ട്വിസ്റ്റുകള്‍ രഹസ്യമാക്കി വെക്കാന്‍ ഞാന്‍ നന്നായി ബുദ്ധിമുട്ടി, ദൃശ്യം 2വിനെ കുറിച്ച് എസ്തര്‍
മോഹന്‍ലാല്‍-ജീത്തു ജോസഫ് കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ദൃശ്യം 2വിന് വേണ്ടിയുളള കാത്തിരിപ്പിലാണ് ആരാധകര്‍. ഏഴ് വര്‍ഷത്തിന് ശേഷമെത്തുന്ന രണ്ടാം ഭാഗത്തിന്റെ ചിത്രീകരണം കഴിഞ്ഞ ദിവസമാണ് പൂര്‍ത്തിയായത്. ദൃശ്യം 2 വിന്റെ ലൊക്കേഷന്‍ ചിത്രങ്ങളെല്ലാം നേരത്തെ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു. ദൃശ്യത്തില്‍ ജോര്‍ജ്ജുകുട്ടിയുടെ ഇളയമകളായി അഭിനയിച്ച താരമാണ് എസ്തര്‍ അനില്‍. ദൃശ്യത്തിന് രണ്ടാം ഭാഗം വരുമ്പോള്‍ വലിയ പെണ്‍കുട്ടിയായി മാറിയിരിക്കുകയാണ് താരം. ദൃശ്യം 2 ചിത്രീകരണത്തിനിടെ താന്‍ നേരിട്ട എറ്റവും വലിയ വെല്ലുവിളി എന്തായിരുന്നുവെന്ന് എസ്തര്‍ പറഞ്ഞിരുന്നു.

സെറ്റില്‍ പ്ലോട്ട് ട്വിസ്റ്റുകള്‍ രഹസ്യമാക്കി വെക്കാന്‍ ഞാന്‍ നന്നായി ബുദ്ധിമുട്ടിയിരുന്നു എന്ന് നടി പറയുന്നു. ജീത്തു അങ്കിളും മോഹന്‍ലാല്‍ അങ്കിളും ഈ കൊച്ച് എല്ലാം നശിപ്പിക്കുമെന്ന് പറയുമായിരുന്നു. തന്നോട് ആരെങ്കിലും രംഗങ്ങളെ കുറിച്ച് ചോദിച്ചാല്‍ താന്‍ മൊത്തം കഥയും പറഞ്ഞുകൊടുക്കുമായിരുന്നു എന്നും എസ്തര്‍ പറയുന്നു. അങ്ങനെയുണ്ടായ ഒരനുഭവവും നടി വെളിപ്പെടുത്തി. ഒരിക്കല്‍ ദൃശ്യം 2 നിര്‍മ്മാതാവിന്റെ മകന്‍ സെറ്റില്‍ വന്നു.
അദ്ദേഹം സ്‌ക്രിപ്റ്റ് വായിച്ചിട്ടില്ലെന്ന് എനിക്കറിയില്ലായിരുന്നു. ഇതല്ലേ നിന്റെ അടുത്ത സീനിന് ശേഷം നടക്കുന്നതെന്ന് എന്നോട് ചോദിച്ചു. അല്ല, അല്ല എന്ന് പറഞ്ഞ് ഞാന്‍ കൂടുതല്‍ കൂടുതല്‍ കാര്യങ്ങള്‍ പറഞ്ഞുകൊടുക്കാന്‍ തുടങ്ങി. അദ്ദേഹം അത്ഭുതപ്പെട്ടു. തുടര്‍ന്ന് നീയൊന്നും പറയാന്‍ പാടില്ലെന്ന് പറഞ്ഞ് ജീത്തു അങ്കിള്‍ ഇടപെടുകയായിരുന്നു. ആദ്യ ഭാഗത്തിന്റെ കഥ ശരിക്കും മനസിലായത് തിയ്യേറ്ററില്‍ പടം കണ്ടപ്പോള്‍ മാത്രമായിരുന്നു എന്നും എന്നാല്‍ ഇത്തവണ മൊത്തം സ്‌ക്രിപ്റ്റും വായിച്ചിട്ടുണ്ടെന്നും എസ്തര്‍ അനില്‍ പറഞ്ഞു.
ഒരു ദുരന്തം അതിജീവിച്ച ശേഷമുളള ജോര്‍ജ്ജുകുട്ടിയുടെയും കുടുംബത്തിന്റെയും പിന്നീടുളള ജീവിതമാണ് രണ്ടാം ഭാഗത്തില്‍ കാണിക്കുന്നത്. മീന, അന്‍സിബ, എസ്തര്‍, സിദ്ധിഖ്, ആശാ ശരത്ത് തുടങ്ങിയവരെല്ലാം വീണ്ടും എത്തുമ്പോള്‍ ഇവര്‍ക്കൊപ്പം ചില പുതിയ താരങ്ങളും രണ്ടാം ഭാഗത്തിലുണ്ട്. ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ തന്നെയാണ് ഇത്തവണയും ചിത്രം നിര്‍മ്മിക്കുന്നത്. തൊടുപുഴ, കൊച്ചി എന്നിവിടങ്ങളാണ് സിനിമയുടെ പ്രധാന ലൊക്കേഷനുകള്‍. വളരെയധികം ഇന്‍ഡ്രസ്റ്റിങ്ങായിട്ടുളള ഒരു സബ്ജക്ട് തന്നെയാണ് ദൃശ്യം 2വിന്റെത് എന്ന് മോഹന്‍ലാല്‍ പറഞ്ഞിരുന്നു.


Click it and Unblock the Notifications