'കാറും ബംഗ്ലാവുമൊക്കെ വേണമെങ്കില്‍ വഴങ്ങണം', കഞ്ഞി കുടിച്ച് ജീവിച്ചാല്‍ മതിയെന്ന് പറഞ്ഞുവെന്ന് കണ്ണൂര്‍ ശ്രീലത
മലയാളത്തില്‍ ചെറിയ കഥാപാത്രങ്ങളില്‍ അഭിനയിച്ചിട്ടാണെങ്കിലും ശ്രദ്ധയായി മാറിയ നടിയാണ് കണ്ണൂര്‍ ശ്രീലത. അമ്മ കഥാപാത്രങ്ങളും സഹോദരി വേഷവുമൊക്കെയാണ് ശ്രീലത കൂടുതലായും ചെയ്തിട്ടുള്ളത്. എന്നാല്‍ പലരുടെയും നിര്‍ബന്ധങ്ങള്‍ക്ക് വഴങ്ങി കൊടുത്തിരുന്നെങ്കില്‍ താന്‍ സൂപ്പര്‍ നടിയായി മാറുമായിരുന്നു എന്ന് പറയുകയാണ് ശ്രീലത ഇപ്പോള്‍.
അവസരം തരാമെന്ന് പറഞ്ഞു പലരും വിളിക്കും. അവരുടെ കൂടെ ചെല്ലാമോ എന്നാണ് ചോദ്യം. അങ്ങനെ പറ്റില്ലെന്ന് പറഞ്ഞതിന്റെ പേരില്‍ എനിക്ക് സിനിമകള്‍ നഷ്ടപ്പെട്ടിട്ടുണ്ടെന്നാണ് മാസ്റ്റര്‍ബിന്‍ യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലൂടെ ശ്രീലത വെളിപ്പെടുത്തുന്നത്.

'മറ്റൊരാള്‍ക്ക് നമ്മുടെ ശരീരത്തില്‍ തൊടണമെങ്കില്‍ നമ്മുടെ സമ്മതം ഉണ്ടാവണം. എന്നിട്ട് മാറിനിന്ന് അയ്യോ എന്നെ കൂട്ടബലസംഗം ചെയ്‌തേ എന്ന് പറയും. അങ്ങനെയല്ലല്ലോ സ്വന്തം ഇഷ്ടപ്രകാരം പോയതല്ലേ. അതും വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇത്തരം തുറന്നു പറച്ചിലുകള്‍ നടക്കുന്നത് അവരുടെ മക്കള്‍ വലിയ ഉയരങ്ങളിലേക്ക് എത്തുമ്പോഴാണ് സ്വന്തം അച്ഛനെയും അമ്മയെയും കുറിച്ചുമൊക്കെ ഇങ്ങനെ ഒരു പരാതി വരുന്നത്. അപ്പോള്‍ ആ കുട്ടികളുടെ ഭാവി എന്താവുമെന്ന് ഈ പറയുന്ന വ്യക്തി ചിന്തിക്കുന്നുണ്ടോ? അവര്‍ക്കും ഇതുപോലെ കുടുംബം ഉണ്ടാവില്ലേ?
ഇതൊക്കെ ഉണ്ടായിട്ടുണ്ടാവാം, ഇല്ലെന്നല്ല ഞാന്‍ പറയുന്നത്. പക്ഷേ പിന്നീട് തുറന്ന് പറഞ്ഞ് വെറുതെ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുകയാണ്. ആരും ബലമായിട്ട് ഒന്നും ചെയ്തിട്ടില്ലല്ലോ. നിങ്ങള്‍ നിങ്ങളുടെ ഇഷ്ടത്തിന് പോയി, അടിമപ്പെട്ടു. അതില്‍ മറ്റുള്ളവര്‍ക്ക് എന്ത് ചെയ്യാന്‍ സാധിക്കുമെന്നാണ് ഉദ്ദേശിക്കുന്നതെന്ന്', ശ്രീലത ചോദിക്കുന്നു.
എന്നോട് വിളിച്ചിട്ട് ഒന്ന് വരാമോ എന്ന് ചോദിച്ചവരുണ്ട്. ഇല്ല സര്‍ വരാന്‍ പറ്റില്ലെന്ന് ഞാനും പറഞ്ഞു. അങ്ങനെയുള്ള സംഭവങ്ങള്‍ പണ്ടും നടക്കാറുണ്ട്. അഡ്ജസ്റ്റ്‌മെന്റുകള്‍ എന്നൊന്നും അന്ന് പറയാറില്ല. ഒന്ന് കൂടെ വരാമോ എന്നാണ് ചോദിക്കുക. അങ്ങനെയാണ് എനിക്ക് വലിയൊരു കഥാപാത്രം നഷ്ടപ്പെട്ടത്. ദേവന്റെ ഭാര്യയായി അഭിനയിക്കാനുള്ള അവസരമായിരുന്നു. അവരുടെ ഇഷ്ടത്തിന് വരാത്തതുകൊണ്ട് എന്നെ ഒഴിവാക്കി. ആ സിനിമ എനിക്ക് നഷ്ടപ്പെട്ടു.

പക്ഷേ അങ്ങനെ സിനിമ നഷ്ടപ്പെട്ടാല്‍ എനിക്ക് കുഴപ്പമില്ല. ഒരാളുടെ ചോദ്യത്തിലും ഭാവത്തിലും അവര്‍ എന്താണ് ഉദ്ദേശിക്കുന്നത് എന്ന് മനസ്സിലാക്കാന്‍ പറ്റും. അങ്ങനെ വേണ്ടെന്ന് പറഞ്ഞ് ഞാന്‍ ഇറങ്ങി വന്ന സംഭവങ്ങളുമുണ്ട്. നാടകത്തിന്റെ ചായങ്ങള്‍ മുഖത്ത് തേച്ചിട്ടുള്ള ആളാണ് ഞാന്‍. എനിക്ക് സിനിമ വേണമെന്ന് നിര്‍ബന്ധമില്ല നാടകമായാലും മതി. അപ്പോള്‍ ചോദിക്കുന്നത് കാര്‍ വേണ്ടേ, ബംഗ്ലാവ് വേണ്ടേ എന്നൊക്കെയാണ്.
സിനിമയില്‍ വഴങ്ങി കൊടുത്തിട്ട് എനിക്ക് കാറും ബംഗ്ലാവുമൊന്നും വേണ്ട. കഞ്ഞി കുടിച്ച് ജീവിച്ചാല്‍ മാത്രം മതി. ഇന്നത്തെ കുട്ടികളുടെ നിലപാടൊന്നും അന്നില്ലായിരുന്നു. ഞാന്‍ നേരെ വാ നേരെ പോ എന്ന രീതിയിലാണ് നിന്നിരുന്നത്. അതുകൊണ്ട് ഒത്തിരി അവസരങ്ങള്‍ നഷ്ടപ്പെട്ടു. അന്ന് വഴങ്ങി കൊടുത്തിരുന്നെങ്കില്‍ ഞാനിന്ന് വലിയൊരു നടിയാകുമായിരുന്നു എന്നും കണ്ണൂര്‍ ശ്രീലത പറയുന്നു.


Click it and Unblock the Notifications











