മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ കണ്ട് അറപ്പുതോന്നി, സൈബര്‍ അധിക്ഷേപങ്ങള്‍ മാനസികമായി തളര്‍ത്തിയെന്ന് അന്‍സിബ
ദൃശ്യം എന്ന ഒറ്റ ചിത്രത്തിലൂടെ തന്നെ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായ താരമാണ് അന്‍സിബ ഹസന്‍. മോഹന്‍ലാല്‍ ചിത്രത്തിന്റെ വിജയം നടിയുടെ കരിയറില്‍ വലിയ വഴിത്തിരിവായിരുന്നു. ജീത്തു ജോസഫ് സംവിധാനം ചെയ്ത സിനിമയിലൂടെ മികച്ച തുടക്കമാണ് അന്‍സിബയ്ക്ക് മലയാളത്തില്‍ ലഭിച്ചത്. എന്നാല്‍ ദൃശ്യത്തിന് ശേഷം ശ്രദ്ധിക്കപ്പെട്ട കഥാപാത്രങ്ങള്‍ നടിക്ക് അധികം ലഭിച്ചിരുന്നില്ല. ഒരിടവേളയ്ക്ക് ശേഷം ദൃശ്യത്തിന്റെ രണ്ടാം ഭാഗത്തിലൂടെ നടി വീണ്ടും തിരിച്ചെത്തുകയാണ്. അടുത്തിടെയാണ് രണ്ടാം ഭാഗത്തിന്റെ ചിത്രീകരണം പൂര്‍ത്തിയായത്.
ദൃശ്യം 2 ലൊക്കേഷനില്‍ നിന്നുളള ചിത്രങ്ങളെല്ലാം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. വലിയ ആകാംക്ഷകളോടെയാണ് ആരാധകരും സിനിമാ പ്രേമികളും ഒന്നടങ്കം മോഹന്‍ലാല്‍ ചിത്രത്തിനായി കാത്തിരിക്കുന്നത്. അതേസമയം റിപ്പോര്‍ട്ടറിന് നല്‍കിയ അഭിമുഖത്തില്‍ സോഷ്യല്‍ മീഡിയ അധിക്ഷേപങ്ങള്‍ തന്നെ വല്ലാതെ തളര്‍ത്തിയെന്ന് നടി തുറന്നുപറഞ്ഞിരുന്നു.

വ്യാജവാര്‍ത്തകള്‍ തന്നെ മാനസികമായി തളര്‍ത്തിയെന്നും കടുത്ത സൈബര്‍ ആക്രമണമാണ് തനിക്ക് നേരിടേണ്ടി വന്നതെന്നും അന്‍സിബ ഹസന്‍ പറയുന്നു. താന്‍ ഒരു സമുദായത്തെയും വിമര്‍ശിച്ചിട്ടില്ല. മോര്‍ഫ് ചെയ്ത ഫോട്ടോകള്‍ കണ്ടു എനിയ്ക്ക് തന്നെ അറപ്പ് തോന്നി. പുരുഷന്മാരും സ്ത്രീകളെപോലെ സൈബര്‍ ആക്രമണത്തിന്‌റെ ഇരയാകുന്നുണ്ട്.

എന്നാല്‍ തങ്ങള്‍ മനക്കട്ടിയില്ലാത്തവരാണ് എന്ന് പുറം ലോകമറിഞ്ഞാലുളള നാണക്കേട് ഭയന്നാണ് അവര്‍ തുറന്നുപറയാത്തതെന്നും അന്‍സിബ പറഞ്ഞു. അതേസമയം ദൃശ്യത്തിലൂടെ സിനിമയില്‍ വീണ്ടും തിരിച്ചെത്താനായ സന്തോഷം അടുത്തിടെ നടി പങ്കുവെച്ചിരുന്നു. സിനിമയിലേക്ക് ഇല്ലെന്ന് തീരുമാനമെടുത്ത സമയത്താണ് ദൃശ്യം 2 വരുന്നത് എന്ന് നടി പറഞ്ഞു.

കഥ കേട്ടപ്പോള്‍ തന്നെ ഞാന്‍ ആകെ ത്രില്ല്ഡായിരുന്നു. പിന്നെ സെറ്റില്‍ എത്തിയപ്പോള്‍ പഠിക്കാന്‍ പോയി കുറെനാളുകള്‍ക്ക് ശേഷം വീട്ടില്‍ തിരിച്ചെത്തിയ ഫീലിംഗായിരുന്നു എന്നും നടി പറഞ്ഞു. മലയാളത്തിലും തമിഴിലുമായി ഇരുപത്തഞ്ചിലധികം സിനിമകളില്‍ അഭിനയിച്ച താരമാണ് അന്‍സിബ ഹസന്‍. സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത ഇന്നത്തെ ചിന്താവിഷയം ആയിരുന്നു നടിയുടെ ആദ്യത്തെ സിനിമ.

അഭിനയത്തിന് പുറമെ അവതാരകയായും നടി തിളങ്ങി. കോമഡി സൂപ്പര്‍ നൈറ്റ് 2 പോലുളള പരിപാടികള്‍ അവതരിപ്പിച്ചായിരുന്നു അന്‍സിബ മിനിസ്‌ക്രീനിലും സജീവമായത്. ഫ്‌ളവേഴ്‌സ് ടിവിയിലെ തന്നെ മറുഹബ, മറക്കാത്ത സ്വാദ്, മൈലാഞ്ചി മൊഞ്ച് തുടങ്ങിയ പരിപാടികളിലും അവതാരകയായി നടി എത്തി. തമിഴ് സിനിമയിലാണ് ഗ്ലാമര്‍ വേഷങ്ങളില്‍ അന്‍സിബ അഭിനയിച്ചത്. അതേസമയം ഏഴ് വര്‍ഷത്തിന് ശേഷമാണ് ദൃശ്യത്തിന് രണ്ടാം ഭാഗം എത്തുന്നത്. ദൃശ്യം 2വില്‍ അഞ്ജു ജോര്‍ജ്ജ് എന്ന തന്‌റെ കഥാപാത്രമായി നടി വീണ്ടും എത്തുന്നു. ദൃശ്യത്തിലെ കുടുംബത്തിന്‌റെ ലൊക്കേഷന്‍ ചിത്രമായിരുന്നു മുന്‍പ് ആരാധകര്‍ ഏറ്റെടുത്തത്.


Click it and Unblock the Notifications











