി സംഘടനാഭാരവാഹികള്‍ അതാത് ഭാഷാഇന്‍ഡസ്ട്രികളുമായി ബന്ധപ്പെട്ടിരിക്കുകയാണ്.
2006ല്‍ സിനിമയിലെത്തിയ അഞ്ജലി അങ്ങാടിത്തെരു എന്ന ചിത്രത്തിലൂടെയാണ് കഴിവുതെളിയിച്ചത്. പിന്നീട് വന്ന എങ്കേയും എപ്പോതും എന്ന ചിത്രത്തിലും താരം മികച്ച പ്രകടനം കാഴ്ചവച്ചിട്ടുണ്ട്. മലയാളത്തിലും തെലുങ്കിലും സുപരിചിതയാണ് അഞ്ജലി.


Click it and Unblock the Notifications











