ഒരു രൂപ പോലും വാങ്ങിയിട്ടില്ല, ദുബായില്‍ നിന്നും വന്നത് ഒറ്റക്കെന്ന് ആശ ശരത്ത് ; നടി തന്നെ വേണോയെന്ന് സ്‌നേഹ
സ്‌കൂളില്‍ പഠിക്കുമ്പോള്‍ കലാതിലകമായി, പിന്നീട് മലയാള സിനിമയിലെ സൂപ്പര്‍ നായികമാരായി വളര്‍ന്ന നിരവധി താരസുന്ദരിമാരാണുള്ളത്. മഞ്ജു വാര്യര്‍, കാവ്യ മാധവന്‍, നവ്യ നായര്‍ എന്ന് തുടങ്ങി മുന്‍നിര നടിമാര്‍ എല്ലാം ഇങ്ങനെ സിനിമയിലേക്ക് വന്നവരാണ്. ഇതിനിടെ വിദ്യാഭ്യാസ മന്ത്രി ശിവന്‍കുട്ടി നടിമാര്‍ക്കെതിരെ ഒരു ആരോപണം ഉന്നയിച്ചിരുന്നു. ഇത് വലിയ വിവാദമായി മാറിയിരിക്കുകയാണ്.
സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് സ്വാഗതഗാനം ഒരുക്കാന്‍ പ്രമുഖയായ നടി 5 ലക്ഷം രൂപ ആവശ്യപ്പെട്ടു എന്നാണ് മന്ത്രി ആരോപിച്ചത്. വന്ന വഴി മറക്കരുതെന്നും കുറച്ച് സിനിമയും കാശും ആയപ്പോള്‍ കേരളത്തോട് ആ നടിയ്ക്ക് അഹങ്കാരം ആണെന്നുമാണ് ശിവന്‍കുട്ടി പറഞ്ഞത്. ഇത് വലിയ വിമര്‍ശനങ്ങള്‍ക്ക് കാരണമായിരിക്കുകയാണ്.

പിന്നാലെ പ്രമുഖരായ നടിമാരും പ്രതികരണവുമായി എത്തി. നടി ആശ ശരത്തും സിനിമ ടെലിവിഷന്‍ താരം സ്‌നേഹ ശ്രീകുമാറുമടക്കമുള്ള താരങ്ങള്‍ ഈ വിഷയത്തെ കുറിച്ച് പ്രതികരിച്ചിരിക്കുകയാണ്. കഴിഞ്ഞവര്‍ഷം ആശ ശരത്താണ് സ്‌കൂള്‍ കലോത്സവത്തില്‍ നൃത്തരൂപം ഒരുക്കിയത്. ഇതിനെക്കുറിച്ചാണ് നടി മനോരമ ന്യൂസിന് നല്‍കിയ പ്രതികരണത്തില്‍ തന്റെ അനുഭവം പങ്കുവെച്ചത്.
'കഴിഞ്ഞ തവണ കുട്ടികളുടെ കൂടെ റിഹേഴ്‌സല്‍ നടത്തി പെര്‍ഫോം ചെയ്തിരുന്നു. ദുബായില്‍ നിന്നും സ്വയം ടിക്കറ്റ് എടുത്ത് ഒരു രൂപ പോലും പ്രതിഫലം മേടിക്കാതെയാണ് അന്ന് പെര്‍ഫോം ചെയ്തത്. കലാകാരന്മാരുടെയും കലാകാരികളുടെയും സ്വപ്നവേദിയാണ് കലോത്സവം. വേറെ സന്തോഷത്തോടെയായിരുന്നു അന്ന് ഞാന്‍ അവിടെ എത്തിയത്. പുതുതലമുറയ്ക്ക് ഒപ്പം പ്രവര്‍ത്തിക്കുക എന്നത് മനസ്സിന് സന്തോഷം നല്‍കുന്ന കാര്യമാണ്. പ്രതിഫലം ചോദിച്ചത് ആരാണെന്നോ എന്താണ് സംഭവിച്ചതോന്നോ എനിക്കറിയില്ല.
സ്‌കൂള്‍ കലോത്സവത്തിലേക്ക് ഉള്ള ക്ഷണം ഞാന്‍ സ്വീകരിച്ചത് സന്തോഷത്തോടെയും അഭിമാനത്തോടെയും ആണ്. അതിന് പണം വേണ്ടെന്ന് ഞാന്‍ സ്വയം തീരുമാനിച്ചതുമാണ്. എന്തെങ്കിലും ഡിമാന്‍ഡ്‌സ് ഉണ്ടോ എന്ന് അവര്‍ ചോദിച്ചപ്പോള്‍ ഒന്നുമില്ലെന്നും ഞാന്‍ സ്വയം വന്ന് ചെയ്‌തോളാം എന്നും പറഞ്ഞിരുന്നു.

പ്രതിഫലം വാങ്ങിക്കുക എന്നത് ഓരോരുത്തരുടെയും വ്യക്തിപരമായ കാര്യവും കാഴ്ചപ്പാടുകളുമാണ്. കലോത്സവങ്ങളില്ലാതെ സര്‍ക്കാരിന്റെ മറ്റു പരിപാടികളില്‍ പെര്‍ഫോം ചെയ്യുമ്പോള്‍ കലാകാരന്മാര്‍ക്ക് കൃത്യമായ വേതനം തന്നു തന്നെയാണ് അവര്‍ ക്ഷണിക്കുന്നത്' എന്നും ആശ ശരത് പറയുന്നു.
ഇതേ വിഷയത്തെ കുറിച്ച് നടി സ്‌നേഹയുടെ പ്രതികരണമിങ്ങനെയാണ്... 'സിനിമാ നടി തന്നെ വേണമെന്ന് എന്താ നിര്‍ബന്ധം? നൃത്തകലയില്‍ പ്രഗത്ഭരായ എത്രയോ കലാകാരികള്‍ ഉണ്ട്? യുവജനോത്സവം വഴി തന്നെ വന്നു നൃത്തത്തില്‍ മുഴുവന്‍ സമയം നിന്ന് തെളിയിച്ചവര്‍ ഉണ്ടല്ലോ? അവരെയൊന്നും വേണ്ടാത്തത് എന്താണ്? കേരളത്തിലെ നര്‍ത്തകര്‍ക്ക് അവസരങ്ങള്‍ കൊടുത്തു, മോശമില്ലാത്ത ശമ്പളം അവര്‍ക്ക് കൊടുക്കാന്‍ സര്‍ക്കാര്‍ തീരുമാനിക്കണം...' എന്നാണ് സ്‌നേഹ പങ്കുവെച്ച പോസ്റ്റില്‍ പറയുന്നത്.


Click it and Unblock the Notifications











